Interviewed by Manoj Krishna M
(കളം ന്യൂസ് എന്ന online മാധ്യമത്തിനു വേണ്ടി ചെയ്ത അഭിമുഖം )
നമുക്ക് കളരിയിൽ നിന്ന് തുടങ്ങാം ആശാൻ. കഥകളിയുടെ അദ്ധ്യയന രീതിയിൽ മാറ്റങ്ങൾ വേണമോ എന്ന കാര്യത്തിലൊക്കെ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കലാമണ്ഡലത്തിൽ ദീർഘകാലം അധ്യാപകനായും, പിന്നീട് വിസിറ്റിംഗ് പ്രൊഫസ്സർ ആയും ആശാൻ പ്രവർത്തിച്ചിട്ടുണ്ട്. ആ അനുഭവം വെച്ച് ബോധന രീതിയെ കുറിച്ച് ആശാന്റെ കാഴ്ചപ്പാടെന്താണ് എന്നറിഞ്ഞാൽ കൊള്ളാം.
പഴയ രീതിയിൽ തന്നെ ആകണം എന്നാണ് ആഗ്രഹം. പക്ഷെ ഈ സ്‌കൂൾ വിദ്യാഭ്യാസം കൂടി ആയപ്പോൾ, പൂർണമായും അങ്ങനെ തുടരാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. സമയം കിട്ടാൻ വേണ്ടീട്ട് കോഴ്സിന്റെ കാലാവധി ആറ് വർഷത്തിൽ നിന്ന് എട്ടുവർഷമായി കൂട്ടി കൊടുത്തിട്ടുണ്ട്. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം ഇല്ലാതാക്കാൻ പറ്റുകയുമില്ല.
ഞാൻ വിസിറ്റിംഗ് പ്രൊഫസ്സർ ആയി വന്നപ്പോൾ വരുത്തിയ മാറ്റം എന്താണെന്ന് വെച്ചാൽ എം എ ക്ലാസ്സുകാർക്ക് “ ഇരുന്ന്” ക്ലാസ്സ് നിർബന്ധമാക്കി. അത് പണ്ടുകാലത്തെ പോലെ രാത്രിയല്ല പകലുതന്നെയാണ്, ചൊല്ലിയാട്ടം ഇല്ലാത്ത ദിവസങ്ങളിൽ അത് നിർബന്ധമാക്കി.
** “ഇരുന്ന് ക്ലാസ്സ് ” : ചൊല്ലിയാട്ട ക്ളാസുകൾക്കു പുറമെ കുട്ടികളും ഗുരുനാഥന്മാരും സാധാരണ സ്‌കൂൾ ക്ലാസ്സു മുറികളിൽ നടക്കുന്നത് പോലെ ഇരുന്നു നടത്തുന്ന അദ്ധ്യയന രീതിയാണ് ഇത് . ഈ ക്ലാസ്സുകളിൽ ഗുരുനാഥന്മാരും വിദ്യാർത്ഥികളും ശ്ലോകങ്ങളും പദങ്ങളും ചർച്ച ചെയ്യുകയും, വിദ്യാർത്ഥികൾ ഇരുന്നു കൊണ്ട് മുദ്രകൾ കാണിക്കുകയും ചെയ്യും. ഈ ക്‌ളാസ്സുകളിൽ കഥാപാത്ര സ്ഥായിയും കലയുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങളും ചർച്ചചെയ്യും.
” മെയ്യിൽ നിന്ന് മനസ്സിലേക്ക് ” എന്ന പഴയ സമ്പ്രദായത്തിൽ നിന്ന് മാറി ആദ്യം വിദ്യാർത്ഥികളെ കഥയും സന്ദർഭവും ഒക്കെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം ചൊല്ലിയാട്ട ക്‌ളാസ്സുകളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് നല്ലത് എന്ന അഭിപ്രായമൊക്കെ കേൾക്കുന്നുണ്ടല്ലോ, അതെ കുറിച്ചുള്ള അഭിപ്രായം..
അങ്ങനെയല്ല. വേറൊരു കാര്യമുള്ളത്, കുട്ടികൾക്ക് ഇരുന്ന് ക്ലാസ്സ് കൂടി വേണമെന്നല്ലാതെ, ഇരുന്ന് ക്ലാസ് കഴിഞ്ഞിട്ട് അതൊക്കെ മനസ്സിലുറപ്പിച്ചതിനു ശേഷം ചൊല്ലിയാട്ട ക്ലാസ്സ് എന്ന രീതിയൊന്നും പ്രായോഗികമല്ല.
ഇപ്പോഴത്തെ രീതി തന്നെ തുടരുകയും, അതിനോടൊപ്പം ഇരുന്ന് ക്ലാസ്സ് കൂടി ഉണ്ടാവുകയും ചെയ്യുക എന്ന രീതിയാണ് നല്ലത് എന്നാണ് ആശാന്റെ അഭിപ്രായം.
അതെ, അങ്ങനെയാണ് വേണ്ടത്, ഇപ്പോൾ പിന്തുടരുന്ന രീതി തന്നെ തുടർന്നുപോകുകയും, വൈകുന്നേരത്തെ ക്ലാസ്, വൈകുന്നേരം ഇരുന്ന് ക്ലാസ്സ് ആണല്ലോ. അത് അങ്ങനെ കൊണ്ടുപോകാൻ കഴിഞ്ഞാൽ അത് കൂടുതൽ നന്നായിരിക്കും. ഇപ്പൊൾ എം എ ക്ലാസ്സിനല്ലാതെ മറ്റു ക്‌ളാസ്സുകൾക്കു കലാമണ്‌ഡലത്തിൽ ചൊല്ലിയാട്ട ക്ലാസ്സായിട്ടു നടക്കുന്നുണ്ടല്ലോ, അത് അങ്ങനെ തന്നെ കൊണ്ടുപോകാൻ വിരോധമില്ല, കൊണ്ടുപോകുകയാണ് വേണ്ടത്. അല്ലെങ്കിൽ കുട്ടികൾക്ക് വേണ്ട അഭ്യാസം കിട്ടില്ല. ആ അഭ്യാസത്തിനൊപ്പം മുൻപുണ്ടായിരുന്ന മാതിരി ഇപ്പറഞ്ഞ ഇരുന്ന് ക്ലാസ്സ് കൂടി സംഘടിപ്പിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് വർഷ കാലത്ത്.
ഉഴിച്ചിൽ ശാസ്ത്രീയമായ ഒരു രീതിയല്ല, അതുപോലെ തന്നെ കഥകളിപഠനവും സ്‌കൂൾ വിദ്യാഭ്യാസവും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ ഒരു വിദ്യാർത്ഥിക്ക് ബുദ്ധിമുട്ടാകുന്നു എന്നൊക്കെയുള്ള അഭിപ്രായങ്ങളോടുള്ള പ്രതികരണം.
ഉഴിച്ചിൽ ശാസ്ത്രീയമല്ല എന്ന് പറയുന്നതിലൊന്നും അർത്ഥമില്ല. കഥകളി ഉഴിച്ചിൽ, കളരിയുഴിച്ചിൽ എന്നിങ്ങനെ പല വിധത്തിലുമുണ്ട്. ഈ ഉഴിച്ചിലൊക്കെ പഠിച്ചതിനു ശേഷമാണ് ചെയ്യുന്നത്. അല്ലാണ്ട് അത് നിശ്ചയമില്ലാത്തവരെ കൊണ്ട് അത് ചെയ്യിക്കുകയല്ല. കുട്ടികൾ സീനിയർ ആയിക്കഴിഞ്ഞാൽ അവർക്കു വേണ്ട പ്രാക്ടീസ് കൊടുത്തു കൊണ്ട്, അതായത് ആശാന്മാർ കൂടെ നിന്ന് അവരെ കൊണ്ട് ചെയ്യിപ്പിച്ച്, അതിന്റെ ചിട്ടകൾ, എന്നു വെച്ചാൽ അതിന്റെ വയങ്ങളും വശങ്ങളും, പ്രത്യേകം ആശാന്മാരുടെ മേൽനോട്ടത്തിൽ തന്നെയാണ് ചെയ്യുന്നതും ചെയ്യിക്കുന്നതും. അത് നിർബന്ധമായും ഇല്ലാതെ പറ്റില്ല. അതുണ്ടായേ പറ്റു. കഥകളിക്ക് ശരീരം വഴങ്ങി കിട്ടണമെങ്കിൽ ഉഴിച്ചിൽ വേണം.
ബാക്കി ക്ലാസ്സുകളൊക്കെ മുന്നേ ഉണ്ടായിരുന്നതാണ്. അന്ന് സ്‌കൂൾ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും പകരം സാഹിത്യ ക്ലാസ്സ് ഒക്കെ ആ സമയത്ത് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള കഥകളി സംബന്ധമായ ക്ലാസ്സ് നിർത്തിയിട്ടാണല്ലോ ഇപ്പോൾ സ്‌കൂൾ ക്ലാസ്സ്. അപ്പൊ, ഇതൊക്കെ ഒരു കുട്ടിക്ക് കൊണ്ടുപോകാൻ സാധിക്കുന്നതേയുള്ളു.
