By Manoj Krishna M
മുഖവുര :
മാധവൻകുട്ടി ഡോക്ടറുടെ പുസ്തകം പരിചയപ്പെടുത്തുമ്പോൾ അതിനുവേണ്ടി നടത്തിയ പുനർവായനകൾ നിരവധിയായിരുന്നു . പക്ഷെ അവ മിക്കപ്പോഴും ആ പുസ്തകത്തിന്റെ പരിധിയിൽ നിൽക്കുന്നതായിരുന്നു, ചില റെഫറൻസുകൾ പുസ്തകത്തിനു പുറത്ത് നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും. . കഥകളിയുടെ എല്ലാ മേഖലകളിലും ആഴത്തിൽ ജ്ഞാനമുള്ള ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുമ്പോൾ സ്വാഭാവികമായും അതിനോട് നീതിപുലർത്തനുള്ള ഒരു ശ്രമം ഉണ്ടാകേണ്ടതുണ്ട്. “കളി കഥയ്ക്കപ്പുറം ” പരിചയപ്പെടുത്തിയത് അത്തരം ഒരു ശ്രമമായിരുന്നു .. നിലാസ്സാധകത്തിൽ എത്തുമ്പോൾ പുനർവായനകൾ വേണ്ടിവരും എന്നറിയാമായിരുന്നു പക്ഷെ അത് പലപ്പോഴും പുസ്തകത്തിന്റെ 200 പുറങ്ങൾക്കപ്പുറം 17 മണിക്കൂർ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ തന്നെ പ്രഭാഷണ പാരമ്പരയുടെ പുനർശ്രവണങ്ങളിലേക്കും നീണ്ടുപോയി . എനിക്ക് തോന്നുന്നു ആ പ്രഭാഷണങ്ങൾ ഓരോന്നും വെവ്വേറെയെടുത്ത് ആഴത്തിലും നീളത്തിലും ചർച്ചചെയ്യേണ്ടതുണ്ടെന്ന് . എന്നെങ്കിലും അതിൽ ചിലതെങ്കിലും പരിചയപ്പെടുത്താൻ ശ്രമിക്കാം .
ഈ പരിചയപ്പെടുത്തൽ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുകയാണ് . ചർച്ചചെയ്യപ്പെടാൻ ഒരുപാടുള്ളപ്പോൾ അത് ഘട്ടം ഘട്ടം ആയി ചെയ്യുന്നതാണ് effective എന്ന് തോന്നി . ഇത് ആദ്യഭാഗം . ഈ കുറിപ്പിൽ ഉടനീളം ഗ്രന്ഥകാരന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത് അതല്ലെങ്കിൽ സർവ്വനാമങ്ങൾ . അത് ബഹുമാനക്കുറവുകൊണ്ടല്ല , ഒരു നാട്ടു നടപ്പു പിന്തുടർന്ന് എന്ന് മാത്രം . ഗൗരവമേറിയ കഥകളി ചർച്ചകൾക്ക് തുടക്കമാവും ” നിലാസ്സാധകം ” എന്ന് പ്രതീകിഷിച്ചു കൊണ്ട് തുടങ്ങട്ടെ …
പുസ്തകപരിചയം
ഒരു കാര്യം ആദ്യം തന്നെ പറയട്ടെ , “നിലാസ്സാധകം” എന്ന പുസ്തകം ഒറ്റയ്ക്ക് നിൽക്കുന്ന ഒരു ഗ്രന്ഥമല്ല , മറിച്ച് ചെണ്ടയുടെ ഇട നിറച്ച് പോകുന്ന മദ്ദളം പോലെ, രാജാനന്ദൻ നടത്തിയ പ്രഭാഷണപരമ്പരയ്‌ക്ക് ഒപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് . വേദിക പുറത്തിറക്കിയ ആ പ്രഭാഷണ പരമ്പര കൂടി കേൾക്കാൻ എല്ലാ ആസ്വാദകരോടും അഭ്യർത്ഥിക്കുകയാണ് .
