മനോജ് കൃഷ്ണ

മന്ത്രേടത്ത് നമ്പൂതിരി (1851 -1906 ) രചിച്ച സുഭദ്രാഹരണം ഭാഗവതം ദശമസ്കന്ദത്തെയും മഹാഭാരതം ആദിപർവ്വത്തെയും അധികരിച്ച് എഴുതപ്പെട്ടതാണ്. 

ഒരിക്കൽ ബ്രാഹ്മണരുടെ അഭ്യർത്ഥന പ്രകാരം ഗോസംരക്ഷണത്തിനായി അർജ്ജുനനു ഗാണ്ഡീവം ആവശ്യമായി വരുകയും അങ്ങനെ ഗാണ്ഡീവം എടുക്കാനായി ധർമ്മപുത്രരും ദ്രൗപദിയും വസിക്കുന്ന ഗൃഹത്തിൽ നിയമം  ലംഘിച്ച് പ്രവേശിക്കേണ്ടതായും വന്നു. നിയമം  ലംഘിക്കുന്നവർ  ഒരു വർഷം തീർത്ഥാടനം ചെയ്യണം എന്ന  വ്യവസ്ഥ അനുസരിച്ച് അർജ്ജുനൻ തീർത്ഥാടനത്തിനായി പുറപ്പെട്ടു. ഹിമവൽ സാനുക്കളിലും നൈമിഷികാരണ്യം   മുതലായ പുണ്യ സ്ഥലങ്ങളുമെല്ലാം സന്ദർശിച്ച അർജ്ജുനൻ ഇതിനിടയിൽ , ഉലൂപി, ചിത്രാംഗദ എന്നിവരെ വിവാഹം ചെയ്യുകയും ചെയ്തു. അവരോടൊത്ത് അൽപ്പകാലം കഴിഞ്ഞശേഷം തീർത്ഥാടനം തുടർന്ന അദ്ദേഹം  ദ്വാരകയ്ക്ക്  സമീപമുള്ള ‘പ്രഭാസ’ മെന്ന പുണ്യതീർത്ഥത്തിൽ എത്തി . അതറിഞ്ഞു  ശ്രീകൃഷ്ണൻ അർജ്ജുനനെ കൂട്ടിക്കൊണ്ട് പോയി രൈവതകപർവ്വതത്തിൽ താമസിപ്പിച്ചു. അവിടെ നടന്ന യാദവമഹോത്സവത്തിനിടയിൽ വെച്ച് അർജ്ജുനൻ സുഭദ്രയെ കാണുകയും സുഭദ്രയിൽ ആഗ്രഹം ജനിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ശ്രീകൃഷ്ണൻ, സഹോദരിയെ കടത്തി കൊണ്ട് പോയി സ്വന്തമാക്കിക്കൊള്ളാൻ അനുവാദം നൽകി.

അതനുസരിച്ച് അർജ്ജുനൻ ഒരു സന്ന്യാസി വേഷം കൈക്കൊണ്ട്, സുഭദ്രയെ മനസ്സിൽ വരിച്ച്, ഒരു  പാറപ്പുറത്ത് ധ്യാനനിരതനായി കഴിച്ചുകൂട്ടി. സന്ന്യാസിയെ കണ്ടു  കൗതുകം പൂണ്ട ബലരാമൻ, അദ്ദേഹത്തെ ദ്വാരകയിലേക്കു  കൂട്ടിക്കൊണ്ട് പോയി, അതോടൊപ്പം  സന്ന്യാസിയെ ശുശ്രൂഷിക്കാനായി  സുഭദ്രയെ നിയമിക്കുകയും ചെയ്തു.

ആ സമയം ഭഗവാൻ ശ്രീകൃഷ്ണൻ ഒരു അന്തർദ്വീപോത്സവം സംഘടിപ്പിയ്ക്കുകയും ബലരാമനെയും  മറ്റും അവിടേയ്ക്കു അയയ്ക്കുകയും ചെയ്തു. അർജ്ജുനനു സുഭദ്രയെ സ്വന്തമാക്കാനുള്ള  അവസരം ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു ശ്രീകൃഷ്ണന്റെ ഉദ്ദേശം. അങ്ങനെ കഴിയുന്ന  അർജ്ജുനനും സുഭദ്രയും പരസ്പ്പരം അനുരക്തരാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു . ഇതാണ് കഥാ  പശ്ചാത്തലം.

അർജ്ജുനന്റെ  മനസ്ഥിതി മനസ്സിലാക്കിയ പിതാവായ ഇന്ദ്രൻ ഇന്ദ്രാണിയോടും, ദേവ,ദേവർഷി , അപ്സരസ്സാദികളോടുമൊപ്പം  അർജ്ജുനന്റെ വിവാഹം നടത്തികൊടുക്കാനായി  ദ്വാരകയിലേക്കു പുറപ്പെട്ടു . അതേസമയം ശ്രീകൃഷ്ണനും ഈ ഉദ്യമത്തിനായി ഉത്സാഹിക്കുവാൻ തുടങ്ങി . അർജ്ജുനന്റെ  പിതാവായ ഇന്ദ്രനും സുഭദ്രയുടെ പിതാവായ വാസുദേവരും ആലോചിച്ചു വിവാഹത്തിനുള്ള ഉത്തമ മുഹൂർത്തം കണ്ടെത്തി അതിനായി ഒരുങ്ങി . ഈ  രംഗങ്ങൾ അട്ടകഥയുടെ ആദ്യഭാഗത്തുണ്ടെങ്കിലും അരങ്ങിൽ പതിവില്ല . ഈ ഭാഗത്ത് വരുന്ന  ” മാനിനിമാരടികൂപ്പും .. ” എന്ന ശ്രീകൃഷ്‌ണന്റെ പദം വളരെ അപൂർവ്വമായെങ്കിലും  അരങ്ങത്ത് അവതരിപ്പിക്കാറുണ്ട് . കുട്ടിത്തരം വേഷങ്ങളുടെ പരിശീലനത്തിനു കളരിയിൽ ഈ പദം വളരെ ശ്രദ്ധയോടെ ഇപ്പോഴും ചൊല്ലിയാടിക്കാറുണ്ട് . കഥകളിയുടെ സാങ്കേതികത നിറഞ്ഞുനിൽക്കുന്ന ഒരു പദമാണ് , പക്ഷെ അരങ്ങിൽ പതിവില്ല .