എന്നെ സംബന്ധിച്ച്, എനിക്കീക്കാര്യത്തിൽ ഉള്ള മറ്റൊരു അഭിപ്രായം പറയാം. നമ്മൾ കഥകളിക്കാർക്ക് ഭാഷാ പരിജ്ഞാനം അത്യാവശ്യമാണ്. ഹിന്ദി ഇംഗ്ലീഷ് സംസ്‌കൃതം. ഈ മൂന്നു ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുക. എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യം വേണ്ട കാര്യമാണ്. ആട്ടക്കഥകളിലെ ശ്ലോകങ്ങളും സാഹിത്യവും മറ്റും നന്നായി മനസ്സിലാക്കാൻ സംസ്‌കൃത ജ്ഞാനം ആവശ്യമാണ്. ഹിന്ദി ഇംഗ്ലീഷ് എന്നിവയുടെ കാര്യമാണെങ്കിൽ, ഈ ഭാഷകൾ കൈകാര്യം ചെയ്യാനറിയില്ലെങ്കിൽ ഒരു കലാകാരനെ സംബന്ധിച്ച് പുറം നാടുകളിലേക്കൊക്കെ പോകുമ്പോൾ പരാജയമാകും സംഭവിക്കുക. അപ്പൊൾ ഈ മൂന്നു ഭാഷകളാണ് പ്രധാനമായും ആവശ്യം. ഈ മൂന്നു വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, മറ്റു വിഷയങ്ങളൊക്കെ ഉപവിഷയങ്ങളാക്കി കൊണ്ട്, ഒരു സിലബസ് ഉണ്ടാക്കി അതിനു യൂണിവേഴ്‌സിറ്റിയും സർക്കാരും അംഗീകാരം കൂടി കൊടുക്കണം എന്നതാണ് എന്റെ അഭിപ്രായം.
വേറൊരുകാര്യം, നളചരിതം തുടങ്ങിയ കഥകൾ കളരിയിൽ ചൊല്ലിയാടിക്കുന്നില്ല എന്നൊരു പരാതിയും അതിന്മേൽ വലിയ ചർച്ചകളും ഉണ്ടായിട്ടുണ്ടല്ലോ. അത് നളചരിതത്തോടുള്ള അവഗണയാണ് എന്നൊക്കെയായിരുന്നല്ലോ ആരോപണങ്ങൾ. ഈയടുത്ത കാലത്ത് കലാമണ്ഡലത്തിൽ തന്നെ നളചരിതം നാല് ദിവസത്തെ കഥയും ആശാൻ പഠിപ്പിക്കുകയുമുണ്ടായി. നളചരിതത്തെയും, അത് പോലെയുള്ള കഥകളെയും ഒരു ബോധന പ്രക്രിയയുടെ ഭാഗമായി സമീപിക്കേണ്ടത് എങ്ങിനെയാണ്.
ഏയ്, ഇതൊക്കെ ഭ്രാന്തൻ ആശയങ്ങളാണ്. കളരിയിൽ ചൊല്ലിയാടിപ്പിക്കുക എന്നുള്ളതല്ല അതിന്റെ കണക്ക്. നളചരിതം പോലെയുള്ള കഥകൾ കളരിയിൽ ഉൾപ്പെടുത്തുന്നെങ്കിൽ തന്നെ കോട്ടയം കഥകളെയോ അത് പോലെയുള്ള മറ്റു കഥകളെ പോലെയോ ചൊല്ലിയാടിപ്പിക്കണം എന്നല്ല. രംഗപരിചയം ഉണ്ടാകുക. അതുപോലെ തന്നെ നളചരിതമൊക്കെ കൈകാര്യം ചെയ്യുമ്പോൾ അതിന്റേതായ സാഹിത്യ പരിചയം ഉണ്ടാകുക. ഒരു പാട് അറിയാത്ത അർത്ഥങ്ങൾ ഒക്കെയുണ്ടാകും. അതൊക്കെ മനസ്സിലാക്കി കൊടുക്കത്തക്കവണ്ണം ക്ളാസ്സെടുക്കുക. ക്ളാസ്സെടുക്കുക എന്ന് പറയുമ്പോൾ നളചരിതത്തിന്റെ കാര്യത്തിൽ പ്രാധാന്യം ചൊല്ലിയാടിപ്പിക്കലല്ല. അത് കൃത്യമാണ്. ചൊല്ലിയാടിപ്പിക്കുന്നതിനേക്കാൾ പ്രാധാന്യം, രംഗത്ത് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിലാണ്. രംഗത്ത് ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറയുമ്പോൾ അതൊരു നാടകീയത മനസ്സിൽ കണ്ടു കൊണ്ടു തന്നെ വേണം. അത് മറ്റു കഥകൾക്ക് ഇല്ലെന്നല്ല, അത് കളരിയിൽ ചൊല്ലിയാടിക്കുന്നതു തന്നെയാണ്, കോട്ടയം കഥകളൊക്കെ. അതിനൊരു ചിട്ടയില്ലാത്ത കളിക്കാനാവില്ല ഇതിനൊരു ചിട്ട പ്രത്യേകമായിട്ട് ഉണ്ടാക്കാനുമാവില്ല (നളചരിതത്തിനൊക്കെ). ആവശ്യം എന്താണെന്നു വെച്ചാൽ, രംഗപരിചയമുണ്ടാവുക, സാഹിത്യം മനസ്സിലാക്കി അർത്ഥമറിഞ്ഞു മുദ്രകാണിക്കാൻ സാധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം.
അതായത് ആശാൻ പറയുന്നത്, എം എ ക്ലാസ്സ് ഒക്കെ എത്തുമ്പോൾ ഒരു ഇരുന്ന് ക്ലാസ്സ് പോലെ മതി നളചരിതം പോലെയുള്ള കഥകളുടെ കളരി സാന്നിദ്ധ്യം എന്നാണ്.
അതെ. അത്രയേ വേണ്ടൂ. കലാമണ്ഡലത്തിലെ റെഗുലർ കോഴ്സ് കഴിഞ്ഞ ശേഷം എം എ ക്കാരായ കുട്ടികൾക്കേ വേണ്ടൂ അതൊക്കെ.
എന്റെ ചോദ്യം കുറച്ച് കൂടി വ്യത്യസ്തമായിരുന്നു. അങ്ങനെ കളരിയിൽ പഠിപ്പിച്ചാൽ. അവിടെ ആശാൻ പറഞ്ഞുകൊടുത്തത്തിനപ്പുറം പോകാതെ പഠിച്ചതു മാത്രം അരങ്ങിലും ചെയ്യുക എന്ന ഒരു പ്രവണത ഉണ്ടാകുമോ എന്നതായിരുന്നു. വലിയ വ്യാഖ്യാന സാധ്യതകളുള്ള നളചരിതം പോലെയുള്ള കഥകൾക്ക്.
അങ്ങനെ വരും എന്ന് വിചാരിക്കേണ്ട ആവശ്യമില്ല. അങ്ങനെ വരില്ല. ഞാൻ പറഞ്ഞു കളരിയിൽ ചൊല്ലിയാടിച്ചുറപ്പിക്കുകയല്ല വേണ്ടത്. രംഗപരിചയം കിട്ടത്തക്കവണ്ണം ഒരു പ്രാവശ്യം അതിൻറേതായ വഴികൾ പറഞ്ഞുകൊടുത്താൽ തന്നെ ധാരാളമാണ്. അത് പക്ഷെ പാട്ടും മേളവും ഒക്കെ ഇണങ്ങി വരത്തക്കവണ്ണം, യോജിച്ചു പോകത്തക്കവണ്ണം ഒരു പ്രാവശ്യമൊക്കെ ഒന്ന് ചെയ്തു നോക്കിക്കുന്നതു നല്ലതാണ്. അത്രയൊക്കെയേ വേണ്ടു.
പക്ഷെ അതിനു മുൻപേയാണ് ഞാനീ പറഞ്ഞത്. ഇരുന്ന്ക്ലാസ്സ്. അത് പകൽ തന്നെ മതി. രണ്ടു ദിവസമല്ല ചൊല്ലിയാട്ടമുള്ളൂ. ബാക്കി ദിവസങ്ങളിൽ ഇരുന്ന് ക്ലാസ്സ് നടത്തുക. നളചരിതം പോലെ കളരിയിൽ ചൊല്ലിയാട്ടത്തിനു പ്രാധാന്യമില്ലാത്ത കഥകളെ ഒക്കെ അങ്ങേയറ്റം പ്രാധാന്യമായിട്ട് എടുത്തു കൊണ്ടു തന്നെ, അതായത് അതിന്റേതായിട്ടുള്ള അർത്ഥങ്ങളും വ്യാകരണങ്ങളും സ്ഥായീ ഭാവങ്ങളും ഒക്കെ മനസ്സിലാക്കി കൊടുക്കത്തക്കവണ്ണമുള്ള ഇരുന്ന് ക്ലാസ്സുകൾ വഴി ചെയ്യേണ്ട കാര്യങ്ങളാണ്. അത്രേ വേണ്ടൂ.
ഈയിടയ്‌ക്കൊരു സെമിനാറിൽ പറഞ്ഞു കേട്ട കാര്യം, പുതിയ തലമുറയിലെ ആസ്വാദകരിൽ കഥകളി മുദ്രകൾ മനസ്സിലാകുന്നവർ ഉണ്ട് പക്ഷെ ഒരു ആട്ടശ്ലോകം, അല്ലെങ്കിൽ ഒരു സൗന്ദര്യ സങ്കല്പം അതിന്റെ ആഴത്തിൽ മനസ്സിലാക്കുന്നവർ കുറയുന്നു. അതാകും കഥകളിയും അതുപോലെയുള്ള ക്ലാസ്സിക്കൽ കലകളും ഇനി നേരിടാൻ പോകുന്ന വെല്ലുവിളി. ആശാന്റെ അഭിപ്രായം എന്താണ്.