“ശരാശരികളുടെ കാലം ” .. അതിൽ നിന്ന് തുടങ്ങാമെന്ന് തോന്നുന്നു . “നിലാസ്സാധകം “എന്ന പുസ്തകത്തിന്റെ അവസാന അധ്യായമാണത് .. “കളിയരങ്ങു വിമർശിക്കപ്പെടുന്നു ” എന്ന പേരിൽ ഭാഷാപോഷിണിയിൽ (2018 ) വന്ന സാമാന്യം നീണ്ട ഒരഭിമുഖം . രാജാനന്ദൻ എന്ന കഥകളി “activist ” പിന്തുടരുന്ന ചിന്താ രീതികളെ ആസ്വാദന ശീലങ്ങളെ ഒക്കെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട് ഈ അഭിമുഖം . ഭാഷാപോഷിണിയിൽ വന്നപ്പോൾ ആ അഭിമുഖം വായിച്ചിട്ടില്ല എങ്കിൽ ഇതൊന്ന് വായിച്ചിട്ട് ബാക്കി അധ്യായങ്ങളിലേക്ക് പോകാനാകും ഞാൻ താല്പര്യപ്പെടുക. രാജാനന്ദന്റെ നിരീക്ഷണങ്ങളെ /അഭിപ്രായങ്ങളെ കൂടുതൽ മനസ്സിലാക്കാൻ അത് വളരെയധികം ഉപകരിക്കും.
“ ശരാശരികളുടെ കാലം “ ഒരു അഭിമുഖമാണ് .. ഇതിൽ വരുന്ന ഓരോ ചോദ്യത്തിനുമുള്ള ഉത്തരം കഥകളി അടക്കമുള്ള ക്‌ളാസിക്കൽ കലകളുടെ സൂക്ഷ്മാവലോകനങ്ങൾ തന്നെയാണ്. ഒരു പക്ഷെ പുതിയൊരു സംസ്കാരത്തിന് തുടക്കമാകാവുന്ന ചർച്ചകൾക്കുള്ള കൈത്തിരികൾ ..
കഥകളി കാണാൻ തോന്നുന്നില്ല / കാണാൻ വയ്യാണ്ടായി എന്ന വളരെ തീവ്രവും കൂർത്തതുമായ ഒരു അഭിപ്രായത്തോട് കൂടിയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത് . ഈ അഭിപ്രായത്തിലേക്ക് രാജാനന്ദനെ നയിച്ച “reasoning “ആണ് ബാക്കി പുസ്തകവും ഏതാണ്ട് 17 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പരയും എന്നാണ് എന്റെ അഭിപ്രായം .
“ഈച്ചയെ കൊല്ലണമെങ്കിൽ ആറ്റംബോംബിടണം എന്ന മട്ടാണ് “എന്ന രാജാനന്ദന്റെ നിരീക്ഷണം ഒരു വലിയ സത്യമാണ് . ഇന്ന് കഥകളിയിൽ തിരനോക്ക് മുതൽ അത് പ്രകടമാണ് .. കത്തിവേഷം തിരനോക്കുമ്പോൾ വീരഭാവത്തോടെ നിവർന്ന് കഴിഞ്ഞുള്ള ഇടത് അറ്റത്തേക്കും വലത്തെ അറ്റത്തേക്കുമുള്ള നോട്ടത്തിനുപകരം തിരശ്ശീലക്കാരെ കൂടി വലിച്ചുമാറ്റി ശരീരം മുഴുവൻ തിരിക്കുന്ന രീതി …. ആവശ്യത്തിനും അനാവശ്യത്തിനും ദംഷ്ട്ര മുഴുവൻ പുറത്തെടുത്തിട്ടുള്ള അലർച്ചകൾ … മേളത്തിൽ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും മറ്റും വെച്ചുള്ള കോലാഹലങ്ങൾ .. ഒരു തത്വദീക്ഷയും ഇല്ലാത്ത രാഗം മാറ്റലുകൾ .. ബാലെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന അതി വൈകാരികത … എല്ലാം ആറ്റംബോംബുകൾ തന്നെ .. എല്ലാത്തിലും സ്ഥൂലത കടന്നുവരുന്നുണ്ട് .. വേഷത്തിലും, പാട്ടിലും , കൊട്ടിലും എല്ലാം .. എന്തിനേറെ മുഖത്തെഴുത്തിൽ പോലും ..