 ഈ ഭാഗത്തിന് ശേഷം വരുന്ന അർജ്ജുന -സുഭദ്ര വിവാഹം  മുതലുള്ള മൂന്നു രംഗങ്ങളാണ് സുഭദ്രാഹരണം കഥകളിയുടെ പൂർവ്വഭാഗം അവതരിപ്പിക്കുമ്പോൾ ഉൾപ്പെടുത്താറുള്ളത് . ഉത്തരഭാഗമായി കണക്കാക്കുന്നത് അന്തർദ്വീപിൽ നിന്നു മടങ്ങുമ്പോൾ സുഭദ്രാഹരണ കഥ ബാലഭദ്രർ അറിയുന്നതും കോപാകുലനായി ശ്രീകൃഷ്ണനോട് കയർക്കുന്നതും , ഒടുവിൽ ശ്രീകൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിക്കുന്നതുമായ രംഗമാണ് .

പൂർവ്വഭാഗത്തിന്റെ ഒരു രംഗവിവരണം താഴെ ചേർക്കുന്നു .

രംഗം 7  : മാലയിടീൽ ( സുഭദ്രാ -അർജ്ജുന വിവാഹം )

കഥകളിയിലെ ഏറ്റവും ദൃശ്യ മനോഹരമായ രംഗങ്ങളിലൊന്നാണ് “മാലയിടീൽ” എന്നറിയപ്പെടുന്ന സുഭദ്രാഹരണത്തിലെ വിവാഹരംഗം .മറ്റൊന്ന് തീർച്ചയായും ശ്രീരാമ പട്ടാഭിഷേകത്തിലെ പട്ടാഭിഷേക രംഗവും. പട്ടാഭിഷേക രംഗത്തിനു മാറ്റ് കൂട്ടുന്നത് വേഷ ബാഹുല്യവും വേഷ വൈവിദ്ധ്യവും അതോടൊപ്പം ഓരോ പ്രേക്ഷകനും മനസ്സിൽ സൂക്ഷിക്കുന്ന ശ്രീരാമപട്ടാഭിഷേകത്തിന്റെ വൈകാരികമായ ഒരു തലവും കൂടിയാണ് . സുഭദ്രാഹരണം മാലയിടീൽ രംഗത്തിലും വേഷങ്ങളുടെയും നിറങ്ങളുടെയും ആലവട്ടം മേക്കട്ടി എന്നിവയുടെയുമെല്ലാം ദൃശ്യപ്പൊലിമ ശ്രദ്ധേയമാകുമ്പോൾ തന്നെ ഏതാണ്ട് ഇരുപതു മിനിറ്റിനടുത്ത് നീണ്ടുനിൽക്കുന്ന ചിട്ട  പ്രധാനമായ അവതരണത്തിന്റെ സൗന്ദര്യം കൂടി ആ രംഗത്തെ അനിർവചനീയമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട് .

ദൃശ്യ പ്പൊലിമയുടെയും ത്രിപുട താളത്തിന്റെ  വിവിധ കാലങ്ങളിൽ തീർക്കപെടുന്ന മംഗള മേളത്തിന്റെ പ്രത്യേകതയുടെയും അഭൗമ തലം മാറ്റിനിർത്തിയാലും  കഥകളിക്കു പൊതുവെയും , ഈ രംഗത്തിനു പ്രത്യേകിച്ചുമുള്ള രണ്ടു പ്രത്യേകതകൾ കൂടി സൂചിപ്പിച്ചുകൊണ്ടു രംഗവിവരണത്തിലേക്കു കടക്കാം

1 . Symmetry : കഥകളിയിൽ മിക്കതിനും symmetry ഉണ്ട് . അതൊരു വേഷത്തെ മുകളിൽ നിന്ന് താഴത്തേക്ക് രണ്ടായി പകുത്താലും ,  ചലനങ്ങൾ ആയാലും ഒക്കെ symmetry കാണാൻ കഴിയും . ഇവിടെ  ഒരു പ്രത്യേകത രംഗത്തിന്റെ സംവിധാനത്തിലും ആ symmetry ഏറെക്കുറെ ഉണ്ടെന്നുള്ളതാണ് . വലതും ഇടതും ഓരോ വേഷങ്ങളോട് കൂടി . അതിലേറെ അർജ്ജുനന്റെ പ്രവൃത്തിയിൽ ആകെ symmetry ആണ് . വലതു ഭാഗത്തേക്കു തിരിഞ്ഞു എന്തൊക്കെ ചെയ്യുന്നുവോ അതേപടി ഇടതു ഭാഗത്തും അതെ ക്രിയകൾ ആവർത്തിക്കുന്നു . കുമ്പിടൽ അടക്കം എല്ലാം രണ്ടുഭാഗത്തേക്കും ചെയ്യാൻ വേണ്ടികൂടിയാകണം ഒരു വശത്ത് കൃഷ്ണനെയും മറുവശത്ത് ഇന്ദ്രനെയും ഇരുത്തിയത് . ( മാന്യ സ്ഥാന സങ്കല്പം അനുസരിച്ചാണെങ്കിൽ രണ്ടുപേരും വലതുവശത്താണ് ഇരിക്കേണ്ടത് ). നമ്മുടെ ആചാര്യന്മാർ എത്ര ശ്രദ്ധാലുക്കളായിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ .

2 . ഒരിക്കൽ വിദേശിയായ  ഒരു കലാസ്വാദകൻ പറഞ്ഞ ഒരു കാര്യം ഇവിടെ വളരെ പ്രസക്തമാവുകയാണ് . നിങ്ങളുടെ ക്ലാസ്സിക്കൽ കലകളിൽ വാചികമോ ആംഗികമോ ആയ അഭിനയത്തിനുമപ്പുറം ഒരു വാക്കോ മുദ്രയോ ഇല്ലാതെ വലിയ അനുഭവം തീർക്കുന്ന സങ്കേതങ്ങളുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം . അത് ശരി വയ്ക്കുന്ന ഒരു രംഗമാണ് സുഭദ്രാഹരണത്തിലെ മലയിടീൽ .  “ഗുണവതി സുമുഹൂർത്തേ ” എന്ന ശ്ലോകം കഴിഞ്ഞു തിരശീല മാറ്റിയാൽ അടുത്ത 20 -25 മിനിറ്റ് കഴിഞ്ഞു തിരശീല പിടിക്കും വരെ ഒരു പദം പാടുകയോ ഏതെങ്കിലുമൊരു കഥാപാത്രം ഒരു മുദ്ര കാണിക്കുകയോ ചെയ്യുന്നില്ല . പക്ഷെ മനോഹരമായ ഒരു വിവാഹം അടക്കം വലിയ അനുഭവവും അതോടൊപ്പം ആശയപ്രകാശനവുമെല്ലാം  നടക്കുന്നുണ്ട് താനും . അതെങ്ങിനെ എന്ന് പറഞ്ഞറിയിക്കാനാവില്ല കണ്ടു തന്നെ അനുഭവിക്കണം .

