Review By Manoj Krishna M

“രാക്ഷസീ “

“ആര്യപുത്രാ! ദേവിയും രാക്ഷസിയും ഒന്നല്ലല്ലോ? അവർക്കുതമ്മിൽ ഒരു നിമിഷത്തിന്റെ അകലമെങ്കിലും വേണ്ടേ” 

സ്വാർത്ഥ കാമത്തിന്റെ ഫലമായി സംഭവിച്ച ശാപത്തെയും വാഗ്ദാനത്തെയുമെല്ലാം മനപ്പൂർവ്വം മറവിയിലാക്കി മറ്റൊരു സ്വാർത്ഥ കാമത്തിന്റെ (രാമന്റെ അഭിഷേകം) സാക്ഷാത്കാരം എന്ന കൊടുമുടിയിലേക്കുള്ള അവസാന ചുവടു വയ്ക്കുവാൻ തുടങ്ങുന്ന അവസ്ഥയിൽ നിന്ന് ഇരട്ടി മോഹഭംഗത്തിന്റെ പടുകുഴിയിലേക്ക് ഒരു നിമിഷം കൊണ്ട് തള്ളിയിടപ്പെട്ട  ദശരഥനോട് അതിനു കാരണക്കാരിയായ കൈകേയി പറയുന്ന വാക്കുകളാണിവ. 

ജീവിതാഭിലാഷമായ രാമാഭിഷേകം സംഭവിക്കാൻ പോകുന്നതിന്റെ സകല സന്തോഷവും അനുഭവിച്ചു കൊണ്ടാണ് അഭിഷേകത്തലേന്ന് തന്റെ സ്നേഹഭാജനമായ കൈകേയിയുടെ അന്തപുരത്തിലേക്ക് ദശരഥൻ എത്തുന്നത്. ഒരിക്കലും തന്നെ നിരാശപ്പെടുത്തിയിട്ടില്ലാത്ത മാസ്മര സൗന്ദര്യത്തിന്റെ സ്വർണ്ണ ചെപ്പിനുള്ളിൽ തന്റെ തന്നെ വാഗ്ദാനം ഒരു കരിനാഗമായി തനിക്കു നേരെ പത്തിവിടർത്തി നിൽക്കുകയാണ് എന്ന യാഥാർഥ്യം ദശരഥന്റെ വിദൂര ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല. സന്തോഷാധിക്യത്താൽ നിറഞ്ഞ മനസ്സോടെ നിൽക്കുന്ന ദശരഥനോട് കൈകേയി ആവശ്യപ്പെടുന്ന വരം ദശരഥന്റെ അവസ്ഥയെ കീഴ്മേൽ മറിക്കുകയാണ് ചെയ്യുന്നത്. ” കൗസല്യയുടെ പുത്രൻ പതിനാലു സംവത്സരം കാട്ടിൽ കഴിയണം ” എന്ന കൈകേയീ വാക്യത്തിന് ദശരഥനിൽ നിന്നുണ്ടായ ആദ്യ പ്രതികരണം ഒരൊറ്റവാക്കായിരുന്നു “രാക്ഷസീ “. 

ആദ്യമുണ്ടായ അവിശ്വനീയതയെ തുടർന്നുള്ള നിഷേധവും, പ്രതിരോധവും, അനുനയവും, പ്രലോഭനവും, പ്രാർത്ഥനയും എല്ലാം പരാജയപ്പെട്ട്, നിസ്സഹായതയുടെ പരമകോടിയിൽ നിന്ന് കൊണ്ട് ദശരഥൻ പറയുന്ന വാക്കുകൾ പരാജയത്തെ തൊട്ടുമുന്നിൽ കാണുന്നവന്റെ അസംഭവ്യം എന്നുറപ്പുള്ള പ്രതീക്ഷാ പ്രകടനമാണ്

” നക്ഷത്രഭൂഷണേ രാവേ! നീ പുലരാതിരുന്നെങ്കിൽ “.   

സാകേതം എന്ന നാടകത്തിന്റെ ചുഴികുറ്റി ഈ സന്ദർഭമാണെന്നാണ് എന്റെ വിശ്വാസം, ദശരഥൻ അതിൽ കിടന്നു തിരിയുന്ന ചുഴിയാണിയും.

സാകേതം നാടക സംഗ്രഹം

1965 ലാണ് സി എൻ സാകേതം എന്ന നാടകമെഴുതുന്നത്.  പുത്രകാമേഷ്ടി യാഗം നടത്തി ലഭിച്ച തന്റെ മക്കളുടെ വിവാഹവും കഴിഞ്ഞശേഷം , അവരിൽ മൂത്തയാളായ രാമനെ അയോദ്ധ്യയുടെ യുവരാജാവായി അഭിഷേകം  ചെയ്യാൻ  അച്ഛനായ  ദശരഥൻ തീരുമാനിക്കുന്നിടത്താണ് സാകേതം എന്ന നാടകം ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ വനവാസത്തിനു തിരിച്ച രാമനെ കുറിച്ചോർത്ത് ജീവൻ വെടിയുന്ന ദശരഥനെ  കുറിച്ചുള്ള സൂചനയിലും.

കേവലം മൂന്ന് രംഗങ്ങൾ മാത്രമാണ് സാകേതത്തിനുള്ളത്, എന്നാലവയാകട്ടെ നാടകീയമായ സന്ദർഭങ്ങൾ കൊണ്ടും അവയെ പോഷിപ്പിക്കുന്ന കുറുക്കിയെടുത്ത സംഭാഷണങ്ങൾ കൊണ്ടും ശ്രദ്ധേയവുമാണ്. 