വേറൊരു കാര്യമുള്ളത്. മുദ്ര എല്ലാം മനസ്സിലാക്കി കൊണ്ടുവരുന്ന ആസ്വാദകർ കഷ്ടിയാണ്. കഥകളി പഠിച്ചവർക്കു തന്നെ എല്ലാം അറിയുന്നുണ്ടാവില്ല. അല്ല, അത് പോട്ടെ. കുറച്ചൊക്കെ മുദ്രകൾ നിശ്ചയമുണ്ട്, പദങ്ങൾ അറിയാം, കഥയും ഏതാണ്ടൊക്കെ അറിയാമെങ്കിൽ ഒരാസ്വാദകന് കഥകളി ഏകദേശം കണ്ടു മനസ്സിലാക്കാനാകും. കഥയെ സംബന്ധിച്ചോക്കെ അറിയാതിരിക്കുക എന്നത് ആസ്വാദനത്തിനു തടസ്സം തന്നെയാകും. അല്ല, ചില ഡെമോൺസ്‌ട്രേഷൻ ഒക്കെ നടക്കുന്നുണ്ടല്ലോ ഇപ്പോൾ. അത് നല്ല കാര്യമാണ്. അങ്ങനെ നടക്കുന്നവ ലെക്ച്ചർ ഡെമോൺസ്‌ട്രേഷൻ ഒക്കെയാകുമ്പോൾ കഥയെക്കുറിച്ചും, ആട്ടങ്ങളെ ക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു കൊടുക്കാൻ സാധിക്കും. അതായത്, ഓരോ കഥയെടുത്ത് അതിൽ വരുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞും കാണിച്ചും മനസിലാക്കി കൊടുക്കാൻ സാധിച്ചാൽ നല്ല കാര്യം.
പിന്നെ വേറൊരു കാര്യമുള്ളത്, ആസ്വാദകന് കഥകളി നന്നായി ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ, അവർക്ക് കഥകളിയുടെ സാങ്കേതിക കാര്യങ്ങൾ അറിയുക മാത്രമല്ല വേണ്ടത്, അരങ്ങിൽ പ്രവർത്തിക്കുന്ന കലാകാരനും കുറച്ച് കരുതണം.അതായത് കലാകാരൻ ഈ ആസ്വാദകർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരണം നടത്താൻ ശ്രമിക്കുകയും വേണം.
ആസ്വാദകനിലേക്ക് കലാകാരൻ ഇറങ്ങിച്ചെല്ലണം എന്നാണോ ആശാൻ ഉദ്ദേശിച്ചത് ?
ആസ്വാദകരുടെ നിലയിലേക്ക് മുഴുവനായി ഇറങ്ങി ചെല്ലുന്ന രീതിയിലുള്ള അവതരണമല്ല ഉദ്ദേശിച്ചത്. എന്നാൽ നാട്യധർമി മാത്രമായി കൈകാര്യം ചെയ്തു കൊണ്ട് പ്രവർത്തിക്കുമ്പോൾ എല്ലാ ആസ്വാദകരിലും അങ്ങേയറ്റം ആസ്വാദനം ഉണ്ടാക്കിത്തീർക്കാൻ കുറച്ച് പ്രയാസവുമാണ്. അതിൽ കുറച്ച് ലോകധർമ്മി കൂടി ചിലതിന്, ചിലതിനു മാത്രം, വേണ്ടി വരും. പക്ഷെ ആ ലോകധർമ്മി കൈകാര്യം ചെയ്യുമ്പോൾ എന്തായാലും വേണ്ടില്ല അത് അരോചകമായി തീരാതിരിക്കാൻ ഈ കലാകാരൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതാണ്. മനസ്സിലായില്ലേ.
അതായത് ആസ്വാദകനെ കൂടി മുന്നിൽ കണ്ടു കൊണ്ടു വേണം അവതരണം.
അതെയതെ, ആസ്വാദകനെ കൂടി മുന്നിൽ കണ്ടു കൊണ്ടു വേണം അവതരണം, എന്നാൽ അത് നമ്മുടെ കലയെ സംബന്ധിച്ചുള്ള ആ കാതലിനു കോട്ടം തട്ടരുത്. മനസ്സിലായില്ലേ.
ആസ്വദിക്കാൻ സാധിക്കണം എന്ന മനസ്ഥിതി ഉള്ളവർക്ക് ഒന്നോ രണ്ടോ തവണ ഒരു കഥ കണ്ടുകഴിഞ്ഞാൽ ആസ്വദിക്കാൻ സാധിക്കും. കഥകളിയെ സംബന്ധിച്ച് വേറേ ഒരു കാര്യമുള്ളതെന്താണെന്നു വെച്ചാൽ ഒന്ന് തന്നെ ഒരു പത്ത് തവണ കണ്ടാലും വീണ്ടും കാണാൻ തന്നെയേ മോഹമുണ്ടാകൂ. ആസ്വാദനം അവനവൻ സ്വയം ഉണ്ടാക്കി തീർക്കാൻ ശ്രമിക്കേണ്ട ഒന്നാണ്. ഈ ശ്രമം കൊണ്ട് തന്നെ നേരെയാവാൻ സാധിക്കും.
അത് ശരിയാണ്, നല്ല ആസ്വാദന ശീലം വളർത്തിയെടുക്കാൻ ഓരോ വ്യക്തിയുമാണ് മനസ്സിരുത്തേണ്ടത്, മാത്രമല്ല ഓരോ നല്ല ആസ്വാദകനും സ്വയം ഒരു ശീലം ഉണ്ടാക്കിയെടുക്കുകയും ചെയ്യും. വീണ്ടും വീണ്ടും കഥകളി കാണുക എന്നത് തന്നെയാണ് അതിനുള്ള മാർഗ്ഗം. അങ്ങനെ താല്പര്യമുള്ളവരെ സഹായിക്കാനായി നമ്മൾ ഒരു ആസ്വാദന ക്ലാസ്സ് ഒക്കെ രൂപപ്പെടുത്തുകയാണെങ്കിൽ കഥ, ആട്ടങ്ങൾ, അവതരണ രീതി അതൊക്കെയല്ലേ ശ്രദ്ധിക്കേണ്ടത്.
അതാ ഞാൻ പറഞ്ഞത്. കഥകളിയിലെ കളരി ചിട്ടകൾ ഇന്നയിന്ന മാതിരിയാണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കലല്ല വേണ്ടത്. മനസ്സിലായില്ലേ. അവർ കാൽ സാധകം ചെയ്യും, മെയ്യുറപ്പടവുകളെടുക്കും. ഉഴിച്ചിൽ. ഇതൊക്കെ ചെയ്യും. ഇതൊന്നുമല്ല ഒരു ആസ്വാദകന് അറിയേണ്ടത്. ഒരു നടൻ രംഗത്ത് വന്നാൽ അയാൾ എന്തൊക്കെയാണ് പ്രവർത്തിക്കുന്നത്. അതായത് ഈ മുദ്രകാണിക്കുന്നതു എന്തിനു വേണ്ടിയിട്ട്, ഏതാവശ്യത്തിന്. അപ്പോൾ ഈ പദം വരുമ്പോൾ ആ പദത്തിന്റെ മുദ്രകൾ ഇന്നമാതിരി ആയിരിക്കും. ആട്ടങ്ങൾ വരുമ്പോൾ, എന്ന് പറഞ്ഞാൽ ആട്ടം വരുമ്പോൾ മുദ്രകളെ സംബന്ധിച്ച് ഇന്നയിന്ന മുദ്രകൾ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ അതിന്റെ ശ്ലോകമോ അതിന്റെ അർത്ഥമോ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അതായത്, ഈ ശ്ലോകം ചൊല്ലിയിട്ടില്ലെങ്കിലും വേണ്ടില്ല, അല്ല ശ്ലോകം ചൊല്ലണമെന്നു നിർബന്ധമില്ല , ശ്ലോകം ചൊല്ലിയാലും വേണ്ടില്ല. ആ സമയത്ത് അരങ്ങത്ത് ചെയ്യുന്നതെന്താണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
അതിപ്പോ ഒരു ‘ അജഗരകബളിതം’ കാണിക്കുകയാണെങ്കിൽ അതെന്തൊക്കെ, എങ്ങനെ, എന്താണ്? അത് മനസ്സിലാക്കി കൊടുക്കുക. അതേ മാതിരി തന്നെയാണ് ഭീമൻ വനവർണ്ണന കാണിക്കുമ്പോൾ എന്താണ് കാണിക്കുന്നത്, എന്താണ് ചെയ്യുന്നത്, എന്തിനുവേണ്ടിയിട്ടാണത്? എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇപ്പൊ കല്യാണസൗഗന്ധികം തന്നെയെടുത്താൽ, ഭീമനെ ഹനുമാനുമായി കൂട്ടിമുട്ടിക്കുക എന്നതാണ് ഉദ്ദേശം. അല്ലെങ്കിൽ ഭീമന് ഹനുമാനെ കാണാനുള്ള യോഗമുണ്ടാകില്ല. അപ്പോൾ കഥാകൃത്ത് കരുതിക്കൂട്ടിത്തന്നെ ഭീമൻ ഹനുമാനെ കണ്ടു മുട്ടണം എന്ന് വിചാരിച്ചിരിക്കുന്നു. അപ്പോൾ പോകുന്ന വഴി എന്തൊക്കെ കാണുന്നു. ദുർഘടം പിടിച്ച വഴിയാണല്ലോ? കാടല്ലേ? അപ്പോൾ ആ പോകുന്ന വഴിയിൽ കാണുന്നതു ഇന്നിന്നതൊക്കെയാവും. അപ്പോൾ, ഇങ്ങനെ കഥയൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ, രണ്ടു മൂന്ന് തവണ കാണുമ്പോൾ കുറെയൊക്കെ മനസ്സിലാകും. കഥകളി മനസ്സിലാക്കാൻ നേരെത്തെ തന്നെ പുരാണ പരിജ്ഞാനം വേണമെന്നൊന്നുമില്ല. പുരാണം അറിയുമെങ്കിൽ നല്ലത് എന്നെ ഉള്ളു. എന്ന് മാത്രമല്ല പലപ്പോഴും പുരാണത്തിൽ പറഞ്ഞ മാതിരി ആവില്ല കഥകളിക്ക് (ആട്ടക്കഥയിൽ) കഥാകൃത്ത് എഴുതിയിട്ടുണ്ടാവുക.