ഇനി രംഗപാഠത്തിലേക്ക്

“ഗുണവതി സുമുഹൂർത്തേ..” എന്ന ശ്ലോകത്തോടെയാണ് എട്ടാം രംഗം ആരംഭിക്കുന്നത് . “ഇന്ദളം ” എന്ന കേരളീയ രാഗമാണ് ഈ ശ്ലോകത്തിന്  ഉപയോഗിക്കുന്നത് .  തിരശ്ശീല താഴ്ത്തുമ്പോൾ രംഗത്തിന്റെ വലതു ഭാഗത്ത് ശ്രീകൃഷ്ണനും ഇടതുഭാഗത്ത് ദേവേന്ദ്രനും പീഠത്തിലിരിക്കുന്നു . വിളക്കിനു നേരെ പുറകിൽ  ഇടംകൈകൊണ്ടു  വില്ലുകുത്തിപിടിച്ച് വലതുകൈയിലെ അമ്പു ഇടംകൈയുടെ മണികണ്ഠത്തിന് മുകളിലൂടെ മറുപുറത്തേക്കിട്ടു അർജുനൻ സന്തോഷവാനായി കാൽപരത്തി താണു  നില്കുന്നു . അർജ്ജുനന്റെ ഇടതുഭാഗത്ത് കൈയിൽ വരണമാല്യവുമായി സുഭദ്ര ലജ്ജയോടെ  നിൽക്കുന്നു.

ഈ രംഗം മുഴുവൻ മേക്കട്ടിയും അര്ജ്ജുനന് ആലവട്ടവും ഉണ്ടായിരിക്കണം. മംഗള കർമ്മം നടക്കുന്നതിനാൽ ചെണ്ടയുടെ വലംതലയാണ് ഈ രംഗത്ത് മുഴുവൻ ഉപയോഗിക്കുന്നത് ( ചെണ്ടയുടെ ഇടംതല അസുരവും , വലംതല ദേവ ഭാവവുമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ) ഒപ്പം മദ്ദളവും, ആവശ്യത്തിന് ശംഖും .

തിരശീല താഴ്ത്തി കഴിഞ്ഞാൽ സുഭദ്ര ലജ്ജയോടെ വരണമാല്യം അർജുനന്റെ കഴുത്തിൽ അണിയിക്കുന്നു . അർജ്ജുനൻ ലജ്ജയും രോമാഞ്ചവും ഭാവിച്ചു നിൽക്കുന്നു . മാലയിടൽ കഴിഞ്ഞാൽ മേളം ത്രിപുട ഒന്നാം കാലത്തിലേക്ക് മാറുന്നു . ഇനി ഈ രംഗം കഴിയുന്നതിനു തൊട്ടു മുൻപ് വരെ താളം ത്രിപുടയാണ് ( പക്ഷെ ഘട്ടം ഘട്ടമായി കാലം കയറി പോകും ).

അർജ്ജുനൻ മെല്ലെ സുഭദ്രയെ കടക്കണ്ണു കൊണ്ട് നോക്കിയ ശേഷം കഴുത്തിളക്കി ലജ്ജ നടിക്കുന്നു . ഇങ്ങനെ മൂന്നു പ്രാവശ്യം നോക്കുന്നതാണ് ചിട്ട. രണ്ടാമത്തെ നോക്കിൽ ലജ്ജയോടൊപ്പം കാമവും നടിക്കണം.  ശേഷം വില്ലും അമ്പും ഇടംകയ്യിലേക്കു മാറ്റിയശേഷം വലം കൈകൊണ്ടു സുഭദ്രയുടെ ഇടം കൈ ഗ്രഹിച്ച് മെല്ലെ സ്വന്തം മാറോടു ചേർക്കുന്നു . പിന്നീട് അൽപ്പനേരം ഇടതുവശത്ത് നിൽക്കുന്ന സുഭദ്രയുടെ മുഖത്തേക്കു നോക്കി സുഖ ദൃഷ്ടിയിൽ നിന്ന ശേഷം മെല്ല കൈ വിടുന്നു . വില്ലും അമ്പും പഴയ പോലെ പിടിച്ച് ഇടതുഭാഗത്ത് മുകളിലേക്ക് നോക്കി വിവാഹം കാണാൻ വിണ്ണിൽ നിറഞ്ഞിരിക്കുന്ന പ്രൗഢ സദസ്സിനെ കാണുന്നതായി ഭാവിച്ച് ഇടത്ത് നിന്ന് വലതുഭാഗത്തേക്കു തുടർച്ചയായി ഒരുപോലെ നോക്കുന്നു . നോട്ടം വലതുഭാഗത്തെത്തി ശ്രീകൃഷ്ണനെ കാണുന്നു. വിനയവും ഭക്തിയും നടിച്ച് കുമ്പിട്ടു ഭഗവാന്റെ അടുത്തെത്തി നിൽക്കുന്നു . താൻ ചെയ്ത അപരാധമോർത്ത് ലജ്ജിച്ചു ജാള്യതയോടെ നിന്ന ശേഷം വീണ്ടും രംഗമദ്ധ്യ ത്തിൽ എത്തി പഴയപോലെ വില്ലുകുത്തിപിടിച്ചു നിന്ന് നേരത്തെ നോക്കിയത് പോലെ മുകളിലേക്ക് നോക്കി വലതു നിന്ന് ഇടത്തേക്ക് വിണ്ണിൽ നിൽക്കുന്നവരെ കാണുന്നു . ഇടതു വശത്ത് നോട്ടമെത്തുമ്പോൾ ഇന്ദ്രനെ   കാണുന്നു . ശ്രീകൃഷ്ണന്റെ അടുക്കൽ  ചെയ്ത ക്രിയകൾ ഇവിടെയും ആവർത്തിക്കുന്നു .