കഴിഞ്ഞ വർഷം കലാമണ്ഡലം സിന്ധുവിന്റെ ഒരു ശ്രീകൃഷ്ണാവതാരം നങ്യാർകൂത്ത് കണ്ടിരുന്നു .. വസുദേവർ മഹാവിഷ്ണുവിന്റെ കേശാദിപാദം കാണുന്നതൊക്കെ എത്ര സൂക്ഷ്മമായും ഒതുക്കിയും ആണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെട്ടുപോകും .. ആ സൂക്ഷ്മത കഥകളിക്കു കൈമോശം വരുന്നു എന്ന രാജാനന്ദന്റെ അഭിപ്രായത്തെ വലിയൊരളവു വരെ അനുകൂലിക്കുമ്പോഴും , ഒതുക്കിചെയ്യുന്ന ഒരു പറ്റം ചെറുപ്പക്കാരെ അരങ്ങിൽ കാണുന്നുണ്ട് എന്ന് കൂടിയാണ് എന്റെ അനുഭവം .
എങ്ങനെയാണ് ഈ സ്ഥൂലത അരങ്ങിലെത്തുന്നതും നിലനിൽക്കുന്നതും എന്ന കാര്യം പരിശോധിച്ചാൽ അതിന് ആവശ്യക്കാരുണ്ട് അല്ലെങ്കിൽ അതുവേണ്ട എന്നാരും പറയുന്നില്ല എന്നതാകും ഒരു കാരണം . കഥകളി മേളം എന്ന രാജാനന്ദന്റെ പ്രഭാഷണം ആരംഭിക്കുന്നത് തന്നെ ഇത്തരത്തിൽ ഒരഭിപ്രായം എടുത്തു പറഞ്ഞുകൊണ്ടാണ് . ഭീമസേനൻ ഹനുമാനെ കാണുന്നിടത്ത് എന്തിനാണ് കാലം കയറ്റി മേളം പെരുക്കുന്നത് എന്ന ചോദ്യത്തിന് “ഇതൊന്നുമാരും പറയില്ല ..” എന്ന കുറ്റപ്പെടുത്തൽ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ട് . ആസ്വാദകന് വേണ്ടാത്തതൊന്നും അധികകാലം അരങ്ങിൽ നിലനിൽക്കില്ല എന്ന അഭിപ്രായമാണ് എനിക്ക് വ്യക്തിപരമായി ഉള്ളത് . ഒരു മുതിർന്ന നടന്റെ അരങ്ങിലെ “പ്രകടനങ്ങൾ ” കണ്ട് എന്തായിങ്ങനെ എന്ന് ചോദിച്ചയാളോട് മറ്റൊരു കലാകാരൻ പറഞ്ഞ മറുപടി ശ്രദ്ധേയമാണ് “ഇതിനു കയ്യടിച്ചാൽ ഇതന്നെയല്ലേ ചെയ്യൂ “.
സ്ഥൂലത അല്ല സൂക്ഷ്മതയാണ് കഥകളിക്കു വേണ്ടത് എന്നത് രാജാനന്ദന്റെ ആസ്വാദനശീലമാണ് , ഏറിയും കുറഞ്ഞും അതെ രീതിയിൽ തന്നെ കഥകളി ആസ്വദിക്കുന്നവർ ഞാനടക്കം നിരവധിയാണ് .. എന്നാൽ ആറ്റംബോംബ് ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നും ആസ്വാദനം വ്യക്തിപരമാണെന്നും കൂടി പറഞ്ഞുകൊള്ളട്ടെ .