അരങ്ങിൽ ചില കാര്യങ്ങൾ ഒഴിവാക്കപ്പെടുന്നു, അല്ലെങ്കിൽ മുഴുവൻ ചെയ്യുന്നില്ല. ഉദാ. വെച്ചിരുത്തിയുള്ള കലാശങ്ങൾ, പടപ്പുറപ്പാടിൽ ചില ആയുധങ്ങളുടെ പ്രയോഗങ്ങൾ. അങ്ങനെ ചിലതൊക്കെ.
വെച്ചിരുത്തിയുള്ള കലാശം പോലുള്ളവ ഒഴിവാക്കുന്നുണ്ടെങ്കിൽ അതൊഴിവാക്കുന്നവരോട് അതെന്തിനോഴിവാക്കുന്നു എന്ന് ചോദിക്കേണ്ടത് അത്യാവശ്യമാണ്. അതങ്ങനെ ഒഴിവാക്കാൻ പാടില്ല,.
പലപ്പോഴും ഉത്സവപ്പറമ്പുകളിലൊക്കെ ആകുമ്പോൾ ബുദ്ധിമുട്ടി ചെയ്യുന്ന പലകാര്യങ്ങളും മനസ്സിലാക്കാൻ പ്രാപ്തിയുള്ള ആസ്വാദകർ ഇല്ല എന്നുള്ള സ്ഥിതി വരുമ്പോൾ. അല്ലെങ്കിൽ സമയക്കുറവ്.
അങ്ങനത്തെ ഒരു തെറ്റിധാരണ പാടില്ല. ആസ്വാദകർക്ക് വേണ്ടി ഇങ്ങനെ ചിലതൊക്കെ മാറ്റാൻ തുടങ്ങിയാൽ ഒടുവിൽ കഥകളിക്കു ജീവൻ നഷ്ടപ്പെടും. അപ്പോൾ കളരിയിൽ പഠിച്ചിട്ടുള്ള കാര്യങ്ങൾ, അതിൽ സത്തായ കാര്യങ്ങൾ. അതൊന്നും ഒഴിവാക്കേണ്ട ആവശ്യമില്ല. ഒഴിവാക്കരുത്. അത് തന്നെ കാര്യം.
അപ്പോൾ, ഇങ്ങനെയുള്ള കഥകളിയുടെ സത്തായ സങ്കേതങ്ങൾ കാണണമെന്ന നിഷ്കർഷയുള്ള ആസ്വാദകരെ സൃഷ്ടിച്ചെടുക്കണം എന്നല്ലേ, അല്ലാതെ മനസ്സിലാകാത്തത് ഒഴിവാക്കി പോയാൽ കഥകളിയിൽ ഒടുവിലൊന്നും കാണില്ല എന്നതല്ലേ സത്യം.
അതെ, ആസ്വാദകർ വന്നു ചോദിക്കുക തന്നെ വേണം. അതായത് വേറൊരു കാര്യമുള്ളത്. ഇപ്പൊ പറഞ്ഞല്ലോ വെച്ചിരുത്തുന്നതിന്റെ ഛായ, പടപുറപ്പാടിന്റെ രീതി, പിന്നെ എടുത്ത് കലാശങ്ങൾ; അങ്ങനെ ചിലതുണ്ട്, എടുത്തുകലാശം തന്നെ പല രീതികളുണ്ട്. ഇങ്ങനെയൊക്കെയുള്ള സങ്കേതങ്ങൾ, രീതികൾ ഒക്കെ ആസ്വാദനക്ലാസ്സുകളിൽ കാണിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. എടുത്തുകലാശം എന്ത്? തോങ്കാരം എന്ത്? അടക്കം എന്ത്? അങ്ങനെ ഓരോന്ന് പറഞ്ഞും കാണിച്ചും മനസ്സിലാക്കി കൊടുത്തിട്ടുണ്ടെങ്കിൽ, ഒരു നടൻ ഇതൊക്കെ അരങ്ങിൽ വന്നു കാണിക്കുമ്പോൾ ആസ്വാദകർക്ക് അത് മനസ്സിലാകും, അവരത് ആസ്വദിക്കും.
അപ്പോൾ അരങ്ങിൽ അതൊഴിവാക്കിയാൽ കലാകാരനോട് ചോദിക്കുകയും ചെയ്യും.
അതെ, ചോദിക്കുകയും ചെയ്യും. അപ്പോൾ ഇന്നയിന്ന വേഷത്തിനാണ് എടുത്തുകലാശം വേണ്ടത്, വെച്ചിരുത്തി കാണിക്കേണ്ടത് ഏതിനൊക്കെയാണ്. കോണുകളിലേക്ക് പോയുള്ള തോങ്കാരം, ഇതൊക്കെയാണ് ആസ്വാദന ക്ലാസ്സുകളിൽ പരിചയപ്പെടുത്തികൊടുക്കേണ്ടത്. അല്ലാതെ കടകം (ഒരു അടിസ്ഥാന മുദ്ര) പിടിക്കേണ്ടത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. നിസ്സാരമായിട്ടു തള്ളി കളയാതെ സത്തായ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുക്കണം, പഠിപ്പിച്ചു കൊടുക്കണം. മുദ്രകളും ചിലതു പഠിപ്പിക്കാം. അത് വേണ്ടെന്നല്ല. പക്ഷെ മൂല (അടിസ്ഥാന) മുദ്രകൾ പഠിച്ചതു കൊണ്ട് പദത്തിന്റെ അർഥം മനസ്സിലാക്കണമെന്നില്ല.
അതായത്, കഥകളിയുടെ അരങ്ങു സങ്കേതങ്ങളെ മനസ്സിലാക്കാനുള്ള ആസ്വാദന ക്ലാസ്സുകളാണ് വേണ്ടത്,
അതെ, അതിപ്പോ വേറൊരു കാര്യമുള്ളത്. കഥകളിപ്പദങ്ങൾ കച്ചേരി നടത്തുന്നുണ്ട്. അതിൽ അവരുടെ സ്വാതന്ത്രപ്രകാരം സംഗീതത്തെക്കുറിച്ച് മാത്രം ചിന്തിച്ചു മാറ്റങ്ങൾ വരുത്താം. പക്ഷെ കഥകളിക്കതു പറ്റില്ല. കഥകളിക്കു മുദ്രയ്ക്കാണ് പാട്ട്. സംശയമില്ലാത്ത കാര്യമാണ്. അതിൽ ചില സംഗീതത്തിന്റെ രാഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതങ്ങിനെത്തന്നെ പോയാലേ അതിനു സ്വാദുള്ളു. അതേമാതിരി തന്നെയാണ് മേളപ്പദം ആകുമ്പോൾ പാട്ടുകാർക്കും മേളക്കാർക്കും അവരുടെ സ്വാധീനപ്രകാരം ചെയ്യാം. പക്ഷെ വേഷം അരങ്ങത്ത് വരുമ്പോൾ വേഷക്കാരന്റെ രീതിക്കനുസരിച്ചു വേണം കൊട്ടാനും പാടാനും.ഇതൊക്കെയാണതിന്റെ കാര്യങ്ങൾ. അങ്ങനെ ചിലതു ധരിച്ചു വെച്ചു കൊണ്ടുവേണം പുതിയ തലമുറയിലെ കലാകാരന്മാരും ആസ്വാദകരും കഥകളിയെ സമീപിക്കാൻ.
അതിപ്പോ എന്റെ കാര്യം പറയട്ടെ, ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും കിർമ്മീരവധത്തിലെ വട്ടംവെച്ചുകലാശം ഞാൻ ഒഴിവാക്കിയിട്ടില്ല, ഉവ്വോ? കാരണം എന്താണെന്ന് വെച്ചാൽ അതാ പദത്തിന്റെ ഭാഗമാണ്. വയ്യെങ്കിൽ പോലും ഞാനതു ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു. അപ്പോൾ അത്തരം സത്തായ കാര്യങ്ങൾ ഒഴിവാക്കരുത് എന്ന് പറയുകയായിരുന്നു.അത്രേയുള്ളു.