ശേഷം വീണ്ടും മുകളിലേക്ക് നോക്കി പുഷ്പവൃഷ്ടി നടത്തുന്ന ദേവഗണങ്ങളെ അത്ഭുതത്തോടെ വെവ്വേറേ കാണുന്നു . ഇവിടെ മുതൽ ത്രിപുട രണ്ടാം കാലം . ഇടം വലം വശങ്ങളിൽ നോക്കി കണ്ട ശേഷം നേരെ മുന്നോട്ടെത്തി അവരെ കുമ്പിട്ടു പഴയ പടി നിൽക്കുന്നു . ഏകതാളത്തിലേക്കു മേളം മാറുന്നതോടൊപ്പം തിരശീല ഉയർത്തുന്നു. മാലയിടീൽ രംഗം അവസാനിക്കുന്നു .

ചിലതൊന്നും പറഞ്ഞോ എഴുതിയോ മനസ്സിലാക്കാനാവില്ല അനുഭവിച്ചു തന്നെ അറിയണം മാല യിടീൽ രംഗം അങ്ങനെ ഒന്നാണ് .

രംഗം 8  : ശ്രീകൃഷ്ണ സന്നിധി

അരങ്ങത്ത് : ശ്രീകൃഷ്ണൻ, അർജ്ജുനൻ

വിവാഹശേഷം അർജ്ജുനൻ തന്റെ സുഹൃത്തും വഴികാട്ടിയുമായ ഭഗവാൻ ശ്രീകൃഷ്ണനെ കാണുന്നതാണ് ഈ രംഗം. ശ്രീകൃഷ്ണന്റെ അറിവോടെയെങ്കിലും താൻ ചെയ്ത കപടത ഓർത്തുള്ള ജാള്യവും, ക്ഷമാപണവുമെല്ലാം നമുക്കീ രംഗത്ത് കാണാം . അതേസമയം ശ്രീകൃഷ്ണൻ അതൊന്നും അത്ര കാര്യമായെടുക്കുന്നുമില്ല. നേരത്തെ പറഞ്ഞല്ലോ , ബാലഭദ്രരേയും മറ്റും ദ്വീപിലേക്ക്‌ ഉത്സവത്തിനയച്ചിരിക്കുന്ന സന്ദർഭത്തിലാണ് ഈ വിവാഹം ദ്വാരകയിൽ നടക്കുന്നത്.  അതിനാൽ തന്നെ ഉത്സവം കഴിയും മുൻപ് സുഭദ്രയേയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കു പോകണമെന്നും പോകുമ്പോൾ  എതിർക്കുന്ന യാദവ സൈന്യത്തെ വീരർക്കു യോജിക്കും വിധം യുദ്ധം ചെയ്തു തോൽപ്പിച്ച് വേണം പോകാനെന്നും ശ്രീകൃഷ്ണൻ ഉപദേശിക്കുന്നുണ്ട് . അതേസമയം ഭടന്മാർക്കോ മൃഗങ്ങൾക്കോ അപായമൊന്നും വരുത്തരുതെന്നും അർജ്ജുനനൊടു കൃഷ്ണൻ പറയുന്നു . ആ ആജ്ഞ കേട്ട് അർജ്ജുനൻ നിഷ്ക്രമിക്കുന്നതോടെ ഈ രംഗം അവസാനിക്കുന്നു .

രംഗപാഠത്തിലേക്കു കടക്കും മുൻപ് ഒരു കാര്യം പറയേണമെന്നു തോന്നുന്നു . വളരെ ആസൂത്രിതമായാണ് ശ്രീകൃഷ്ണൻ ഈ വിവാഹം നടത്തുന്നത് എന്ന് നമ്മൾക്കറിയാം . ബാലഭദ്രരെ അകലേക്കയച്ചിട്ടാണ് എല്ലാം ചെയ്യുന്നത് . എന്നാൽ അതിനുമപ്പുറം വിവാഹശേഷം ബാലഭദ്രർക്കുണ്ടാകാവുന്ന എതിർപ്പിനെ എങ്ങിനെ മറികടക്കണം എന്ന ചിന്തയും അദ്ദേഹം ആദ്യമേ നടത്തുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ.

അതിനൊരു ഉദാഹരണമാണ് ഗോപ്യമായി  സുഭദ്രയേയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കു പോകുന്നതിനു പകരം കൊട്ടാരം കാവൽക്കരെയും വിപൃഥു എന്ന സൈന്യാധിപനെയും തോൽപ്പിച്ചു വേണം പോകാൻ എന്ന നിർദ്ദേശം . ഗോപ്യമായി കൊണ്ടുപോകുന്നത് ചതിയാണെങ്കിൽ കന്യകയെ യുദ്ധംചെയ്തു നേടുന്നത് വീരത്വമാണ് . അതിനാലാണ് അർജ്ജുനന്റെ വീരത്വം compromise ചെയ്യാതെ ഒരു ഏറ്റുമുട്ടലിനൊടുവിൽ ഭടന്മാരെ ജയിച്ചു കന്യകയെ കൊണ്ടുപോകാനുള്ള പദ്ധതി . ബലഭദ്രൻ-കൃഷ്ണന്റെ ഭാഗത്ത് ജ്യേഷ്ഠനെ തണുപ്പിക്കാൻ പറയുന്ന ഒരു കാര്യം ഇതാണ് , കാപട്യം കാണിച്ച് ചതിയിലൂടെ ഒളിച്ചു കടത്തിയല്ല നമ്മുടെ സഹോദരിയെ അർജ്ജുനൻ കൊണ്ടുപോയത് , വീരനെപോലെ നേരിട്ട് നിന്ന് യുദ്ധം ചെയ്തു സൈന്യത്തെ തോൽപ്പിച്ചിട്ടാണ് എന്ന് . ക്ഷത്രീയന് അനുവദനീയമായ വിവാഹ രീതിയാണത് . അതോടൊപ്പം പറയുന്ന ഒരു കാര്യം ആരെയും അപായപ്പെടുത്തരുത് എന്ന് , സ്വന്തം ഭടന്മാരെയും മറ്റും അപായപ്പെടുത്തി എന്ന് വന്നാൽ അത് ബാലഭദ്രർ ക്ഷമിക്കുകയില്ല എന്നും കൃഷ്ണനറിയാം . സഹോദരി ഭർത്താവ് വീരനാണ് , വീരന് ചേർന്ന രീതിയിലാണ് സഹോദരിയെ വിവാഹം ചെയ്തത് എന്ന് പറയുമ്പോഴും , അതിനിടയിൽ നമ്മുടെ സൈന്യത്തെ നശിപ്പിച്ചു എന്ന provocation ഇല്ലാതെ കാര്യം സാധിക്കുകയും ചെയ്യുന്നു .