കൂടിയാട്ടത്തെ കുറിച്ചും തുള്ളലിനെക്കുറിച്ചും ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ നടത്തി മുന്നോട്ടുപോകുന്ന അഭിമുഖം പിന്നെയെത്തിനിൽക്കുന്നത് രാജാനന്ദൻ എന്ന ആസ്വാദകന്റെ തുടക്കവും വളർച്ചയും ചർച്ചചെയ്യുന്നിടത്താണ് .
ഗുരുസ്ഥാനീയരായ പുളിങ്ങര മാഷ്, എം എൻ നീലകണ്ഠൻ മാഷ് എന്നിവരിൽ ഒരാൾ സാഹിത്യത്തിലും മറ്റൊരാൾ അരങ്ങു ഭാഷയിലും കൂടുതൽ ശ്രദ്ധിക്കുന്നവരായിരുന്നു എന്ന് പരാമർശിക്കുന്നുണ്ട് രാജാനന്ദൻ . ഒരു പക്ഷെ ഇതാകാം “സമ്പൂർണമായ” ഒരു ആസ്വാദന ശീലം വളർത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്. തൗര്യത്രികവും അതിനപ്പുറമുള്ള ചിലതുമെല്ലാം ചേരുന്ന കഥകളിയുടെ എല്ലാ ഘടകങ്ങളെ കുറിച്ചും സാമാന്യ ജ്ഞാനം ഉണ്ടാവുന്നത് ആസ്വാദനത്തിലെ സമ്പൂർണതയ്ക്കു അത്യാവശ്യം വേണ്ട ഘടകമാണ് .
കഥകളിയെന്നല്ല ഏതു ക്ലാസിക്കൽ കലയുടെയും ആസ്വാദകൻ കൃത്യമായ ഒരു തയ്യാറെടുപ്പോടു കൂടിവേണം സദസ്സിലെത്താൻ എന്നതാണ് സ്വന്തം അനുഭവം വിവരിക്കുന്നതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്ന വളരെ ശ്രദ്ധേയമായ ഒരു കാര്യം. എട്ടു വർഷത്തോളം കളരിയിൽ പഠിച്ച് , അതിനുശേഷം അനേക വർഷങ്ങൾ അരങ്ങിൽ ചെയ്തുള്ള അനുഭവങ്ങളുമായി മുന്നിലെത്തുന്ന കലാകാരന്റെ പ്രകടനം ആസ്വദിക്കാൻ ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും ആസ്വാദകൻ നടത്തുന്നത് ഈ കലയോടും കലാകാരന്മാരോടും ചെയ്യുന്ന സാമാന്യ നീതിയായിരിക്കും എന്ന് തോന്നുന്നു . സൂക്ഷ്മവും ആഴത്തിലുള്ളതുമായ ഒരാസ്വാദനത്തിന് അതത്യാവശ്യമാണ്. തുടക്കത്തിലൊക്കെ അദ്ദേഹം അത് ചെയ്തിരുന്നു എന്നും പറയുന്നുണ്ട് . തികച്ചും ശരിയാണ് , ഭാഷാപോഷിണിയിൽ ഈ അഭിമുഖം വായിച്ച ശേഷം പലപ്പോഴും “ചൊല്ലിയാട്ടവും ” “നളചരിത വ്യാഖ്യാനങ്ങളും /ആട്ടപ്രകാരങ്ങളും “ഒക്കെ റെഫർ ചെയ്തു കഥകളിക്കു പോകാൻ തുടങ്ങിയ ഒരാളാണ് ഞാൻ . ആചാര്യന്മാർ ചെയ്ത അരങ്ങുകളുടെ വീഡിയോ കാണാനും മിക്കപ്പോഴും ശ്രമിച്ചിരുന്നു . ഒപ്പം കഥകളി ആഴത്തിൽ അറിയുന്ന ആളുകളുടെ അടുത്തിരുന്നു കളി കാണാനും ശ്രദ്ധിച്ചു .. അതിന്റെ ഗുണം ആസ്വാദനത്തിൽ ഉണ്ടായി താനും . ചിലപ്പോളൊക്കെ ഈ തയ്യാറെടുപ്പുകൾക്ക് ശേഷം കാണാൻ പോയ അരങ്ങുകൾ അറുബോറായിട്ടുണ്ട് . അതും ശരിയാണ് , പക്ഷെ അരങ്ങത്ത് കണ്ടതല്ല ശരി എന്ന് മനസ്സിലാക്കാനും