ആയോധ്യയെക്കുറിച്ചും, ദശരഥനെക്കുറിച്ചും അദ്ദേഹത്തിന് ലഭിച്ച ശാപത്തെ കുറിച്ചുമെല്ലാം വിശദമാക്കികൊണ്ടു സൂത്രധാരൻ നടത്തുന്ന ഉപക്രമണത്തോടെയാണ് ആദ്യരംഗം ആരംഭിക്കുന്നത്. അത് പുരോഗമിക്കുന്നതാകട്ടെ അഭിഷേകത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് പരാമർശിച്ചുകൊണ്ട് ദശരഥൻ കൗസല്യയുമായും വസിഷ്ഠനുമായും സുമന്ത്രരുമായും നടത്തുന്ന അഭിഷേകസംബന്ധമായ സംഭാഷണങ്ങളിലൂടെയുമാണ്. തനിക്കേറ്റ ശാപത്തെക്കുറിച്ചുള്ള വസിഷ്ഠന്റെ സൂചനയെ ദശരഥൻ തള്ളിക്കളയുന്നുണ്ടെങ്കിലും, അശുഭചിന്തകൾ ദശരഥന്റെ മനസ്സിൽ അപ്പോൾ തന്നെ ഉണ്ടാകുന്നുമുണ്ട്. രംഗാവസാനത്തിൽ, രാമനെയും ലക്ഷ്മണനെയും കാണുമ്പോൾ ദശരഥൻ ഇത് സൂചിപ്പിക്കുന്നത്   തനിക്കുകിട്ടിയ ശാപത്തെക്കുറിച്ചും തൻ നടത്തുന്ന വാഗ്ദാന ലംഘനത്തെക്കുറിച്ചും ഓർത്തിട്ടു തന്നെയാകും. എങ്കിലും അതെല്ലാം മനപ്പൂർവ്വം ഒതുക്കി സന്തോഷത്തിന്റെ കൊടുമുടി കയറുന്ന ദശരഥനെയാണ് ആദ്യ രംഗത്തിൽ കാണുന്നത്.

രണ്ടാം രംഗം പ്രധാനമായും അഭിഷേക ഭംഗം ചിത്രീകരിക്കുന്നതാണ്. മന്ഥര കൈകേയിയോട് നടത്തുന്ന സംഭാഷണത്തോടെ    തുടങ്ങുന്ന രംഗം, തന്റെ അച്ഛനോട് ചെയ്ത വാഗ്ദാനം ഓർമ്മിപ്പിച്ചുകൊണ്ട് ഭരതന് രാജ്യം ഉറപ്പാക്കുന്ന കൈകേയിയുടെ നിശ്ചയത്തിലൂടെ, ദശരഥന്റെ അശുഭ ചിത യാഥാർഥ്യമാക്കുന്ന സംഭവങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. അഭിഷേക ഭംഗം അറിഞ്ഞു ക്രുദ്ധനായ ലക്ഷ്മണനെ സുമന്ത്രർ തടയുന്നിടത്ത് രണ്ടാം രംഗം അവസാനിക്കുന്നു.

ശ്രീരാമന്റെ വനയാത്രയായും ദശരഥന്റെ മരണവുമാണ് പ്രധാനമായും മൂന്നാം രംഗത്തിൽ. ദശരഥന്റെ മരണത്തിന്റെ സൂചന തരുന്ന സൂത്രധാരൻറെ വാക്യത്തോടെ നാടകം അവസാനിക്കുന്നു.

പ്രചുര പ്രചാരം നേടിയ രാമായണം എന്ന ഇതിഹാസത്തിലെ കേവലം ഒന്ന് രണ്ടു ദിവസം നടക്കുന്ന സംഭവങ്ങളാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. എന്നാൽ നാടകത്തിന്റെ വലുപ്പം അതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങളും സന്ദേശങ്ങളും, അതോടൊപ്പം അവതരണത്തെ സഹായിക്കുന്ന വൈകാരികവും നാടകീയവുമായ സന്ദര്ഭങ്ങളും സംഭാഷണങ്ങളുമാണ്. തുകൊണ്ടു തന്നെ സാകേതത്തിന്റെ കഥയല്ല പ്രധാനമായും പരിഗണിക്കേണ്ടത് എന്ന് സാരം.

സമീപനം

*************

സാകേതം എന്ന നാടകത്തിന്റെ ആമുഖത്തിൽ പ്രശസ്ത സാഹിത്യകാരനായിരുന്ന കെ അയ്യപ്പപ്പണിക്കർ പറയുന്ന ശ്രദ്ധേയമായ ഒരു വാക്യമുണ്ട് ” സാകേതത്തിൽ ദശരഥനു ചുറ്റുമുള്ളവർ ദശരഥന്റെ ദശാംശങ്ങൾ മാത്രമാണ് “. വളരെ ശരിയാണത്, ദശരഥനോളം വലുപ്പവും ആഴവുമുള്ള മറ്റൊരു കഥാപത്രം ആ നാടകത്തിലില്ല.

അതോടൊപ്പം ഒരു ശാപത്തിന്റെയും പാപത്തിന്റെയും വാഗ്ദാന ലംഘനത്തിന്റെയും അനന്തര ഫലങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജന്മങ്ങളുടെ കഥയാണ് സാകേതം എന്ന് വേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. ആ ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചത്‌ ദശരഥൻ എന്ന അയോദ്ധ്യാധിപനാണ് എന്നതും സത്യം. അവയുടെ കാരണക്കാരനും അദ്ദേഹം തന്നെ. അങ്ങനെ കർത്താവും കർമ്മവും ഏറെക്കുറെ ദശരഥൻ തന്നെയാവുകയാണ് സാകേതത്തിൽ.   അതുകൊണ്ടുതന്നെ ദശരഥന്റെ ഉള്ളറിഞ്ഞാൽ സാകേതത്തെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്; ദശരഥനിലൂടെ സാകേതത്തെ സമീപിക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്.