രംഗപാഠം

‘നാകാധിപേ തദനു ..” എന്ന ശ്ലോകം കഴിഞ്ഞു തിരശ്ശീല മാറ്റുമ്പോൾ, വലതു വശത്ത് ( മാന്യ സ്ഥാനത്ത് ) ശ്രീകൃഷ്ണൻ ഇരിക്കുന്നു , ഇടതു വശത്ത് പുറകിൽ നിന്ന് വലതു കയ്യിൽ അമ്പും ഇടതു കയ്യിൽ വില്ലും പിടിച്ച് അർജുനൻ പ്രവേശിക്കുന്നു . കിട തക ധീം താം എന്ന ഒരു മേള പദ്ധതിയാണ് ഇവിടെ പ്രവേശത്തിന് അടിസ്ഥാനമാക്കിയിട്ടുള്ളത് . പൊതുവെ ഉദ്ധതരല്ലാത്ത കഥാപാത്രങ്ങൾക്കെല്ലാം ഈ രീതിയാണ് കാണുക . പദങ്ങളിലും ആട്ടങ്ങളിലും ഒരു വൃത്തം പോലെ repeat ചെയ്യുന്ന താളവട്ടങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ നിന്ന് വിഭിന്നമായി ഒരിടത്ത് തുടങ്ങി കൃത്യമായി മറ്റൊരിടത്ത് അവസാനിക്കുന്ന ഒരു രേഖീയ താള പദ്ധതിയാണ് കിട തക ധീം താം എന്ന് പൊതുവെ പറയാം . അങ്ങനെ അഞ്ചു തരം  കിട തക ധീം താം കഥകളിയിൽ ഉപയോഗിക്കാറുണ്ട് . വളരെ പതിഞ്ഞ കാലം തുടങ്ങി ദ്രുതമാകുന്നവ വരെ . പ്രവേശ രീതികളെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ ഏറെയുണ്ട് . മറ്റൊരു അവസരത്തിൽ നമുക്കതു ചർച്ച ചെയ്യാം .

എത്ര കിട തക ധീം താം ഉപയോഗിക്കണം എന്നത് പ്രവേശ സമയത്ത് എന്തൊക്കെ convey ചെയ്യാനുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കുക . സാധാരണ ഒരെണ്ണമാണ് ഉപയോഗിക്കുക , പതിഞ്ഞ പദങ്ങളിൽ ഏറെ slow ആയതും നീണ്ടു നിൽക്കുന്നതുമായ പതിഞ്ഞ കിട തക ധീം താം ഒരെണ്ണമാകും ഉപയോഗിക്കുക . എന്നാൽ സന്താനഗോപാലത്തിലെ  ബ്രാഹ്മണന്റെ കാര്യം എടുത്താൽ പ്രവേശിക്കുമ്പോൾ തനിക്ക് വന്ന വിഷമങ്ങൾ എല്ലാം convey ചെയ്യേണ്ടതിനാൽ അഞ്ചു കിട തക ധീം താം ആണ് ഉപയോഗിക്കുന്നത് . അതുപോലെ കാലകേയവധത്തിലെ “ജനകതവ ദർശനാൽ ..” എന്ന പദത്തിന് മുൻപ് ദേവേന്ദ്രന്റെ സഭയിലേക്കു പ്രവേശിക്കുകയും , അത് കാണുകയും , ദേവർഷികളെയും , ദേവന്മാരെയുമെല്ലാം അഭിവാദ്യം ചെയ്യുകയും ഒക്കെ വേണ്ടതിനാൽ അവിടെ മൂന്നു കിട തക ധീം താം ആണ് നിർദേശിച്ചിട്ടുള്ളത് . അത് പോലെ കൃഷ്ണനെ കാണുന്ന സന്തോഷം , തൻ ചെയ്ത കപടതയെ കുറിച്ചുള്ള വിചാരം , കുമ്പിടൽ എല്ലാമുള്ളതു കൊണ്ട് അഞ്ചു കിട തക ധീം താം കൊണ്ടാണ് അർജ്ജുനന്റെ പ്രവേശം. ആദ്യത്തേത് ഒരു പതിഞ്ഞ കിട തക ധീം താം ആണ് താനും .ഓരോന്നിലും എന്തുചെയ്യുന്നു എന്നത് കളിയോടൊപ്പമുള്ള display യിൽ വിവരിക്കാം .

അങ്ങനെ പ്രവേശിക്കുന്ന അർജുനൻ കുമ്പിട്ടു മാറി നിന്നാൽ കൃഷ്ണന്റെ പദം ” കേട്ടാലും വചനം സഖേ ..” കാര്യമായ   സവിഷേതകളൊന്നും  ഈ പദത്തിലില്ല . തന്റെ സുഹൃത്തായ അര്ജ്ജുനന് സിദ്ധിച്ച ഭാഗ്യത്തെ  കുറിച്ചുള്ള ചില വാചകങ്ങളാണ് ശ്രീകൃഷ്ണൻ ഇവിടെ പറയുന്നത് . നിന്റെ ഭാഗ്യം തെളിഞ്ഞു. സുഖമായി വിവാഹം കഴിഞ്ഞു. നിന്റെ അച്ഛനായ  ദേവേന്ദ്രനും ദേവസ്ത്രീകളും ദേവഋഷികളും എല്ലാവരും വന്നല്ലോ. ഇതുപോലെ ദേവന്മാർ കൂട്ടമായി ഇങ്ങനെ ഭൂമിയിൽ മുൻപ് വന്നിട്ടുണ്ടോ ? ആശ്ചര്യം!  നിന്റെ ഭാഗ്യം അതിശയകരം തന്നെ .  പദത്തിന്റെ അർത്ഥം .  സാധാരണ കലാശങ്ങൾ മാത്രമാണ് ഈ പദത്തിലുള്ളത് എന്നാൽ കുട്ടിത്തരത്തിനുള്ള ചൊല്ലിയാട്ട ചിട്ടകൾ എല്ലാം പാലിക്കേണ്ടതായുണ്ട്.