ഇക്കാര്യത്തിൽ ആസ്വാദകരുടെ നിഷ്കർഷ ഒരു പ്രധാന ഘടകമല്ലേ ?
അതെ, ശ്രദ്ധിക്കാൻ ആളുണ്ടെന്ന് വരുമ്പോൾ കലാകാരനും അത് ചെയ്യാൻ ഉത്സാഹം ഉണ്ടാവുകയും ചെയ്യും. ചെയ്തില്ലെങ്കിൽ അത് ശ്രദ്ധിക്കും എന്നൊരു ചെറിയ ഭയവും ഉണ്ടാകും.
മുഴു രാത്രി കളികൾ ഇപ്പോൾ വിരളമാണ്, ഒരു കഥയുടെ ചെറിയൊരു ഭാഗം മാത്രമാണ് പലപ്പോഴും ചെയ്യുന്നത്. അതിനുള്ള സമയമേ കിട്ടാറുള്ളു. ഈയിടെ ഉയർന്നുകേട്ട ഒരു അഭിപ്രായം, കഥകൾ മുറിച്ച് മുറിച്ച് അവതരിപ്പിക്കുന്നത് ശരിയല്ല, അത് ആട്ടക്കഥാകാരനോട് കാണിക്കുന്ന അനാദരവാണ് എന്നുള്ളതാണ്. അതേസമയം ലഭ്യമായ സമയം പരിഗണിക്കാതെ ദൈർഘ്യമുള്ള കഥാഭാഗമോ, ചിലപ്പോൾ രണ്ടു കഥകളോ ഒക്കെ നിശ്‌ചയിച്ചിട്ടു ഒന്നും വൃത്തിയായി ചെയ്യാൻ കഴിയാതെ വരുന്നത് കഥകളിയെ തന്നെ നശിപ്പിക്കലാണ് എന്ന മറുവാദവുമുണ്ട് . ഇതേ കുറിച്ച് ആശാന്റെ അഭിപ്രായം.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ, കിർമ്മീരവധം ആദ്യ ഭാഗം തുടങ്ങുന്നത് ” മാർഗ്ഗേ തത്ര.” എന്ന ശ്ലോകത്തോട് കൂടിയാണ്, ധർമ്മപുത്രരുടെ ഭാഗം. അല്ലേ? അത് കൃഷ്ണന്റെ രംഗം വരെയേ വേണ്ടൂ, അല്ലെങ്കിൽ അതിനെ സമയമേ ഉള്ളൂ. അതുവരെ കാണിക്കുമ്പോൾ ഒന്നും വിടാതെയാണല്ലോ കാണിക്കുന്നത്. അവിടുന്നങ്ങോട്ട് കാണിക്കുകയാണെങ്കിൽ, ഒന്നിച്ച് പോകുമ്പോൾ നേരം വെളിച്ചമാകുന്നത് വരെ കളിച്ചാലും സമയം കിട്ടിയെന്ന് വരില്ല. അങ്ങനെ മുറിക്കാൻ വേണ്ടി വരുമ്പോൾ. കിർമ്മീരവധം ” പാത്രചരിതം ” എന്ന് പറഞ്ഞാൽ കൃഷ്ണൻറെ ഭാഗം കഴിയുന്ന വരെ എന്നാണു അർത്ഥം. അവിടുന്നങ്ങോട്ട് കൃഷ്ണന്റെയും ദുർവ്വാസാവിന്റെയും എല്ലാം കിടക്കുന്നില്ലേ? അല്ലാ അത് സമയം ഉണ്ടങ്കിലല്ലേ കളിക്കാറുള്ളു? അപ്പോൾ വേറൊരു കാര്യം ഉള്ളതെന്താണെന്നു വെച്ചാൽ, ഇത് ഇനിയും വേഗം കഴിക്കണം എന്ന് സംഘാടകരുടെ ഭാഗത്ത് നിന്ന് നിർബന്ധം വന്നാലും അതങ്ങനെ വേഗം ഓടിച്ച് പോകാൻ സാധിക്കില്ല. അതിനിടയിൽ മുറിക്കാനുമാവില്ല.
എന്നാൽ ബകവധം എടുക്കൂ. എങ്ങനെയായാലും വേദവ്യാസൻ വരുന്നത് മുതൽക്കാണ് തുടങ്ങുന്നതെങ്കിൽ ഘടോൽക്കചൻ വരെയാണ് ഉണ്ടാവുക. അപ്പോൾ അതിനു മുന്പുള്ളതൊക്കെ ഒഴിവാക്കണില്ലേ? അതിനുകാരണം അതിനേക്കാൾ പ്രധാനപ്പെട്ട ഭാഗം ഇതായതുകൊണ്ടാണ്. അതു ചെയ്യുന്നതു വൃത്തിയായി ചെയ്യുക എന്നത് കലാകാരന്റെ കടമയാണ്.
പ്രധാനമായും നളചരിതം രണ്ടാം ദിവസത്തിലൊക്കെ ഈ പ്രശ്നം ചർച്ചചെയ്യപ്പെടാറുണ്ട്. ഈയിടെയായി പലപ്പോഴും കാട്ടാളൻ ഒഴിവാക്കുകയാണ് പതിവ്. അതിനു പ്രധാനമായി പറയുന്ന കാരണം ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ആസ്വാദകർ വളരെ വൈകി ഇരിക്കില്ല, അപ്പോൾ പിന്നെ ഒന്നുകിൽ വേഗം കൂട്ടി ഓടിച്ച് തീർക്കണം അല്ലെങ്കിൽ കാട്ടാളനോക്കെ എത്തുമ്പോൾ സദസ്സ് വളരെ ശുഷ്കമാകും. അങ്ങനെവരുമ്പോൾ നമുക്കുള്ള സമയം പരിഗണിച്ച് അതിനുള്ളിൽ വൃത്തിയായി ചെയ്യാൻ കഴിയുന്ന ഭാഗം മാത്രം ഉൾപ്പെടുത്തുക എന്നതാണ് കൂടുതൽ അഭികാമ്യം എന്നാണോ ?
അതു തന്നെയാണ്. അതിന്റെ ന്യായവും അതാണ് . അതിലിപ്പോ യാതൊരു കുറ്റവും പറഞ്ഞിട്ടു കാര്യമില്ല. മുഴുവൻ കാണിക്കണമെന്നുണ്ടെങ്കിൽ പിറ്റേ ദിവസവും കൂടി നിശ്ചയിക്കുക. മാത്രമല്ല ഇപ്പോൾ full night കളികൾ പൊതുവേ ഇല്ലാതെയായി തീർന്നല്ലോ. അതിപ്പോ എന്തെ ഈ full night കളി ഇല്ലാതെയായത് എന്ന് നോക്കിയാൽ, ഇന്ന് ആർക്കും വെളിച്ചമാകുന്നത് വരെ ഇരിക്കാനുള്ള സമയവും സൗകര്യവും പോരാ. അവർക്കു പിറ്റേ ദിവസം ജോലി കാണും. വേഷക്കാരെ സംബന്ധിച്ചോക്കെ അൽപ്പം ബുദ്ധിമുട്ടാണെങ്കിലും വൈകിട്ട് അഞ്ചുമണിക്കൊക്കെ തുടങ്ങി ഒൻപത് പത്ത് മണിക്കൊക്കെ കളി കഴിയണമെന്നുള്ളതാണ് ആസ്വാദകരുടെ ആവശ്യം. അവിടുന്നങ്ങോട്ട് വയ്യ. ഇരിക്കാൻ വയ്യ അല്ലെങ്കിൽ അതിനുള്ള സമയമില്ല. അല്ലേ? അപ്പോൾ കലാകാരന്മാരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യമില്ല. അതിനുള്ളിൽ എന്തുചെയ്യാം എന്ന് ആലോചിച്ച് തീരുമാനിക്കുക. അത് ചെയ്യുന്നത് കഥാകൃത്തിന്റെ ആശയത്തിന് വിപരീതമായിട്ടു ചെയ്യരുത് എന്ന് മാത്രമേ പറയാനുള്ളു. അത് കലാകാരൻ ശ്രദ്ധിക്കേണ്ട കാര്യമാണ്. ചെയ്യുന്നത് വൃത്തിയായിട്ടു ചെയ്യണം, വളരെ വൃത്തിയായിട്ട് ചെയ്യണം.
അതുപോലെ തന്നെ സംഘാടകർ ദൈർഘ്യമേറിയ ഭാഗം കുറഞ്ഞ സമയം കൊണ്ട് തീർക്കണം എന്ന് പറയുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്നതിന്റെ ദോഷങ്ങൾ കലാകാരന്മാർ അവരെ പറഞ്ഞു മനസിലാക്കാനും ശ്രമിക്കണം
സംഘാടകർ കലാകാരന്മാരോട് വന്നു ചോദിച്ചാൽ അവർ ഔചിത്യമായിട്ടുള്ള മറുപടി കൊടുക്കണം. ഇത്ര സമയത്തിൽ കഴിയണം, മുഴുവൻ ഭാഗങ്ങളും വേണം താനും എന്ന് പറഞ്ഞു ചെയ്യിപ്പിക്കുമ്പോൾ, ഇങ്ങനെയായിട്ടില്ലെങ്കിൽ (വേണ്ട സമയമെടുത്ത്) കഥകളിക്ക് അതിന്റേതായിട്ടുള്ള സത്തും ഗുണവും ഇല്ലാതെയായി തീരും. അപ്പോൾ അതു കാരണം അതല്ല നല്ലതെന്നു പറയണം. (ബാക്കി കൂടി) വേണമെങ്കിൽ അതു മറ്റൊരു ദിവസത്തേക്ക് കൂടി നിശ്ചയിക്കണം. ഈ പദങ്ങൾക്കും ആട്ടങ്ങൾക്കും ഒക്കെ ഒരു കാലപ്രമാണം ആചാര്യന്മാർ നിശ്ചയിച്ചിട്ടുണ്ട്, അത് മാറ്റിയാൽ കഥകളിയുടെ സൗന്ദര്യം നഷ്ടമാകും.