ദശരഥൻ

***********

ആരായിരുന്നു ദശരഥൻ എന്ന സാമാന്യ വിവരണത്തിലേക്കു പോകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, രാമായണത്തെ കുറിച്ച് അൽപ്പമെങ്കിലും അറിഞ്ഞിട്ടുള്ളവർക്കു ദശരഥൻ അന്യനല്ലല്ലോ. എന്നാൽ “സാകേത” ത്തിലെ ദശരഥനെ കുറച്ച് വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്

ദശരഥൻ ചെയ്ത പാപം, ദശരഥന് കിട്ടിയ ശാപം, ദശരഥൻ നൽകിയ വാഗ്ദാനം

****************************************************************************************************************** 

സാകേതത്തിലെ ദശരഥനെ വിശകലനം ചെയ്യാൻ തുനിയുമ്പോൾ മൂന്നു കാര്യങ്ങൾ നമ്മൾ മനസ്സിൽ കുറിച്ചിടണം. ഒന്ന് ദശരഥൻ ചെയ്ത ഒരു പാപവും, രണ്ട് ദശരഥന് കിട്ടിയ ശാപവും മൂന്നാമതായി ദശരഥൻ നൽകിയ ഒരു വാഗ്ദാനവുമാണവ.  ഇവയ്ക്കു കാരണമായതാകട്ടെ മനുഷ്യന്റെ ധർമ്മബോധത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്ന സ്വാർത്ഥ കാമമാണ്, അതായത് തനിക്കിഷ്ടമുള്ളതിനോടുള്ള അടക്കാനാകാത്ത ആഗ്രഹം. 

ദശരഥന്റെ പാപവും ദശരഥന് കിട്ടിയ ശാപവും

******************************************************************* 

നായാട്ടിൽ ഭ്രമമുള്ള ദശരഥൻ ഒരിക്കൽ മൃഗങ്ങളെ വേട്ടയാടാൻ വനത്തിലേക്ക് പോയി. ആനയെന്നു തെറ്റിദ്ധരിച്ച് അദ്ദേഹമയച്ച അസ്ത്രം കൊന്നൊടുക്കിയതോ അന്ധരായ വൃദ്ധദമ്പതികൾക്കു ഏക ആശ്രയമായ അവരുടെ മകനെയും. മകന്റെ മരണവിവരമറിഞ്ഞ വൃദ്ധ ദമ്പതികൾ “പുത്ര ദുഖത്താൽ നീയും മരിക്കും” എന്ന ശാപവും നൽകി. അറിയാതെയെങ്കിലും അദ്ദേഹം ചെയ്ത ഈ പാപമാണ് അല്ലെങ്കിൽ അതിന്റെ ഫലമായി ലഭിച്ച് ശാപമാണ്, ഒടുവിൽ മക്കളെ ചൊല്ലി വിലപിച്ച് അവരെ കാണാനാകാതെ ഹൃദയം പൊട്ടി ദശരഥൻ മരിക്കാനുള്ള കാരണം.  

ഒരുപടി കൂടി പുറകോട്ടു പോകാം. എന്താണീ പാപത്തിനു കാരണമായത് എന്ന് അന്വേഷിക്കുമ്പോൾ അത് ദശരഥന്റെ ഒരുതരത്തിലുള്ള സ്വാർത്ഥ കാമമാണ് എന്ന് പറയേണ്ടി വരും. തനിക്കിഷ്ടമുള്ള വിനോദത്തോടുള്ള, നായാട്ടിനോടുള്ള ആഗ്രഹം, അത് കാമത്തിന്റെ പൂരണമാണ്. തന്റെ സുഖത്തിനും വിനോദത്തിനും വേണ്ടി മുൻപിൻ നോക്കാതെ എടുത്തുചാടുകയാണല്ലോ ലക്ഷ്യത്തിലുള്ള വസ്തുവേതെന്നു പോലും മനസ്സിലാക്കാൻ മിനക്കെടാതെ മഹാരാജാവ്.  അദ്ദേഹത്തിന്റെ വിനോദം ഒരു കുടുംബത്തെ തന്നെ അനാഥമാക്കുകയാണ്. ആ പാപം അനുഭവിച്ചു  തന്നെ തീരണം . കെ അയ്യപ്പപ്പണിക്കർ കുറിക്കുന്നത് പോലെ ശാപത്തിന്റെ ഫലം അനുഭവിച്ചു തീരുമ്പോളാണ് അതിനു നിദാനമായ പാപത്തിൽ നിന്ന് മോചനം ലഭിക്കുന്നത്. അവസാന രംഗത്തിൽ ദശരഥൻ അനുഭവിച്ചു തീർക്കുന്നതും അതാണ്. 

ദശരഥന്റെ വാഗ്ദാനം

*******************************

ദേവലോകത്ത് യുദ്ധത്തിനുപോയപ്പോൾ രഥം കാത്ത് രക്ഷിച്ചതിനു ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ നൽകി എന്നും അവയാണ് അഭിഷേക ഭംഗത്തിനും രാമന്റെ വനയാത്രയ്ക്കുമായി കൈകേയി ഉപയോഗിക്കുന്നത് എന്നുമാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ സാകേതം എന്ന നാടകത്തിൽ സുന്ദരിയായ കൈകേയിയെ വിവാഹം ചെയ്തുകൊടുക്കനായി കൈകേയിയുടെ അച്ഛനായ അശ്വപതി തന്റെ മകളുടെ മക്കൾക്ക്‌ രാജ്യത്തെ നല്കണം എന്ന വ്യവസ്ഥ മുന്നോട്ടു വെച്ചു എന്നും രാജാവ് അങ്ങനെയൊരു വാഗ്ദാനം നൽകി എന്നുമാണ് പറയുന്നത്. 