ഇതിനു മറുപടിയായി അർജ്ജുനന്റെ പ്രസിദ്ധമായ ” കഷ്ടം ഞാൻ കപടം കൊണ്ടു ..” എന്ന അടന്ത പതിഞ്ഞ കാലത്തിലുള്ള പദമാണ് . താൻ ചെയ്ത കപടതയെകുറിച്ചുള്ള വിചാരത്തോടു കൂടിയാണ് ഈ പദം ആരംഭിക്കുന്നത് . ഞാന്‍ ചതി പ്രവർത്തിച്ച്  സന്ന്യാസിയായി ചമഞ്ഞത് കഷ്ടമായി പോയി. ഇതുകൊണ്ടുള്ള പാപം ഏറെയാണ് . എന്ന് മാത്രമല്ല അങ്ങ് എന്റെ കാൽക്കൽ വീണു നമസ്കരിച്ചതൊക്കെ ഓർക്കുമ്പോൾ ഞെട്ടൽ വരുന്നു ( സന്ന്യാസി ആയി കൊട്ടാരത്തിൽ വരുമ്പോൾ രാജാക്കൻ മാർ അവരെ നമസ്കരിക്കണമല്ലോ , അപ്രകാരം ശ്രീകൃഷ്ണനും അർജ്ജുനനെ നമസ്കരിക്കുക ഉണ്ടായിട്ടുണ്ട് ). അതെല്ലാം എന്റെ അല്പത്വമാണ് ഭഗവാനെ . നിന്റെ കൃപയുണ്ടെങ്കിൽ ഒട്ടും സങ്കടമുണ്ടാകുകയില്ല ? ബ്രഹ്മദേവനാലും വന്ദിക്കപ്പെടുന്നവനേ, ദേവഋഷിമാരാല്‍ പരിസേവിതനായവനേ, ഞാന്‍ നിന്റെ ഭൃത്യനാണ്.

ഇത്രയുമാണ് അർജ്ജുനന്റെ പദത്തിന്റെ സാരം . പദം കഴിഞ്ഞാൽ  ഒരു കലശം മാത്രമേ ഉള്ളു . ഈ പദത്തിൽ ശ്രദ്ധിക്കേണ്ടതായുള്ളതു ആദ്യഭാഗത്തുള്ള നാല് മുദ്രകളുടെ പ്രയോഗമാണ് ” കഷ്ടം ”   “ഒട്ടല്ലാ ” “പെട്ടെന്ന് ” “ഞെട്ടുന്നു ” എന്നിവ വാക്കിനൊപ്പം മുദ്രവെച്ച് പോകുന്ന രീതി ശ്രദ്ധേയമാണ് .

ഇതിനു മറുപടിയായി ശ്രീ കൃഷ്ണന്റെ ഒരു ചെറിയ പദ ഭാഗമുണ്ട് . അല്ലയോ അർജ്ജുന , ദ്വീപിലെ ഉത്സവം അവസാനിക്കുന്ന സമയമെടുക്കുമ്പോൾ സുഭദ്രയുടെ നീ ഇന്ദ്രപ്രസ്ഥത്തിലേക്കു നീ പോകണം . യാദവ യോദ്ധാക്കൾ തടുത്താല്‍ നീ അവരെ വധിക്കരുത് (തോൽപ്പിച്ചോടിക്കുകയെ ചെയ്യാവൂ ). ഞാന്‍ ഇപ്പോള്‍ പോകുകയാണ് . ഇനി താമസിയാതെ നിന്റെയടുത്ത് വരാം .

ഈ പദത്തിനുശേഷം ചെറിയ ഒരാട്ടമുണ്ട് . അർജ്ജുനൻ അമ്പിളക്കി കെട്ടിച്ചാടി കുമ്പിട്ട് ശ്രീകൃഷ്ണനോട് ” അല്ലയോ സ്വാമിന്‍, എനിക്ക് ഇപ്രകാരമെല്ലാം ഭാഗ്യമുണ്ടായത് ലോകനാഥനായ അവിടുത്തെയും ദേവനാഥനായ എന്റെ അച്ഛന്റേയും കാരുണ്യം കൊണ്ടുതന്നെ. ഞങ്ങളില്‍ എപ്പോഴും അങ്ങയുടെ കാരുണ്യമുണ്ടാകേണമേ.

കൃഷ്ണന്‍: അങ്ങിനെ തന്നെ. സന്തോഷത്തോടുകൂടി വസിച്ചാലും.

ഇതോടുകൂടി ഈ  രംഗം അവസാനിക്കുന്നു .

രംഗം 9   :ദ്വാരകയിലെ  അന്തപ്പുരം

അരങ്ങത്ത് : അർജ്ജുനൻ , സുഭദ്ര

ഒൻപതാം രംഗത്തിൽ അർജ്ജുനനും സുഭദ്രയുമായുള്ള ഒരു ശൃംഗാരപദമാണ് പ്രധാനമായും ഉള്ളത് .” കഞ്ച ദള ലോചനേ ..” എന്നു തുടങ്ങുന്ന ഈ ശൃംഗാരപദം ചമ്പ താളത്തിൽ പതിഞ്ഞ കാലത്തിലുള്ള അപൂർവ്വം പദങ്ങളിലൊന്നാണ്. നടപ്പുള്ള ഭാഗങ്ങളിൽ ഇതൊരെണ്ണമേ ഉള്ളു എന്നും വേണമെങ്കിൽ പറയാം . ഇതല്ലാതെ തെക്കൻ സമ്പ്രദായത്തിൽ  കംസവധം കൃഷ്ണനും തെക്കൻ രാജസൂയത്തിലെ കൃഷ്ണനും ചമ്പ പതിഞ്ഞ കാലത്തിലുള്ള പദങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അവ അരങ്ങിൽ സാധാരണമല്ല.

രംഗപാഠം

നേരത്തെ സൂചിപ്പിച്ചതു പോലെ അർജ്ജുനനും സുഭദ്രയും രംഗത്തേക്ക് പ്രവേശിക്കുന്നത് ഒരു പതിഞ്ഞ കിട തക ധീം താം മേളത്തോടെയാണ് . ലജ്ജാവതിയായ സുഭദ്രയെ ആലിംഗനംചെയ്തു കൊണ്ട് ശൃംഗാരഭാവത്തില്‍ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. സാവധാനം സുഭദ്രയെ ഇടതുവശത്തുനിര്‍ത്തിയിട്ട് അര്‍ജ്ജുനന്‍ പദാഭിനയം ആരംഭിക്കുന്നു.