അത് കലാകാരന്മാരെ ബോധ്യപ്പെടുത്താനുമുള്ള ആസ്വാദന നിലവാരം ഉണ്ടാക്കിയെടുക്കേണ്ടതും ഈ കലയുടെ ശുദ്ധി നിലനിർത്താൻ അത്യാവശ്യമാണ് .. “വക്കു (കാലിന്റെ) കൊണ്ട് ചവിട്ടുന്നുണ്ടോ എന്ന് നോക്കിയല്ല സംഘാടകർ വെളുപ്പിന് കവറു തരുന്നത് ” എന്നൊരു കലാകാരൻ പറഞ്ഞതായി പുസ്തകത്തിലും പ്രഭാഷണത്തിലും സൂചനയുണ്ട് .. ഈ സമവാക്യത്തിൽ ഇടപെട്ട് വക്കുകൊണ്ട് ചവിട്ടുന്നുണ്ടോ, എന്ന് നോക്കുന്ന മൂന്നാമതൊരു ഘടകമായി മാറാൻ ആസ്വാദകന് കഴിയണം .
അതിന്റെ ഒരു മറുവശം കൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ , അടുത്തേക്ക് ചെല്ലുമ്പോൾ ചെറിയ അഴുക്കുകൾ പോലും നമ്മുടെ കണ്ണുകളിൽ പതിയും . ശരാശരിയുടെ എണ്ണം കൂടും . ഇഷ്ടപ്പെടുന്ന അരങ്ങുകൾ കുറയും . ഒരു പക്ഷെ സൂക്ഷ്മമായ കാഴ്ച ശീലം നാലുപതിറ്റാണ്ടായി കൊണ്ടുനടക്കുന്നത് കൂടിയാകാം കളി കാണാൻ വയ്യെന്നായി എന്ന അഭിപ്രായത്തിലേക്കു രാജാനന്ദനെ എത്തിക്കുന്നത് . അറിയില്ല …
ആസ്വാദനവുമായി ബന്ധപ്പെട്ടു തന്നെ മറ്റു ചില കാര്യങ്ങൾ കൂടി സംസാരത്തിൽ കടന്നു വരുന്നുണ്ട് . കല ആദ്യം ഉണ്ടാകുന്നത് ആസ്വാദകന്റെ മനസ്സിലാണ് എന്നതാണ് ഒരു കാര്യം . മുൻകൂട്ടികാണൽ (anticipation ) എന്നത് ക്ലാസ്സിക്കൽ കലകളുടെ ആസ്വാദനത്തിന്റെ ഒരു രീതിയാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു . പ്രതീക്ഷിച്ചതു പോലെ വന്നാലും അതിനു പകരം പുതിയതൊന്ന് വന്നാലും ആസ്വാദകൻ സന്തോഷിക്കുന്നു . ചൂതുകഴിഞ്ഞു വനവാസത്തിനു പോകുമ്പോൾ ഒന്ന് നിന്ന് ഇടത്തെ കൈകൊണ്ടു “നന്നായി വരട്ടെ ” എന്ന് പുഷ്കരനെ അനുഗ്രഹിക്കുന്ന ഗോപിയാശാന്റെ നളൻ ആസ്വാദക പ്രതീക്ഷയെ സാക്ഷാത്കരിക്കുമ്പോൾ , ഈയിടെ കണ്ട ഒരു കല്യാണസൗഗന്ധികം ഭീമൻ , നിബിഡ വനത്തിലേക്ക് കയറി , കൂരിരുട്ടിൽ തപ്പി മരങ്ങളിൽ തൊട്ട് , അവയുടെ ദാർഢ്യം അനുഭവിച്ച് (കാലം കയറ്റി) , ദുര്യോധനൻ , കർണ്ണൻ , ദുശ്ശാസനൻ . എന്ന് മുദ്രകാട്ടി അവയെ തച്ചുതകർക്കുന്നതായി ആടി പ്രതീക്ഷയെ തകടംമറിച്ച് നല്ല ആസ്വാദന അനുഭവം തരുന്നു .. രണ്ടും അതിന്റേതായ രീതിയിൽ ആസ്വദിക്കാൻ ആ രംഗങ്ങളെ കുറിച്ച് ആഴത്തിലുള്ള സൂക്ഷ്മമായ ധാരണ ആസ്വാദകനും വേണം . ഇത് ആസ്വാദകർ തിരിച്ചറിയുകയും കലാകാരനുണ്ടാകേണ്ട സൂക്ഷ്മത ആസ്വാദകനും ഉണ്ടാകുകയും ചെയ്യുമ്പോളാണ് യഥാർത്ഥ ആസ്വാദനം നടക്കുന്നത്.