മുകളിൽ പറഞ്ഞ രാജ്യ ശുൽക്ക വാഗ്ദാനത്തിന്റെ പാലനമാണ് കൈകേയി അഭിഷേകത്തിന്റെ തലേദിവസം ആവശ്യപ്പെട്ടത്. അലൗകികതയെയും അഭൗമികതയെയും പൊതുവെ ഉപേക്ഷിക്കുന്ന നാടകകൃത്ത് ദേവലോകത്ത് യുദ്ധത്തിനുപോയതു പോലെയുള്ള ഒരു സംഭവത്തെ നിരാകരിച്ചു മറ്റൊരു കഥയിലേക്ക്‌ നീങ്ങുന്നത് സ്വാഭാവികമെന്നാണ് എനിക്കും തോന്നുന്നത്. ഏതായാലും കൈകേയിക്ക് നൽകിയ വാഗ്ദാനമാണ് ദശരഥന്റെ മരണത്തിനു കാരണമായ ദുഃഖം വരുത്തിയത് എന്നും പറയാം.

ഇവിടെയും ധർമ്മ ചിന്തയെ പുറകിലോട്ടു മാറ്റിനിർത്തി സ്വാർത്ഥ കാമമാണ് രാജ്യത്തിന്റെ ഭാവിയെ പോലും ബാധിക്കാൻ സാധ്യതയുള്ള രാജ്യ ശുൽക്ക വാഗ്ദാനം നൽകി കൈകേയിയെ സ്വന്തമാക്കാൻ മഹാരാജാവിനെ പ്രേരിപ്പിക്കുന്നത്. അത് രാജ്യത്തോട് ചെയ്യുന്ന പാപമാണ്. അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുകയും ചെയ്യുന്നു.  കൈകേയിയുടെ വശ്യ സൗന്ദരം സ്വന്തമാക്കണമെന്ന ദശരഥന്റെ ആഗ്രഹം ഒടുവിൽ അദ്ദേഹത്തിന് പരമ യാതന സമ്മാനിക്കുന്നു എന്നതല്ലേ സത്യം.

ദശരഥൻ എന്ന പ്രതിനിധി

***********************************

സ്വാർത്ഥ കാമത്തിന്റെ ദുരന്തഫലമനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ പ്രതിനിധിയാണ് ദശരഥൻ എന്നാണ്  എന്റെ തോന്നൽ. മനുഷ്യന്റെ കാമവും , അതവനെ കൊണ്ട് ചെയ്യിക്കുന്ന പാപങ്ങളും ആ പാപങ്ങൾ സമ്മാനിക്കുന്ന ശാപങ്ങളും ആ ശാപങ്ങളുടെ ഫലവുമാണ് സാകേതം എന്ന നാടകം വരച്ചിടുന്നത് എന്നും തോന്നാറുണ്ട്.  

ദശരഥന്റെ പ്രവേശ അവസരം മുതൽ അവസാനരംഗത്തിലെ അവസാന ഭാഗം വരെ തനിക്കു ലഭിച്ച ശാപത്തിന്റെ ഓർമ്മയിലും ആ ശാപത്തിനു കാരണമായ പാപത്തിന്റെ, (അന്ധ ദമ്പതികളുടെ ആശ്രയമായിരുന്ന യുവാവിനെ അമ്പെയ്തു കൊന്ന പാപം) ഓർമ്മയിലും തന്നെയാണ് അദ്ദേഹം. അതുണ്ടാക്കുന്ന ആന്തരിക ഭയത്തിന്റെയും ആത്മ സംഘർഷത്തിന്റെയും ചൂടിൽ നീറുന്ന മനസ്സിനുടമയാണ് ദശരഥൻ എന്ന മഹാരാജാവ്. ഒപ്പം ആ പാപ ഫലമായ ശാപത്തിന്റെ നിഴൽ തന്നിൽ വീഴാതിരിക്കാൻ വ്യഥാ വ്യായാമം ചെയ്യുകയാണ് അദ്ദേഹം.  

ഒരു പാപത്തിന്റെ ഫലത്തെ മറ്റൊരു പാപം കൊണ്ട് മറയ്ക്കാൻ നോക്കുന്ന നിസ്സഹായനായ മനുഷ്യനെയാണ് സാകേതത്തിലെ ദശരഥൻ തുടക്കത്തിൽ പ്രതിനിധീകരിക്കുന്നത്. അതിനദ്ദേഹം ഭരതനും ശത്രുഘ്‌നനും അയോധ്യയിൽ ഇല്ലാത്ത സമയം തന്നെ തിരഞ്ഞെടുത്ത് തന്റെ ആത്മഹിതം (രാമനെ രാജാവാക്കുക) നടപ്പാക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നു. എന്നാൽ അപ്പോഴും തന്റെ ന്യായീകരണങ്ങളിലെയും ബോധപൂർവ്വമായ മറവിയുടെയും വ്യർത്ഥത അദ്ദേഹം തിരിച്ചറിയുന്നുണ്ട്. തന്റെ നിയന്ത്രണങ്ങൾക്കുമപ്പുറം നിൽക്കുന്ന വിധിയുടെ പ്രവർത്തികളെ പ്രതീക്ഷിക്കുന്നുമുണ്ട്. ഒരു വലിയ സത്യമായി അതൊക്കെ അദ്ദേഹത്തിലേക്കു ചെന്നുപറ്റുമ്പോൾ, ആദ്യം നടത്തിയ നിരാകരണത്തിന്റെ ചെറുത്തു നിൽപ്പുകൾ മാറ്റിവെച്ച് യാഥാർഥ്യത്തിന്റെ ബോധമണ്ഡലത്തിലേക്കു അദ്ദേഹം മെല്ലെ ഇറങ്ങി വരുന്നുണ്ട്.