പദാരംഭത്തിലെ ആദ്യത്തെ നാല് താളവട്ടം പ്രത്യേകിച്ച് മുദ്രകളൊന്നുമില്ല , പകരം സുഭദ്രയെ നോക്കി കാണുകയാണ് ചെയ്യുന്നത് . നോക്കികാണൽ എന്നത് കഥകളിയിൽ സാധാരണമായ ഒരു ചടങ്ങാണ്. പദത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തിന്റെ രൂപം നോക്കികാണുകയാണ് ചെയ്യുന്നത്. കൂടുതലും പതിഞ്ഞ കാലത്തിലുള്ള പദങ്ങളിലാണ് നോക്കികാണൽ ഉണ്ടാവുക. പദത്തിന്റെ പ്രധാന ഭാവം അനുസരിച്ചാവും നോക്കി കാണുക . അതായത് നായികയെ നോക്കി കാണും പോലെയാവില്ല ഗുരുവിനെയോ അച്ഛനെയോ നോക്കി കാണുന്നത് . ഇവിടെ നായികയെ ആണ് നോക്കികാണുന്നത് അതിനാൽ തന്നെ ശൃംഗാരമാണ് അടിസ്ഥാന ഭാവം . (വിവിധതരം നോക്കികാണലുകൾ പിന്നീടെപ്പോഴെങ്കിലും വിശദീകരിക്കാം )

നാലുതാളവട്ടമാണ് ഇവിടെ നോക്കികാണൽ . ആദ്യം മുഖം കണ്ടു ഭംഗി നടിച്ച് , പിന്നീട് സ്തനങ്ങൾ കണ്ടു കാമവും ശൃംഗാരവും നടിച്ച് , മൂന്നാമതായി പാദങ്ങൾ കണ്ടു ഭംഗി നടിച്ച് ഒടുവിൽ വീണ്ടും മുഖത്ത് നോക്കി ഭംഗി നടിക്കുന്നതോടു കൂടി മുദ്ര കാണിച്ചു തുടങ്ങുന്നു . കൂടുതൽ വിശദമായി കളിക്കൊപ്പമുള്ള display യിൽ പറയാം .

” കഞ്ജലോചനേ ” എന്ന ഈ പദത്തിന്റെ സാരം ഒന്ന് ചുരുക്കി പറയാം. താമരദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, മധുരതരമായി സംസാരിക്കുന്നവളേ, ആന നടക്കുന്നതിനു സമാനമായ നടത്തത്തോടു കൂടിയവളേ, പ്രിയേ, (നിന്റെ ഈ സൗന്ദര്യം കാണുക കാരണമായിട്ട്  ) എന്റെ  ശരീരത്തെ കാമന്‍ പിളര്‍ക്കുന്നു.

സമൃദ്ധമായ നിന്റെ തലമുടി കൊണ്ട് നിന്റെ താമര പോലെ മനോഹരമായ മുഖത്തെ മറയ്ക്കുന്നതെന്തിനാണ് ?  കാന്തേ, നീയെന്താണ് (ലജ്ജകൊണ്ട് ) നിന്റെ താമരപോലെ മൃദുവായ പാദങ്ങൾ നോക്കി നില്ക്കുകയാണോ? പൂന്തേന്മൊഴീ, സുന്ദരീ, എന്നെ ഒന്ന് നോക്കിയാലും.

കഥകളിയിലെ പ്രത്യേകത അഭിനയത്തിന് പ്രാധാന്യം കിട്ടാനായി ഗഹനമായ ആശയങ്ങളൊഴിവാക്കി , വളരെ ലളിതമായ കാര്യങ്ങളാണ് പതിഞ്ഞ പദങ്ങളിൽ ഉൾപ്പെടുത്തുക . ചില ബിംബങ്ങൾ ഉപയോഗിച്ച് നടന് /നടിക്ക് അഭിനയിക്കാനുള്ള സാധ്യത നൽകുക എന്നതാണ് ലക്‌ഷ്യം . ഈ പദത്തിൽ തന്നെ വിസ്തരിച്ചഭിനയിക്കാനുള്ള നാലു ബിംബങ്ങൾ കാണാം . 1 ) താമര 2 ) ലോചനം (കണ്ണ് ) 3 ) കുഞ്ചാര സമാന  ഗമനേ 4 ) കുന്തളം (തലമുടി ). ഇവയിൽ “കുഞ്ജര സമാന ഗമനേ ..” എന്ന ഭാഗത്തിന്റെ അഭിനയം ആനയുടെ വിവിധ ചേഷ്ടകൾ വിസ്തരിച്ച് കൊണ്ടാണ് ചെയ്യുന്നത് . അത് പോലെ തന്നെ തലമുടിയും വിസ്തരിച്ച് അഭിനയിച്ചു കാണിക്കും. തലമുടിയുടെ നീളം , ചുരുള് , ഇരുള് (കറുപ്പ് ) എന്നിവവ്യക്തമാക്കുന്ന നേത്രാഭിനയവും നടന്മാർ/നടികൾ പലപ്പോഴും ചെയ്യാറുണ്ട് .

പദാവസാനം സാധാരണ കലാശവും അതിനെ തുടർന്ന് അഞ്ചു താളവട്ടം നീണ്ടുനിൽക്കുന്ന ഇരട്ടിയുമാണ് ചിട്ടയിലുള്ളത് . മനോഹരമായ choregraphy ആണ് ചമ്പ പതിഞ്ഞ കാലത്തിലുള്ള ഈ ഇരട്ടിക്കുള്ളത് . വിശദമായ വിവരണം display യിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

“മുല്ല സായക തുല്യ ..” എന്ന സുഭദ്രയുടെ പദമാണ് അടുത്തത് . വിപൃഥുവിനെ തോൽപ്പിച്ചശേഷം ഉള്ള സുഭദ്രയുടെ പദം അവിടെ നിന്ന് എടുത്ത് ഇവിടെ ചേർത്തതാണ്  .  കോട്ടയ്ക്കൽ ചിട്ടയിൽ ഇപ്പോഴും ഈ പദം പതിവില്ല എന്നാണ്‌  അറിവ്. 

കാമദേവന് തുല്യനായവനെ , വില്ലാളികളില്‍ ശ്രേഷ്ഠനായവനെ , ഗുണങ്ങൾക്കു ഇരിപ്പിടമായവനെ , അങ്ങയെ ഞാന്‍ വന്ദിക്കുന്നു . അങ്ങയെ വില്ലാളിതിലകനെന്ന് ജനമെല്ലാം പുകഴ്ത്തുന്നു. അതിനാലാണ് എനിക്ക് ഇഷ്ടം ജനിച്ചത്. എത്രയും മാത്രമാണ് ഈ പദത്തിന്റെ സാരം.