എല്ലാം ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു പക്ഷെ ആസ്വാദക ഭൂരിപക്ഷത്തിന്റെ സൂക്ഷ്മതക്കുറവാകാം മുൻപ് പറഞ്ഞ തൗര്യത്രികത്തിന്റെ സ്ഥൂലതയിലേക്ക് നയിക്കുന്നത് എന്ന് പോലും തോന്നി പോകും. അറിവുള്ള ആസ്വാദകർ മുന്നിലിരിക്കുമ്പോൾ കൂടുതൽ നന്നായി ചെയ്യാൻ തോന്നും എന്ന് ഗോപി ആശാൻ ഒരു സംഭാഷണ മദ്ധ്യേ പറഞ്ഞത് കൂടി ഇതിനോട് ചേർത്ത് വായിക്കാം .
മറ്റൊരു കാര്യം രാജാനന്ദൻ പറയുന്നത് ക്ലാസ്സിക്കൽ കലകളുടെ ഉള്ളടക്കം അപ്രധാനമാകുകയും രൂപം (form ) സുപ്രധാനമാകുകയും ചെയ്യുന്നു എന്നതാണ് . ഒരു പക്ഷെ കർണാടക സംഗീതത്തിലൊക്കെ ഈ അഭിപ്രായം 100 % ശരിയാകാം , പക്ഷെ കഥകളി പോലുള്ള കലകളിൽ ഈ അഭിപ്രായം ഏതളവുവരെ പ്രസക്തമാണ് എന്ന് വ്യക്തിപരമായി എനിക്ക് സംശയമുണ്ട് , കളി കഥയ്ക്കപ്പുറമാണ് എന്ന് സമ്മതിക്കുമ്പോഴും …
ഈ അധ്യായത്തിലെ ശ്രദ്ധേയമായ മറ്റൊരു ഖണ്ഡം കാറൽമണ്ണയിൽ കുഞ്ചുനായർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാലകളെ കുറിച്ചുള്ളതാണ് . ഒരു പാട് കേട്ടിട്ടുണ്ട് അവയെക്കുറിച്ച് . അതിന്റെ സംഘാടകരിൽ ഒരാളായ രാജാനന്ദൻ തന്നെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നടത്തിപ്പ് രീതിയും വിവരിച്ചു തരുമ്പോൾ ഓരോ സംഘാടകനെയും അത് ഉത്തേജിപ്പിക്കുന്നുണ്ട്, തീർച്ച . ഏറ്റുമാനൂർ കണ്ണൻ പറഞ്ഞ ഒരു കാര്യം ഓർത്തുപോയി ” കലാകാരന്മാരെ വാർത്തെടുക്കുന്ന പോലെ , ആസ്വാദകരെ വാർത്തെടുക്കുന്ന പോലെ , പുതിയ സംഘാടകരും വാർത്തെടുക്കപ്പെടുന്നു ഇത്തരം ശില്പശാലകളിൽ “. കാറൽമണ്ണ ശില്പശാലകളെ കുറിച്ച് തന്നെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് . ഒരു പക്ഷെ അത്തരം ശില്പശാലകൾ , ഗൗരവമായ ചർച്ചകൾ , വിലയിരുത്തലുകൾ , തിരുത്തലുകൾ ഒക്കെ കൂടുതൽ ഉണ്ടാകണം ഈ കലയുടെ മുന്നോട്ടുപോക്കിന് എന്ന് തോന്നുന്നു . ആ ഉത്തരവാദിത്തം നമ്മൾക്കോരോരുത്തർക്കുമുണ്ട് .