മൂന്നാം രംഗത്തിന്റെ അവസാനഭാഗമാകുമ്പോഴേക്കും പാപത്തെ കുറിച്ചോർത്ത് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും ശാപത്തിന്റെ ഫലത്തെ ഒരു യാഥാർഥ്യമായി അംഗീകരിക്കുകയും ചെയ്യുന്ന ദശരഥനെയാണ് നമ്മൾ കാണുന്നത്. ദശരഥന്റെ ഈ പരിവർത്തനത്തിലൂടെ സാകേതം നോക്കിക്കാണാം 

രംഗം 1

നേരത്തെ സൂചിപ്പിച്ചതു പോലെ തന്റെ പാപ പ്രവർത്തിയെയും അതിന്റെഫലമായി കിട്ടിയ ശാപത്തെയും നിരാകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു ദശരഥനെയാണ് ആദ്യരംഗത്തിലെ ആദ്യഭാഗത്ത് കാണാൻ കഴിയുന്നത്. അതോടൊപ്പം തന്റെ വാഗ്ദാനത്തെ പോലും സ്വന്തം ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി മറക്കാൻ തയ്യാറാകുന്ന തികച്ചും സ്വാർത്ഥനായ ഒരു പച്ച മനുഷ്യൻ. അതിനദ്ദേഹാം തിരഞ്ഞെടുക്കുന്ന സമയം വളരെ ശ്രദ്ധിക്കേണ്ടതാണ്. കൈകേയിയുടെ അച്ഛന് നൽകിയ വാഗ്ദാനം പാലിക്കപെട്ടാൽ രാജാവാകേണ്ട ഭരതൻ അയോധ്യയിൽ ഇല്ലാത്ത സമയമാണ് ദശരഥൻ രാമാഭിഷേകത്തിനായി തിരഞ്ഞെടുക്കുന്നത്. ശാപഫലത്തെ പ്രത്യക്ഷത്തിൽ നിരാകരിക്കുമ്പോഴും മനസ്സിന്റെ ഉള്ളിൽ താൻ ചെയ്ത പാപത്തെ കുറിച്ചും അതിന്റെ അനന്തരഫലമായ ശാപത്തെ കുറിച്ചുമുള്ള ഭയം ദശരഥന് കലശലായുണ്ട്. തന്റെ വാഗ്ദാനം ഓർത്തെടുത്ത് ഭരതൻ ഒരു അവകാശമുന്നയിക്കുമോ എന്നദ്ദേഹത്തെ ഭയപ്പെട്ടിരിക്കണം. പുത്രന്മാർ തമ്മിലുള്ള വഴക്കായി അത് മാറി “പുത്ര ദുഖത്താൽ നീയും മരിക്കും” എന്ന ശാപം ഫലവത്താകുമോ എന്നും അദ്ദേഹം ഭയക്കുന്നു. തികച്ചും സ്വാർത്ഥമായ ആഗ്രഹങ്ങളാണ് തന്നെ ഈ ശാപത്തിലും വാഗ്ദാനത്തിലും കൊണ്ടെത്തിച്ചച്ചതെന്ന കുറ്റബോധവും മനസ്സിൽ പേറുന്ന ഒരു കഥാപാത്രമാണ് ഈ ഭാഗത്ത് ദശരഥൻ. അഭിഷേക വിവരമറിഞ്ഞു വരുന്ന രാമനോട് അദ്ദേഹം പറയുന്ന വാക്യങ്ങൾ ഉദാഹരണം ” നീ വിനീതനാണ് എങ്കിലും ഏറെ വിനയം നന്ന്, കാമക്രോധങ്ങൾ കൈവിട്ടു ജിതേന്ദ്രീയൻ എന്ന് അഭിമാനിക്കുവാൻ ശീലിക്കണം. സ്വന്തം മനസ്സിനെ കീഴടക്കുക , സാമ്രാജ്യങ്ങൾ സ്വയം  കീഴടങ്ങും ” ഒരു പക്ഷെ ആത്മ വിമർശനത്തിൽ ഊന്നി നിന്നുള്ള ഒരു വാക്യമായി ഇതിനെ കാണാം. സ്വാർത്ഥകാമം തന്നെയെങ്ങിനെയാണ് ഒരു പതനത്തിൽ കൊണ്ടെത്തിച്ചതെന്ന ബോധമാകാം മകനെ അതിൽനിന്ന് അകന്നുനിൽക്കാൻ അദ്ദേഹത്തെ കൊണ്ട് ഉപദേശിപ്പിക്കുന്നത്. 

എല്ലാ ശാപഫലങ്ങളും അതിജീവിച്ചു രാമാഭിഷേകം സാധ്യമാക്കിയതിന്റെ ഉണർവ്വിൽ നിൽക്കുമ്പോഴും അനിഷ്ടമായത് സംഭവിക്കും എന്ന ഭയപ്പെടുത്തുന്ന ഓർമ്മ അദ്ദേഹത്തിൽ തികട്ടി വരുന്നതും നമുക്കിവിടെ കാണാം.  വസിഷ്ഠനുമായുള്ള സംഭാഷണത്തിൽ, ആനന്ദാതിരേകത്താൽ നായാട്ടിനു പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ദശരഥൻ “ചിലപ്പോൾ ആപത്തിലും പെടും “എന്ന മുനിവാക്യം കേട്ടയുടനെ ശൂദ്രമുനിയുടെ ശാപത്തെ കുറിച്ചോർക്കുന്നുണ്ട്.” ആ ശാപം എന്നേ കലഹരണപ്പെട്ടു? “എന്ന് പറയുമ്പോഴും സദാ അതിനെക്കുറിച്ച് ജാഗരൂകനും ഭയപ്പെടുന്നവനുമാണ് അദ്ദേഹം എന്നതാണ് യാഥാർഥ്യം.

എന്ന് മാത്രമല്ല തുടർന്ന് “നിമിത്തങ്ങൾ ഒന്നും ശുഭമല്ല. മഹാവിഷ്‌ണോ! ഒരു പാവവും നാം ചെയ്തിട്ടില്ല “എന്ന ആതമസാന്ത്വനവും അദ്ദേഹം നടത്തുന്നുണ്ട്. തന്നെ സന്ദർശിച്ച് മടങ്ങുന്ന രാമനോട് “ഭരതൻ സാധുവൃത്തൻ, ധർമ്മിഷ്ഠൻ, നമുക്ക് അവൻ പ്രിയങ്കരൻ. എങ്കിലും മനുഷ്യന്റെ മനം സ്ഥിരമല്ലല്ലോ. രാത്രിയിൽ …” തുടർന്ന് രാമന് രാത്രിയിൽ ഉത്തമ സുഹൃത്തുക്കൾ കാവൽ നിൽക്കണം എന്ന് കൂടി അദ്ദേഹം ഉപദേശിക്കുമ്പോൾ, ദശരഥന്റെ അപ്പോഴത്തെ മാനസികാവസ്ഥ കൃത്യമായി നാടകകൃത്ത് വരച്ചിടുകയാണ് .