മാത്രമല്ല വേറൊരു കാര്യമുള്ളത്, ഈ ആട്ടം എന്ന് പറഞ്ഞിട്ടുള്ളത്. മനോധർമ്മം ആടുന്നുണ്ടല്ലോ? ഇത് വേഷക്കാരൻ എത്രത്തോളം ആടാൻ സാധിക്കുമോ അത്രത്തോളം ആടി നിറയ്ക്കുന്നത് തെറ്റാണ്. തെറ്റെന്നു പറഞ്ഞാൽ മറ്റൊന്നുമല്ല, ഇതാണ് ആൾക്കാർക്ക് അരോചകമായി തീരുന്നത്, മുഷിപ്പുണ്ടാക്കി തീർക്കുന്നത്. മനസ്സിലായില്ലേ? അതിനു ചെയ്യേണ്ടതെന്നാണെന്നു വെച്ചാൽ അതിന്റെ സത്തെല്ലാം കൂടി കൂട്ടിച്ചേർത്തെടുക്കണം. ഇതൊക്കെ ആസ്വാദകർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതാണ്. അപ്പോൾ ഒന്ന് കൂടി കാണണം എന്ന് അവർക്ക് തോന്നും.
ഒതുക്കി ചെയ്യുകയും, കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നിപ്പിക്കുന്നിടത്ത് നിർത്തുകയും വേണം.
അതെ, അത് തോന്നിപ്പിക്കണം. അതെല്ലാക്കാര്യവും അങ്ങിനെയാണ്. അതായത് നമ്മൾ മനപ്പൂർവം ദീർഘിപ്പിച്ചു കൊണ്ടുപോയി എന്ന് വെച്ചിട്ടു കേമനാകാൻ സാധ്യമല്ല. നമ്മൾ ഒരു പാട് നേരം ഈ ആട്ടം കൊണ്ടു പോയാൽ നന്നാവും എന്ന് തോന്നുന്നത് വിഷമമാണ്. ഏതൊന്നായാലും ആൾക്കാർക്ക് ഇനി കുറച്ചുകൂടി ആവാമായിരുന്നു എന്ന് തോന്നുന്നിടത്ത് നിർത്തിയാൽ അവർക്കു പിന്നെയും കാണണമെന്ന് തോന്നും. ഇതിപ്പോ വേറൊരുകാര്യമുള്ളത് നല്ല ആസ്വാദനശേഷിയുള്ള ആൾക്കാരാണെങ്കിൽ ” ആട്ടം സഹിക്കാൻ വയ്യ, അയ്യോ തുടങ്ങിയാൽ കഴിയുകയുമില്ല.” എന്ന് പറഞ്ഞു കൊണ്ട് ഇടയ്‌ക്കെഴുനേറ്റു പോകുന്ന ആൾക്കാരുണ്ട്, പറയുന്ന ആൾക്കാരുണ്ട്. ആ പറച്ചിൽ കൂടാതെ കഴിക്കാനാണ് ഞാനീപ്പറയുന്നത്. ഒരു നടന്റെ ചുമതലയാണതൊക്കെ. നടൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കഥകളി നിരൂപണം, ഗൗരവമായ ഒരു നിരൂപണം കഥകളിയിൽ ഉണ്ടാകുന്നതായി ആശാന് തോന്നിയിട്ടുണ്ടോ? കഥകളിക്കു ഗുണപരമായ രീതിയിൽ ചർച്ചകൾ ഉണ്ടാകുന്നുണ്ടോ?
ഇപ്പോൾ നിരൂപണം കൂടുതലും ഈ ഫേസ്ബുക്കിലൊക്കെ ആണല്ലോ. മുൻപേ ഒന്ന് രണ്ടെണ്ണവുമൊക്കെ വായിച്ചിരുന്നു. ഇപ്പോൾ അത് തീരെ നിർത്തി. എനിക്ക് വേണ്ട. എനിക്ക് വായിക്കണമെന്ന് തോന്നുന്നില്ല.
മറ്റൊരു കാര്യമുള്ളത് പുസ്തകം വായിച്ച് അതിന്റെ അടിസ്ഥാനത്തിൽ നിരൂപണം തുടങ്ങിയിട്ടുണ്ടെങ്കിൽ അത് കഥകളിക്കു ബുദ്ധിമുട്ടാണ്, അതായത് പുസ്തകം വായിച്ച് ഇഷ്ടം പോലെ അതിനെ സംബന്ധിച്ച് ഗ്രഹിതം മനസ്സിലുറപ്പിച്ചു കൊണ്ട് കഥകളി കണ്ടിട്ടു (പുസ്തകം അടിസ്ഥാനമാക്കി) നിരൂപണം നടത്തിയാൽ അത് കലാകാരന്മാർക്ക് വലിയ ബുദ്ധിമുട്ടാകും.
നിരൂപണം വേണം, ആവശ്യമാണ്. നിരൂപണം വേണ്ട എന്നുള്ളതല്ല, പക്ഷെ അത് കുറച്ച് വ്യക്തിപരമായിട്ടു അധിക്ഷേപിക്കുന്ന നിരൂപണങ്ങളായാൽ അത് വക വെച്ചു കൊടുക്കാൻ സാധ്യമല്ല. ആർക്കും സാധ്യമല്ല. അത്തരം നിരൂപകന്മാരോട് സഹകരിക്കാൻ കലാകാരന്മാർക്ക് ബുദ്ധിമുട്ടാകും. അല്ലെ. അങ്ങനെയല്ലേ?
അരങ്ങിൽ കാണുന്നതിൽ മാറ്റങ്ങൾ വേണോ അല്ലെങ്കിൽ അരങ്ങിൽ ചെയ്യുന്നതിലെ ശരിയോ തെറ്റോ എന്നത് നന്നായി അപഗ്രഥിച്ച് വ്യക്തിപരമല്ലാതെ നിരൂപണം നടത്തുകയാണ് വേണ്ടത്. പുസ്തകമോ സാഹിത്യമോ മാത്രം അടിസ്ഥാനമാക്കി നിരൂപണം നടത്തിയിട്ടു കാര്യമില്ല, അരങ്ങിൽ കാണുന്ന കഥകളിയെയാണ് നമ്മൾ കൂടുതൽ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്യേണ്ടത്. അങ്ങനെയല്ലേ ?
അതെയതെ. അത് തന്നെയാണ് (വേണ്ടത്) …
ഗവേഷണം, പരിഷ്‌കാരം, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ. അത് കഥകളിയിൽ വേണ്ട രീതിയിൽ നടക്കുന്നുണ്ടോ. ആശാനെ പോലെയുള്ള ചില കലാകാരന്മാർ സ്വയം ആലോചിച്ച് ചില മാറ്റങ്ങളും പരിഷ്കാരങ്ങളും ഒക്കെ അരങ്ങു പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്. നളചരിതം മൂന്നാം ദിവസത്തിൽ ” മറിമാൻ കണ്ണി.” എന്ന പദത്തിൽ ആശാൻ വരുത്തിയ മാറ്റം ഉദാഹരണം. പക്ഷെ അതിനപ്പുറം കഥകളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകളോ, സ്ഥാപനങ്ങളോ ഒന്നും അങ്ങനെ കാര്യമായി ഒരു ഗവേഷണ പ്രവൃത്തി ചെയ്യുന്നതായി കാണുന്നില്ല. അങ്ങനെ ഉണ്ടാകേണ്ടതല്ലേ, പ്രത്യേകിച്ച് അദ്ധ്യയനം കൂടി നടക്കുന്ന സ്ഥാപനങ്ങളിൽ.
നല്ലതാണ്. ഗവേഷണം എപ്പോഴും നല്ലതാണ്, പക്ഷെ വേറെ ഒരു കാര്യമുള്ളത് ഗവേഷണം അല്ലെങ്കിൽ പരിഷ്‌കാരം നടത്തുക എന്നുള്ളത് വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് ഒരാളോ രണ്ടാളോ വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് സംഭവിക്കില്ല.