കഥകളിയുടെ ബോധന രീതിശാസ്ത്രത്തെ കുറിച്ചാണ് അടുത്ത പരാമർശം . പുസ്തകത്തിൽ മൂന്നു പേജോളം വരുന്ന ഒരു ചുരുക്കെഴുത്താണ് ലഭ്യമെങ്കിൽ വേദിക പുറത്തിറക്കിയ പ്രഭാഷണ പരമ്പരയിൽ ഒന്നര മണിക്കൂറിലധികം വരുന്ന ഒരു ബ്രഹത് പ്രഭാഷണമാണ് ബോധന രീതി ശാസ്ത്രത്തെ കുറിച്ചുള്ളത് . “എല്ലാം മാറുന്നു , ഇത് മാത്രം മാറാതെ നിൽക്കേണ്ടതില്ലല്ലോ ” എന്ന വാചകത്തിൽ എല്ലാമുണ്ട് . കഥകളിയുടെ ബോധന രീതിക്ക് കുറെ ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നും തല്ലും ഉഴിച്ചിലും എല്ലാമായി വിദ്യാർത്ഥിയിൽ ഭീതി ജനിപ്പിക്കുന്ന ഒരു രീതി പുനഃപരിശോധിക്കണം എന്നുമുള്ള രാജാനന്ദന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു . ആദ്യം വായിച്ചപ്പോൾ ആവർത്തനത്തിൽ ഊന്നിയുള്ള രീതി ഒഴിവാക്കണം എന്നൊക്കെയുള്ള പരാമർശങ്ങൾ ശരിയോ എന്നൊരു സംശയമുണ്ടായിരുന്നു . ആവർത്തിച്ചുറപ്പിക്കലിലൂടെയല്ലേ പ്രവൃത്തിക്ക് വൃത്തി വരൂ എന്നൊക്കെയുള്ള സന്ദേഹങ്ങൾ .. പക്ഷെ “ബോധനം “എന്ന പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ ( പലവുരു ) എന്റെ അഭിപ്രായത്തിൽ മാറ്റം വന്നു എന്നതാണ് സത്യം . അടിസ്ഥാനഘടകങ്ങൾ ( നേത്ര ചലനങ്ങൾ , മുദ്രകൾ , ചുവടുകൾ തുടങ്ങിയവ ) സാധകം ചെയ്തുറപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചു കൊണ്ടു തന്നെ , അതിനുമുകളിൽ കുറച്ചുകൂടി സ്വയം മനസ്സിലാക്കിയുള്ള പഠനമാണ് ആവശ്യം എന്ന് തോന്നുന്നു . പഠിപ്പിക്കുകയല്ല വിദ്യാർത്ഥിയെ പഠിക്കാൻ സഹായിക്കുകയാണ് അധ്യാപകന്റെ കർത്തവ്യം എന്ന വിദ്യാർത്ഥി കേന്ദ്രീകൃത പഠന രീതി കഥകളിയിലും വേണമെന്ന് സാരം .. ആശാൻ ചൊല്ലിയാടിക്കുകയല്ല വിദ്യാർത്ഥി ചൊല്ലിയാടുകയാണ് വേണ്ടത് ..