താൻ അറിഞ്ഞു കൊണ്ടൊരു പാപവും ചെയ്തില്ല, മുനി അറിയാതെ ശപിച്ചതാണ് എന്ന് സ്വയം ആശ്വസിക്കുമ്പോഴും രാജ്യശുക്കത്തിന് അവകാശമുള്ള ഭരതനെ അദ്ദേഹം ഭയക്കുന്നു. ശാപം പുത്രർ തമ്മിലുള്ള സ്പർദ്ധയുടെ രൂപത്തിൽ തന്നിൽ പതിക്കുമോ എന്ന് ശങ്കിക്കുന്നു. എങ്കിലും ആത്മഹിതം, സ്വാർത്ഥ ചിന്ത എന്നിവയാൽ നയിക്കപ്പെടുന്ന മനസ്സിനുടമയാണ് ഈ രംഗത്തിൽ ദശരഥൻ.

ഒന്നാം രംഗത്തിൽ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കൗസല്യയുടെ മനോവ്യാപാരങ്ങൾ. കൈകേയിക്ക് വാഗ്ദാനം ചെയ്യപ്പെട്ട രാജ്യ ശുൽക്കത്തെക്കുറിച്ച് തികഞ്ഞ ബധവതിയായിരിക്കുമ്പോഴും, ദശരഥനോടുള്ള സംസാരത്തിൽ ധർമ്മ പക്ഷത്ത് നിന്ന് ചിന്തിച്ചു കൊണ്ട് ഈ രാജ്യശുൽക്ക വാഗ്ദാനത്തെ കുറിച്ച് അദ്ദേഹത്തെ ഓർമ്മിപ്പിക്കാനോ അതിനു പ്രേരിപ്പിക്കാനോ കൗസല്യ മുതിരുന്നില്ല. പകരം ഈ വാഗ്ദാനം തന്റെ മകന്റെ സ്ഥാനലബ്ധിക്കു വിഘാതമാകുമോ എന്ന ഭയം മൂലം കുലഗുരുവായ വസിഷ്ഠനോടാണ് കൗസല്യ ഇക്കാര്യം ചോദിക്കുന്നത്.  കൗസല്യയുടെ ചോദ്യങ്ങളെല്ലാം ഒരമ്മയുടെ സ്വാർത്ഥ താൽപര്യങ്ങളിൽ നിന്നും ഉയരുന്നവയാണ്. അവിടെയും സ്വാർത്ഥകാമമാണ് മുന്നിട്ടു നിൽക്കുന്നത്.

വസിഷ്ഠനിലേക്കു നോക്കിയാൽ, ധർമ്മവും രാജനീതിയും  ഉപദേശിക്കേണ്ട കുലഗുരു തൊടുന്യായങ്ങൾ പറഞ്ഞു ദശരഥന്റെയും കൗസല്യയുടെയും സ്വാർത്ഥതയ്ക്കു കൂട്ട് നിൽക്കുകയാണ് .  ” ശുൽക്കം ശപഥമല്ലേ, ശപഥം ലംഘിച്ചു കൂടാത്ത സത്യവുമല്ലേ ?”  എന്ന് വസിധ്ട്ടനോട് ചോദിക്കുന്ന കൗസല്യയ്ക്ക് അദ്ദേഹത്തെ കൊടുക്കുന്ന മറുപടി ” സ്വീകർത്താവിനു വേണ്ടെങ്കിൽ ദാതാവ് എങ്ങിനെ സത്യം പാലിക്കും ” എന്നാണ്. കൈകേയിയുടെ മകന് വാഗ്ദാനം ചെയ്യപ്പെട്ട രാജ്യം മറ്റൊരാൾക്ക് കൊടുക്കും മുൻപ് ഒരിക്കൽ പോലും അവരോടു ദശരഥൻ അതേപ്പറ്റി സംസാരിക്കുന്നു പോലുമില്ല. വസിഷ്ഠൻ അതിനു പ്രേരിപ്പിക്കുന്നുമില്ല. പകരം സ്വീകർത്താവ് അറിഞ്ഞു ചോദിച്ചില്ലല്ലോ എന്ന തൊടുന്യായമാണ് മുന്നിൽ വയ്ക്കുന്നത്.  ആര്യബോധത്തിനോട് കൂടുതൽ ചേർന്ന് നിൽക്കുന്ന രാമനാകട്ടെ രാജാവ് എന്ന സ്വാർത്ഥചിന്തയ്ക്കു വശവദനായി എന്നാണു എന്റെ അഭിപ്രായം. കാഞ്ചനസീതയിൽ പൊതുവിലും വസിഷ്ടനോടു പ്രത്യേകിച്ചും ഭരതൻ നടത്തുന്ന സംഭാഷണങ്ങൾ കൂടി ഓർമിച്ചാണ് ഞാനീ അഭിപ്രായത്തിൽ എത്തിയത് .