നേരത്തെ മനോജ് പറഞ്ഞല്ലോ, “മറിമാൻ കണ്ണി.” എന്ന പദത്തിലെ ഭാഗം. “അവശം ചെയ്യപ്പെട്ടതോർത്താൽ.” എന്ന ഭാഗത്താണ് ഞാൻ അത് ചെയ്യുക. അവശം ചെയ്യപ്പെട്ടതോർത്താൽ എന്നിടത്ത് മൂന്നു മുദ്രയെ ഉള്ളു. “അവശം” എന്നുള്ളതും. “ചെയ്യുക” എന്നുള്ളതും, “ഓർത്താൽ” എന്നുള്ളതും. അങ്ങനെ വേണമെങ്കിൽ (പദത്തിനുള്ള മുദ്ര മാത്രം) കാണിക്കാം. എന്നാൽ മനസ്സിലാക്കാൻ എളുപ്പമുള്ളത്, ” അവശയായി കിടക്കുന്ന അവളെ ഉപേക്ഷിക്കേണ്ടി വന്നുവല്ലോ. അത് ഓർത്താൽ.” എന്നുള്ളതാണ്. മനസ്സിലായില്ലേ? ഇങ്ങനെയായാൽ ആസ്വാദകന് കൂടുതൽ മനസ്സിലാകും, നല്ല അനുഭവവും കിട്ടും എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അങ്ങനെ മാറ്റം വരുത്തി പരിഷ്കരിച്ച് കാണിക്കുന്നത്.
അങ്ങനെ മാറ്റം വരുത്തുമ്പോൾ ആലോചിക്കാതെ എന്തെങ്കിലും വാരിവലിച്ച് കാണിച്ചിട്ടും കാര്യമില്ല. അവിടെ ശോക രസമാണ് കൂടുതലുള്ളത്. ആ ശോക രസത്തിനു അനുയോജ്യമായ കാണിക്കലാണ് ഇതൊക്കെ. അല്ലാതെ ” ദയിതേ കേൾ.” എന്ന (ശൃംഗാരം നിറഞ്ഞുനിൽക്കുന്ന ) പദത്തിന്റെ സാരം എടുത്ത് ഇവിടെ ചേർത്താൽ അത് ശരിയാവുകയില്ല. അത് കൂട്ടി ചേർക്കുമ്പോൾ അപാകതയാകും.
ഞാൻ ഇതിനെ സംബന്ധിച്ചോക്കെ സ്വന്തമായി ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്.
അവിടെയാണെന്റെ ചോദ്യം, ഇപ്പോൾ ആശാൻ ഇങ്ങനെ സ്വയം ഗവേഷണം നടത്തി എങ്ങനെ മാറ്റം വരുത്തണമെന്നും അത് ആസ്വാദകരിൽ എന്ത് അനുഭവം ഉണ്ടാക്കുന്നു എന്നും ചിന്തിക്കുന്നു. മറ്റു പല കലാകാരന്മാരും അവരുടേതായ നിലകളിൽ അത് ചെയ്യുന്നു. എന്നാൽ അത് പോലെ കലാമണ്ഡലമോ മാർഗിയോ പോലെയുള്ള സ്ഥാപനങ്ങൾ ഇങ്ങനെയുള്ള സാധ്യതകൾ പരിശോധിച്ച്, അത് കുട്ടികളിൽ കൂടി എത്തിക്കാൻ ശ്രമിക്കേണ്ടതല്ലേ എന്നതാണ് എന്റെ സംശയം?
വേറൊരു കാര്യമുള്ളത് മനോജേ, കുട്ടികളിലേക്ക് അങ്ങോട്ടെത്തിക്കുകയല്ല വേണ്ടത്, കുട്ടികൾ സ്വയം ചിന്തിച്ച് ആശാന്മാരോട് ഇങ്ങോട്ട് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. അതായത് കുട്ടികൾ ആശാന്മാരോട് അല്ലെങ്കിൽ ഗുരുനാഥനാരാണോ അവരോട്, ഇവിടെ ഇങ്ങനെ ചെയ്‌താൽ കൂടുതൽ നന്നാവില്ലേ എന്ന് ചോദിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ തലമുറയ്ക്ക് അങ്ങനെ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, അർഹതയുണ്ട്. അവർ ചോദിക്കുകയും ചെയ്യണം. പഴയ തലമുറയ്ക്ക് അതായത് എന്നെ പോലുള്ളവർക്ക്, അല്ലെങ്കിൽ ഞങ്ങളുടെ കാലത്തുണ്ടായിരുന്നത് (രീതി), നമുക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നെ ഗുരുനാഥനോടു ചോദിക്കാൻ പാടില്ല, ചോദിക്കാറില്ല. അങ്ങനെ ചോദിക്കാത്ത കാരണം കൊണ്ട് പല അബദ്ധങ്ങളും പറ്റുന്നുമുണ്ട്. മനസ്സിലായില്ലേ,
ഞാൻ കലാമണ്ഡലത്തിൽ എം എ യ്ക്ക് പഠിപ്പിക്കുമ്പോൾ എന്നോട് അനവധി കുട്ടികൾ സംശയങ്ങൾ ചോദിക്കാറുണ്ട്, എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു കൊടുക്കാറുമുണ്ട്. അപ്പോൾ കുട്ടികൾ ഇങ്ങോട്ടു സംശയങ്ങൾ ചോദിക്കണം. അത് ഗുരുനാഥൻ തന്നെ വേണമെന്നില്ല. ആചാര്യന്മാർ ആരൊക്കെയാണോ കഥകളിയിലുള്ളത്, അവരോടൊക്കെ ചോദിക്കാം. അതല്ലാതെ കലാമണ്ഡലം പോലുള്ള സ്ഥാപനമോ, മാർഗി പോലുള്ള സ്ഥാപനമോ, ഇരിങ്ങാലക്കുട (കലാനിലയം) പോലെയുള്ള സ്ഥാപനമോ, അതല്ലാ അതിന്റെ അർത്ഥം.
സ്ഥാപനത്തിൽ ചൊല്ലിയാടിക്കുമ്പോൾ ഒരു ചടങ്ങുണ്ട്, ഒരു ചിട്ടയുണ്ട്. ഈ ചിട്ടയ്ക്ക് വിപരീതമായി സംശയം വരുമ്പോൾ ഗുരുനാഥനോടു ചോദിക്കണമെന്നർത്ഥം. അത് മടിക്കാതെ ചോദിക്കുക തന്നെ വേണം. ഞങ്ങൾക്കതു സാധിച്ചിരുന്നില്ല. അത് കാരണം കൊണ്ട് പല സംശയങ്ങളും ഇപ്പോഴും മനസ്സിൽ കിടന്നു കളിക്കുകയാണ്. അതാണ്.
ആശാൻ കഴിഞ്ഞ ആറു പതിറ്റാണ്ടായി അരങ്ങിൽ സജീവമാണ്. ആസ്വാദകരുടെ പല തലമുറകളും ഇതിനിടയിൽ ആശാന്റെ വേഷം കണ്ടു. ഈ തലമുറകൾക്കെല്ലാം സ്വീകാര്യനായ നായകനായി ആശാനിപ്പോഴും നിലകൊള്ളുന്നു . ഗുരുനാഥന്മാർ പഠിപ്പിച്ച കഥകളിയുടെ ചിട്ടകളിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ എങ്ങിനെയാണ് ഈ തലമുറകൾക്കെല്ലാം ഒരേപോലെ സ്വീകാര്യനാകുന്നത് എന്നതൊരു അത്ഭുതമാണ്. ഒരു സാധാരണ ആസ്വാദകൻ ചിന്തിക്കുന്ന രീതിയിലും വേഗതയിലുമാണ് ആശാന്റെ കഥാപാത്രങ്ങൾ അരങ്ങിൽ പ്രവർത്തിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ചിട്ടപ്രധാനമല്ലാത്ത നളചരിതം പോലെയുള്ള കഥകൾ ചെയ്യുമ്പോൾ. ഉദാ. നളചരിതത്തിലെ “കുണ്ഡിനനായക നന്ദിനി.” പോലെയുള്ള പദങ്ങളിൽ. മുദ്രകളുടെ വേഗതയിലും ക്രമത്തിലും, ശരീരചലനങ്ങളിലും, ചില ആശയങ്ങൾ വിസ്തരിക്കുന്നതിലും, മുഖ ഭാവങ്ങളിലുമെല്ലാം ആസ്വാദകന്റെ മനസ്സിന്റെ ഒപ്പം നിൽക്കുന്നു എന്നതാണോ മറ്റാരേക്കാളും കൂടുതൽ അനുഭവം ആശാന്റെ കഥാപാത്രങ്ങൾക്കു നൽകാൻ കഴിയുന്നതിന്റെ രഹസ്യം.
ഞാനീ ചെയ്യുന്നതിന്റെ കാര്യം. മനോജ് ഇപ്പൊ പറഞ്ഞില്ലേ കുണ്ഡിന നായകയുടെ കാര്യം. അത് തന്നെയെടുക്കാം. നാരദൻ ദമയന്തിയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞശേഷം നളൻ വന്നിരിക്കുകയാണല്ലോ. അപ്പോൾ ശരിക്കും രാജാവ് എന്ന നിലയ്ക്ക് തന്നെയിരിക്കണം, അതായത് മനുഷ്യൻ. ആ മനുഷ്യൻ എന്ന നിലയ്ക്കിരിക്കുമ്പോൾ ആരെ സംബന്ധിച്ചാണോ ചിന്തിക്കുന്നത് ആ ചിന്തയും ആ ഭാവവും ആണ് അവിടെ വരുന്നത്. ഞാൻ ചെയ്യുമ്പോൾ അങ്ങനെയാണത് ചെയ്യുന്നത്.