സുഭദ്രയുടെ ഈ പദം  കഴിഞ്ഞാൽ ഒരു ആട്ടമുണ്ട്. നായികയുടെ സൗന്ദര്യം വർണ്ണിക്കുന്ന ഏതെങ്കിലും ശ്ലോകത്തിന്റെ അർത്ഥമാണ് ഇവിടെ ആടുക . സാധാരണയായി “ഇയം ഗേഹേ ലക്ഷ്മി ..” എന്ന ശ്ലോകമാണ് ആടാറുള്ളത്.  ഓരോ കാര്യത്തിലും ഉത്തമം എന്ന് അംഗീകരിക്കപ്പെട്ട ബിംബങ്ങളോട് താരതമ്യം ചെയ്തു, അതിലും മേലെയാണ് നായികയുടെ ഗുണങ്ങൾ എന്ന് പറയുന്ന ഒരു വർണ്ണനാ രീതിയാണിത് .

അങ്ങനെ സൗന്ദര്യം വർണ്ണിച്ച ശേഷം ആലിംഗന ബദ്ധരായി നിൽക്കുമ്പോൾ , ദൂരെ നിന്ന് തേര് വരുന്നത് കാണുന്നു . ഇവിടെ ചെണ്ടയിൽ തേര് വരുന്ന ശബ്ദം ഉണ്ടാക്കിയാണ് ആ അന്തരീക്ഷം സൃഷ്ടിക്കുന്നത് . തേര് വരുന്നത് കണ്ട് , ഇനി നമുക്ക് ഇന്ദ്രപ്രസ്ഥത്തിലേക്കു പോകാം എന്ന് അർജ്ജുനൻ സുഭദ്രയോടു പറയുന്നു . അനുകൂല മറുപടി കിട്ടിപ്പോകാൻ തുനിയുമ്പോൾ ആര് തേരോടിക്കും എന്ന ശങ്ക അർജ്ജുനനിൽ ഉണ്ടാകുന്നു . അദ്ദേഹം യുദ്ധം ചെയ്യുമ്പോൾ മറ്റാരെങ്കിലും തേരോടിക്കണമല്ലോ ? ഇത് കേട്ട സുഭദ്ര താൻ തേരോടിക്കാമെന്നും , തേരോടിക്കാൻ തന്റെ സഹോദരനായ ശ്രീകൃഷ്ണൻ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു . ശ്രീകൃഷ്ണന്റെ ദീര്ഘവീക്ഷണത്തെയും , തന്നോടുള്ള സ്നേഹത്തെയും മറ്റും ഓർത്തു അർജ്ജുനൻ രോമാഞ്ചമണിയുന്നു . ഇവിടെ “അങ്ങയുടെ തേരോടിക്കാൻ  ജ്യേഷ്ഠൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് ” എന്നൊരു മാറ്റം സുഭദ്ര ചിലപ്പോൾ ചെയ്യാറുണ്ട് . എങ്കിൽ നമുക്ക് പോകാം എന്ന് പറഞ്ഞു തേരിൽ കയറുന്നതോടെ ആ രംഗം അവസാനിക്കുന്നു .

രംഗം 10 : ദ്വാരകയുടെ  ഗോപുരവാതിൽ

ശ്രീകൃഷ്‌ണന്റെ നിർദേശപ്രകാരം ഇന്ദ്രപ്രസ്ഥത്തിലേക്കു പോകും വഴി യാദവ സൈന്യത്തെ യുദ്ധത്തിന് വിളിക്കുന്നതാണ് ഈ രംഗം . തിരശ്ശീല മാറ്റുമ്പോൾ തേരിലെന്നപോലെ അർജ്ജുനൻ പീഠത്തിനു മുകളിലും സുഭദ്ര തെരുതെളിക്കുന്നതായി ഭാവിച്ച് താഴെയും നിൽക്കുന്നു . അർജ്ജുനന്റെ ചെറിയൊരു ആട്ടത്തോടെയാണ് രംഗം ആരംഭിക്കുന്നത് .

( ദ്വാരക നോക്കിക്കണ്ട്, ആശ്ചര്യത്തോടെ ) ‘ആശ്ചര്യം !! ദ്വാരകാപുരിയുടെ സൌന്ദര്യം അത്ഭുതംതന്നെ. മതിലുകൾ , കിടങ്ങുകൾ , ഗോപുരങ്ങൾ ഒക്കെയായി ദ്വാരകാപുരി ശോഭിക്കുന്നു.( ഗോപുര വാതിലിൽ ഭടന്മാരെ കണ്ട്) ഇതാ അനവധി ഭടന്മാര്‍ പല വിധത്തിലുള്ള ആയുധങ്ങള്‍ ധരിച്ചു കൊണ്ട് നില്‍ക്കുന്നു. ഇവരുടെ മദ്ധ്യത്തിലൂടെ സുഭദ്രയേയും കൊണ്ട് പോകുന്നതെങ്ങിനെ?. ആരും അറിയാതെ പോയാലോ? വേണ്ട , അത് ക്ഷത്രിയന്മാര്‍ക്ക് ചേർന്നതല്ല . ഭടന്മാരെ ജയിച്ച് പോകുക തന്നെ .   ഇനി വേഗം അവരെ യുദ്ധത്തിനു വിളിക്കുക തന്നെ.

ഈ ആട്ടം കഴിഞ്ഞാൽ പദം . ദ്വാരകയുടെ ഗോപുരവാതിൽക്കൽ നിൽക്കുന്ന വീരന്മാരെ. നിങ്ങൾ വീരന്മാരെങ്കിൽ യുദ്ധത്തിന് വരൂ. ശൂരനായ ഞാൻ അർജ്ജുനനാണ് , ദേവേന്ദ്രന്റെ ഇഷ്ട പുത്രൻ .  ലോകനാഥനായ ശ്രീകൃഷ്ണന്റെ ഇഷ്ട സഖാവായ ഞാൻ സുഭദ്രയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയാണ് . നിങ്ങൾ കണ്ടുകൊള്ളുക സുന്ദരിയായ ഇവളെ ഞാൻ സംശയ ലേശമന്യേ ഇതാ കൊണ്ടുപോകുന്നു .

രണ്ടു ചെണ്ടയും രണ്ടു മദ്ദളവുമായി മേളക്കൊഴുപ്പോടുകൂടിയാണ് ഈ രംഗം . ഓരോ ചരണത്തിലും വട്ടം വെച്ച് കലാശവും ഒടുവിൽ വിസ്തരിച്ചുള്ള നാലാമിരട്ടിയുമൊക്കെയായി നല്ല ദൃശ്യ വിരുന്നുകൂടിയാണ് അർജ്ജുനന്റെ പോരിന് വിളി രംഗം . നാലാമിരട്ടി കഴിയുന്നതോടെ ഈ രംഗം അവസാനിപ്പിക്കാറാണ് പതിവ്. 

Back To Top