രംഗം 2

ഉള്ളിൽ നേരിയ ശങ്കകളുണ്ടെങ്കിലും തന്റെ ആഗ്രഹം സാധിതപ്രായമായി എന്ന് ഉറച്ചിരിക്കുന്ന ദശരഥനാണ് ഈ രംഗത്തിനാദ്യം കൈകേയിയുടെ അന്തപുരത്തിലേക്കു പ്രവേശിക്കുന്നത്. എന്നാൽ മന്ഥരയുടെ ഉപദേശത്തിൽ വീണിരിക്കുന്ന കൈകേയിയുടെ ആവശ്യത്തിനു മുന്നിൽ ഞൊടിയിട  കൊണ്ട് തകർന്നുപോകുന്ന ദശരഥനാണ് അടുത്ത നിമിഷം സൃഷ്ടിക്കപെടുന്നത് . കൈകേയിയുടെ സൗന്ദര്യത്തിൽ മുഗ്ദ്ധനായി, രാജ്യം കൈകേയിയുടെ മക്കൾക്ക്‌ നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ദശരഥൻ വിവാഹം കഴിച്ചത് .  “അർത്ഥിച്ചാൽ നൽകുമോ ” എന്ന കൈകേയിയുടെ ചോദ്യത്തിന് ” നമ്മുടെ സമസ്തവും നൽകും ” എന്ന മറുപടിപറയുമ്പോൾ രാമന് വനവാസം എന്ന ആവശ്യമാകും കൈകേയി മുന്നോട്ടു വയ്ക്കുക എന്ന് ദശരഥൻ ഓർത്തിട്ടുണ്ടാകില്ല . നിരാകരണത്തിന്റെ ആത്‌മവിശ്വാസത്തിൽ നിന്ന് യാഥാർഥ്യത്തിന്റെ നിരാശയിലേക്ക് വീഴുന്ന ദശരഥനെയാണ് ഈ രംഗത്ത് നമുക്ക് കാണാനാവുക. “നീ ശുൽക്കം ചോദിക്കുമെന്ന് ഞാൻ കരുതിയില്ല “എന്നാണ് അദ്ദേഹം കൈകേയിയോട് പറയുന്നത് .

തനിക്കു കിട്ടിയ വാഗ്ദാനത്തെ തന്റെ സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്ന കൈകേയി രാമനെ രാജാവാക്കുക എന്ന ദശരഥന്റെയും കൗസല്യയുടെയും , വസിഷ്ഠന്റെ തന്നെയും  സ്വാർത്ഥകാമത്തെയാണ് ഇവിടെ തകർത്തു കളയുന്നത് .

ആദ്യം ചില ചെറുത്തു നിൽപ്പുകൾക്കു ശ്രമിച്ചെങ്കിലും വളരെപ്പെട്ടെന്നു തന്നെ യാചനയുടെ തലത്തിലേക്ക് നിസ്സഹായനും ദുർബ്ബലനുമായി ദശരഥൻ . ഒരു പക്ഷെ സ്വയം കെട്ടിപ്പൊക്കിയ  ആത്‌മവിശ്വാസത്തിന്റെ സ്വാഭാവികമായ തകർച്ച അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകാം. “മഹാവിഷ്‌ണോ ! എല്ലാ വഴിയും അടഞ്ഞ ഈ വനമദ്ധ്യത്തിൽ നാം എങ്ങിനെയെത്തി “എന്ന ചോദ്യം ആ നിസ്സഹായതയെയാണ് സൂചിപ്പിക്കുന്നത് . പാപവും ശാപവും തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന യാഥാർഥ്യത്തിന്റെ അംഗീകരിക്കലാണ് “നക്ഷത്ര ഭൂഷണേ ! രാവേ ! നീ പുലരാതിരുന്നെങ്കിൽ ” എന്ന ശൂന്യ പ്രതീക്ഷ . മറ്റൊന്നും ചെയ്യാനില്ലാത്തവന്റെ വെറും കിനാവ് .

ഈ രംഗത്തിന്റെ അവസാനത്തിൽ താൻ ചെയ്ത പാപത്തെ കുറിച്ചുള്ള പശ്ചാത്തപത്തിലേക്ക് നീങ്ങുന്ന ദശരഥനെയും നമുക്ക് കാണാം . “യുദ്ധം എന്നും ഇല്ലാത്തതിനാൽ എപ്പോഴും നാം മൃഗയാ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു . ഒടുവിൽ … ”  ശാപത്തിനു കാരണമായ തന്റെ പ്രവർത്തിയിൽ ആദ്യമായി പശ്ചാത്തപിക്കുന്ന ദശരഥൻ .

ഈ രംഗത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന മറ്റൊരു കഥാപാത്രം സുമന്ത്രരാണ്. രാമാഭിഷേകം മുടങ്ങിയതിന്റെ നിരാശയും വിഷമവും കൃത്യമായി പ്രകടിപ്പിക്കുമ്പോഴും , അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ കടക്കാതെയാണ് സുമന്ത്രർ അവതരിപ്പിക്കപ്പെടുന്നത് . കൈകേയിയോട് കൃത്യമായ മറുപടികൾ പറയുകയും ഈർഷ്യ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം . ഒരുവേള കൈകേയിയുടെ അമ്മയുടെ വിധി അദ്ദേഹം അവരോടു തന്നെ പറയുന്നുമുണ്ട് . അതേസമയം തന്നെ ദശരഥനെ  വെല്ലുവിളിക്കുന്ന ലക്ഷ്മണനോട് വാളൂരി എതിർത്തു നിൽക്കുന്ന സുമന്ത്രർ തന്റെ സ്ഥാനം മനസ്സിലാക്കി , കൃത്യമായ കർത്തവ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന   മന്ത്രിയുടെ നല്ല ഉദാഹരണമാണ്. 

തന്റെ ലക്ഷ്യങ്ങൾ അകന്നുപോകുന്നത് കണ്ടു നിരാശയിലേക്കും അതിനപ്പുറം യാഥാർഥ്യത്തിലേക്കും തിരികയെത്തുന്ന ദശരഥൻ ഈ രംഗത്തിന്റെ അവസാനത്തോടെ നമ്മുടെ മുന്നി പ്രത്യക്ഷനായി തുടങ്ങുന്നു .