ഇതേമാതിരി വേറൊരു കാര്യമുള്ളത്, ആ പദത്തിൽ തന്നെയുള്ള ” മുദിര തതി കബരി …” എന്നതുണ്ടല്ലോ. ഈ മുദിര തതി കബരി എന്ന് വെച്ചിട്ടുണ്ടെങ്കിൽ, കാർമേഘ കൂട്ടം പോലെയുള്ള തലമുടി എന്നാണ്. പണ്ടത്തെ കാലത്ത് അത് പാദം വരെ എത്തിയിരുന്നു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. രാജകുടുംബത്തിൽ ജനിച്ച സ്ത്രീകൾക്ക് പ്രത്യേക ശുശ്രൂഷ കൊടുത്തിട്ടുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. അതു വിസ്തരിച്ച് കാണിച്ചാലേ അതിന്റെ (പ്രാധാന്യം) മനസ്സിലാക്കാൻ സാധിക്കുകയുള്ളു. മനസ്സിലായില്ലേ. അതിനാണ്, അല്ലാതെ പാട്ടുകാരെ കുറെ പാടിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല. പക്ഷെ ഈ തലമുടി വിസ്തരിച്ച് കാണിച്ചിട്ട്, അങ്ങനെയുള്ള ആ തലമുടി താലോടിക്കൊണ്ട്, അങ്ങനെ ആലിംഗനം ചെയ്യാനുള്ള മോഹം, അതിനുള്ള പദവി അങ്ങനെയാണ് (ഞാൻ) കാണിക്കുക. സ്വതവേ ഇങ്ങനെ തലമുടി തലോടുന്നതൊക്കെ കാണിക്കുന്നത് ഒരു നാടകീയത വരുത്താനാണെന്നു മനസ്സിലാക്കണം. ഈ തലമുടി ഇങ്ങനെ തലോടുന്നത് അവർക്കും (സ്ത്രീകൾക്കും) ഒരു രസമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോൾ ആസ്വാദകർക്ക് കൂടുതൽ അനുഭവം കിട്ടാൻ അങ്ങനെ ചിലതൊക്കെ നമ്മൾ കൂട്ടി ചേർത്തേ പറ്റൂ.
ഇപ്പോൾ ആശാൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ, ഇത്തരം സന്ദർഭങ്ങൾ അരങ്ങിൽ അവതരിപ്പിക്കുമ്പോൾ, ഒരു സാധാരണ മനുഷ്യൻ എങ്ങിനെയാണോ ആ സമയത്ത് ചിന്തിക്കുക അല്ലെങ്കിൽ പ്രവർത്തിക്കുക, അത് തന്നെ ആ കഥാപാത്രത്തിന്റെ ചലനത്തിലും ഭാവത്തിലും പ്രതിഫലിക്കുമ്പോൾ, ആസ്വാദകർക്ക് കൂടുതൽ അനുഭവവേദ്യമാകുന്നു എന്നതല്ലേ സത്യം.
തീർച്ചയായിട്ടും, തീർച്ചയായിട്ടും. അത് തന്നെയാണ്. അതിന്റെ കാര്യം അത് തന്നെയാണ്.
വേറൊരു കാര്യമുള്ളത്, നളൻ മനുഷ്യനാണ്. മനുഷ്യന്റെ ചരിതമാണ് ഈ കളിക്കുന്നുന്നത്. അപ്പോൾ ഒരു മനുഷ്യനിൽ എന്തൊക്കെ ഉണ്ടാകാം. അതിൽ എന്തൊക്കെയായാൽ അപകടമില്ലാതെ കാണിക്കാം. അതായത് നമ്മൾ കാണിക്കുമ്പോൾ കഴിയുന്നതും, കുറച്ച് ലോകധർമ്മി ആയാലും അത് അരോചകമാകാതെ വിധം കാണിക്കാനുള്ള ശ്രമം നടൻ സ്വയം കണ്ടെത്തി നടത്തുക. മനസ്സിലായില്ലേ? അതിനു വല്ല അപാകതയും വരുമ്പോൾ, “അതിങ്ങനെ വേണോ ഗോപിയേ?” അല്ലെങ്കിൽ ” അതിങ്ങനെ വേണോ ആശാനേ? ” എന്ന് നമ്മളോട് ആരെങ്കിലും ചോദിക്കാൻ സന്നദ്ധരാവുകയാണെങ്കിൽ, ആ ഉപദേശം സ്വീകരിക്കാൻ തയ്യാറാവുക.
പിന്നെ ഞാൻ കാണിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, എന്റെ ഗുരുനാഥന്മാര് പഠിപ്പിച്ചു തന്നിട്ടുള്ള കഥകളിയുടെ ചിട്ടവട്ടങ്ങൾ ഒട്ടും തന്നെ വിടാതെ , എന്റെ സ്വന്തമായ ചില കാര്യങ്ങൾ കൂടി ചേർത്തതാണ് ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്. അതായത് ചില നിൽപ്പുകളുമായിരിക്കാം (postures), പക്ഷെ അത് അപ്പപ്പോൾ ചെയ്യുന്നതാണ്. അതൊന്നും മുൻകൂട്ടി തീരുമാനിച്ചു ചെയ്യുന്നതല്ല. ഞാൻ എന്റെ കാര്യം മാത്രം പറയുകയാണ് കേട്ടോ. അതൊക്കെ അപ്പോൾ വരുന്നത് ഞാൻ ചെയ്യുന്നു. അതൊന്നും കളരിയിൽ ഗുരുനാഥന്മാര് പറഞ്ഞു തന്നിട്ടുള്ളതല്ല. എന്റെ ചില ആശയങ്ങളാണ്. മനസ്സിൽ കിടക്കുന്ന ചില സങ്കൽപ്പങ്ങളാണ്. ആ സങ്കൽപ്പങ്ങൾ എന്താണെന്ന് വെച്ചാൽ മനുഷ്യ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട ചില സങ്കൽപ്പങ്ങളാണ്. മനസ്സിലായോ?
എന്നാൽ, ഒരു കിർമ്മീരവധം നിശ്ചയിച്ചാൽ, ഒരു കാലകേയവധം നിശ്ചയിച്ചാൽ, ഒരു ബകവധം നിശ്ചയിച്ചാൽ അത് അവർ (ഗുരുനാഥന്മാർ ) പറഞ്ഞു തന്നതിൽ നിന്ന് വ്യത്യാസം വരാതെ തന്നെ കാണിക്കാൻ ശ്രമിക്കും.എന്നാൽ അവർ പറഞ്ഞുതരാത്തതാണ് ഇപ്പോൾ, കൃഷ്ണൻ വന്നു കഴിഞ്ഞിട്ട് ( കിർമ്മീരവധത്തിൽ ) ” നാണമില്ലയോ.” എന്ന ഭാഗത്ത് ധർമ്മപുത്രർ ചെയ്യന്നതില്ലേ, അത് അവർ പറഞ്ഞു തന്നിട്ടുള്ളതല്ല. അതെന്താണെന്നു വെച്ചാൽ കൃഷ്ണനോടുള്ള അങ്ങേയറ്റത്തെ ഭക്തിയും, പരിഭവവും. ഇതൊക്കെയാണ് ആ ധർമ്മപുത്രർക്ക് അപ്പോൾ മനസ്സിൽ തോന്നുന്നത്.
ഭഗവാനിൽ അചഞ്ചലമായ ഭക്തിയും വിശ്വാസവും ഉള്ള ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു വികാരം, അങ്ങനെ തന്നെ കാണിക്കുമ്പോൾ ആസ്വാദകർക്ക് അതിനോട് കൂടുതൽ ഒരു താദാത്മ്യം തോന്നുന്നു.
അതെ, അതും കൃഷ്ണനോടുള്ള ദേഷ്യമല്ല, പരിഭവമാണ്. അതാണ് ആലോചിക്കേണ്ടത്. പക്ഷെ നാണമില്ലയോ എന്ന് ചോദിക്കുമ്പോൾ അങ്ങേയറ്റത്തെ ഭക്തിയോടും കൂടിയാണ് ചോദിക്കുന്നത്. മാത്രമല്ല കൃഷ്ണന് പാണ്ഡവന്മാരോടുള്ള സ്നേഹാധിക്യം കൊണ്ട് മറുത്തൊന്നും പറയാനില്ല. അങ്ങനെയുള്ള കൃഷ്ണന് ഞങ്ങളുടെ സ്ഥിതി കണ്ടിട്ട് നാണമില്ലയോ എന്ന് ചോദിക്കുമ്പോൾ സങ്കടവും, പരിഭവവും, ഭക്തിയും എല്ലാംകൂടി ചേർത്ത് കാണിക്കേണ്ടതാണെന്ന് എനിക്ക് തോന്നി. നേരെയാവുന്നുണ്ടോ എന്ന് നിശ്ചയമില്ല, പക്ഷെ ഞാൻ കാണിക്കുന്നതിന്റെ ഉദ്ദേശം അതാണ്.
അപ്പോൾ അങ്ങനെ ഓരോരോ കഥകളെ സംബന്ധിച്ചും എടുക്കുമ്പോൾ ആ കഥകളിലുള്ള കഥാപാത്രങ്ങളുടെ സ്ഥായീഭാവം എന്താണ് എന്ന് മനസ്സിലാക്കി, മനസ്സിൽ ഉറപ്പിച്ച് കൊണ്ട് രംഗത്ത് പ്രവർത്തിക്കാനാണ് കഴിവതും ഞാൻ ശ്രമിക്കാറുള്ളത്.
സന്തോഷം ആശാൻ, ഒരുപാട് നേരം സംസാരിച്ചു. വലിയ സന്തോഷം.