രംഗം 3

പശ്ച്ചാത്താപമാണ് ഈ രംഗത്തിൽ ദശരഥന്റെ സ്ഥായി . തന്റെ ചെയ്തികളിൽ പശ്ചാത്തപിക്കുകയും അതേറ്റുപറയുകയും ചെയ്യുന്ന ദശരഥൻ . ആദ്യ രംഗത്തിൽ നിരാകരിച്ച പ്രവർത്തികളെ സ്വയം ഏറ്റെടുത്ത് പശ്ചാത്തപിക്കാൻ അദ്ദേഹം ഇവിടെ തയ്യാറാകുന്നു . പശ്ചാത്താപമാണ് പാപത്തിന്റെ പ്രതിവിധി എന്ന സത്യമാണ് ദശരഥൻ മനസ്സിലാക്കുന്നത് . സാകേതം എന്ന നാടകത്തിനെഴുതിയ ആമുഖത്തിൽ ശ്രീ കെ അയ്യപ്പപണിക്കരും സവിസ്തരം ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട് .  എന്ന് മാത്രമല്ല അനേകം അവസരങ്ങളിൽ രാമനോടും ലക്ഷ്മണനോടും തന്നെ തുറുങ്കിലടച്ചിട്ടു രാജ്യം കൈവശപ്പെടുത്താനും ദശരഥൻ ഉപദേശിക്കുന്നുണ്ട്, ഈ സാഹചര്യങ്ങളെല്ലാം തന്റെ കർമ്മഫലം കൊണ്ടുണ്ടായതാണെന്ന തിരിച്ചറിവും അതംഗീകരിക്കാനുള്ള മാനസികാവസ്ഥയും ദശരഥൻ ഈ സമയത്തേക്ക് ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നും കാണാം .

ഒരവസരത്തിൽ “ഈ മുഹൂർത്തത്തിലെങ്കിലും നാം അന്തരാത്മാവിനോട് നീതിപുലർത്തിക്കൊള്ളട്ടെ “എന്ന് ദശരഥൻ പറയുന്നുണ്ട്. ഇതുവരെ മനസ്സിൽ നിറഞ്ഞിരുന്ന കാപട്യം തനിയെ അഴിഞ്ഞു പോകുന്നതിന്റെ പ്രതിഫലനായി നമുക്കിതിനെ കാണാൻ കഴിയും. അതിന്റെ തുടർച്ചയായി വേണം കാട്ടു മൃഗങ്ങളെക്കുറിച്ചുള്ള പരമർശങ്ങളും വിലയിരുത്താൻ. ഒരിടത്ത് സീതയോടായി പറയുന്നത് ശ്രദ്ധിക്കൂ ” കാട്ടുമൃഗങ്ങളെ കൊല്ലാൻ ഉണ്ണികൾക്കു കൗതുകം തോന്നും . നീ ഒരിക്കലും അതനുവദിക്കരുത് “. തന്റെ മൃഗയ വിനോദ താല്പര്യമാണ് തന്റെയും അതുവഴി മറ്റുള്ളവരുടെയും ദുഖത്തിന് കാരണം എന്ന പശ്ചാത്താപമാണ് ദശരഥനെ ഭരിക്കുന്നത്. മറ്റൊരവസരത്തിൽ പറയുന്നത് കൂടുതൽ ശ്രദ്ധേയമാണ് “നാം കൊന്നൊടുക്കിയ കാട്ടുമൃഗങ്ങളുടെ സന്തതികളാണ് ഉണ്ണികൾക്കു ഇന്ന് അന്തിക്കൂട്ട് ” “മനുഷ്യൻ എല്ലാം മറക്കും, ഒടുവിൽ ഒരു മാരകമായ പതനത്തിന്റെ മയക്കത്തിൽ എല്ലാ പാഠങ്ങളും ഓർമ്മ വരും “

ഒടുവിൽ പശ്ചാത്തപത്തിന്റെ മൂർദ്ധന്യത്തിൽ താൻ കാരണം കൊല്ലപ്പെട്ട മുനികുമാരന്റെ കഥ പറഞ്ഞുകൊണ്ട് ദശരഥൻ സ്വയം ആ വൃദ്ധ ദമ്പതികളുടെ അവസ്ഥയിലേക്ക് കയറിപോകുന്നു. “കണ്ണില്ലാത്തതു കൊണ്ട് എല്ലാം കാണാം  ” എന്ന് പറഞ്ഞു മരണത്തിലേക്ക് നടക്കുന്ന ദശരഥനെയാണ് നമ്മൾ നാടകത്തിന്റെ അന്ത്യത്തിൽ കാണുന്നത് .

പാപത്തിന്റെ ഫലം അനുഭവിച്ചു കഴിഞ്ഞു ശാപമോക്ഷവും, സാക്ഷാൽ മോക്ഷവും ദശരഥൻ തേടിയെത്തുന്ന കാഴ്ച, സ്വാർത്ഥകാമം എങ്ങിനെയാണ് നിസ്വാർത്ഥ ചിന്തകളിലേക്ക് എത്തിപ്പെടുന്നത് എന്നതിന്റെ നല്ല ഉദാഹരണം  കൂടിയാണ് .

ഉപസംഹാരം

അങ്ങനെ നിരാകരണത്തിന്റെ ആത്മവിശ്വാസത്തിൽ നിന്ന് യാഥാർഥ്യത്തിന്റെ നിരാശയിലേക്കു വഴുതിവീഴുന്ന ഒരു കഥപാത്രമാണ് ദശരഥൻ എന്ന് പറയാം . അതോടൊപ്പം പാപത്തെക്കുറിച്ചുള്ള തിരിച്ചറിവും അതിനെത്തുടർന്നുള്ള പശ്ചാത്താപവും മനുഷ്യനെ എങ്ങിനെ പാകപ്പെടുത്തുന്നു എന്നതും സാകേതത്തിലെ ദശരഥനെ മനസ്സിലാക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യമാണ് .

Back To Top