“ബോധനം ” നമ്മളെല്ലാവരും തുറന്ന മനസ്സോടെ മനസ്സിരുത്തി കേൾക്കണം, പലവട്ടം .. വിദ്യാഭ്യാസ രീതികളിൽ വന്ന മാറ്റങ്ങൾ വിശദീകരിക്കുന്ന ആദ്യഭാഗം .. അദ്ദേഹം സൂചിപ്പിക്കുന്ന കൊമേനിയസ് മുതൽ ഗാർഡെനർ വരെയുള്ളവരുടെ ചിന്തകളൊക്കെ കഥകളിക്കു മാത്രമല്ല ഏതു ബോധന ശാസ്ത്രത്തിനും ബാധകമാണ് . “അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക് …” , “നിരീക്ഷണത്തിൽ നിന്ന് നിഗമനത്തിലേക്ക് “, “വ്യക്തിയിൽ നിന്ന് സംഘത്തിലേക്ക് ” എന്ന പെസ്റ്റിലോസിയൻ സിദ്ധാന്തം മനസ്സിൽ തികട്ടി തികട്ടി വരുന്നു, മിക്ക ദിവസങ്ങളിലും . ഒരു പക്ഷെ ഏറ്റവും ശ്രദ്ധിക്കേണ്ടത് “നിരീക്ഷണത്തിൽ നിന്ന് നിഗമനങ്ങളിലേക്ക് “എന്ന ഭാഗമാണ് . മൂലകഥ , ഇതിവൃത്തം , ആട്ടക്കഥ , മറ്റുള്ളവർ ചെയ്യുന്നത് , മറ്റു കലാരൂപങ്ങളിൽ നടക്കുന്ന അവതരണങ്ങൾ നിരീക്ഷണത്തിൽ ഉൾപ്പെടണം . അതിൽ നിന്ന് സ്വയം നിഗമനങ്ങളിലേക്ക് ഒരു വിദ്യാർത്ഥിയെ നയിക്കുകയാണ് ശരിയായ രീതി .. അങ്ങനെ നിഗമനങ്ങളിലേക്കു സ്വയം എത്തുമ്പോൾ , കഥാപാത്ര നിലയൊക്കെ മനസ്സിൽ ഉറയ്ക്കും , പ്രത്യേകിച്ച് ചിട്ടപ്രധാനമല്ലാത്ത കഥകളുടെ അവതരണങ്ങളിൽ ഇന്ന് കാണുന്ന ദൗർബല്യങ്ങൾക്ക് ഒരളവു വരെ പരിഹാരവുമാകും .. അങ്ങനെയായാൽ കോസലനാഥന് സൂതനാകാൻ പോകുന്ന നളൻ (ബാഹുകൻ ) അയോധ്യയിലെ സംഗീതം കേട്ട് , എന്റെ രാജധാനിയിൽ ഇതിലും നല്ല സംഗീതമുണ്ടായിരുന്നു എന്ന് കുശുമ്പ് കുത്തില്ല .. ആ സംഗീതം അയാളെ സ്പർശിക്കുക പോലുമില്ല .. സ്വന്തം വേഷം കഴിഞ്ഞാൽ ആശാന്മാരുടെ വേഷം പോലും കാണാൻ നിൽക്കാത്ത വിദ്യാർത്ഥികളും , ശിഷ്യന്റെ വേഷം കണ്ട് തിരുത്തിയും അഭിനന്ദിച്ചും അവനെ /അവളെ വളർത്തിയെടുക്കാൻ മിനക്കെടാത്ത ആശാന്മാരും ഉള്ള കാലത്ത് എവിടെ നിരീക്ഷണം എവിടെ നിഗമനം എന്നാകും …
എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇത്ര പച്ചയായി ഇന്നത്തെ ബോധന രീതിയുടെ ദൗർബല്യങ്ങളെ കുറിച്ച് പറഞ്ഞിട്ടും കാര്യമായ ഒരു ചർച്ച ഇക്കാര്യത്തിൽ എവിടെയും ഉയർന്നു വന്നില്ല എന്നതാണ് .
പല ആചാര്യന്മാരെയും കുറിച്ചോക്കെ വിശദമായി പറയുന്നുണ്ട് അടുത്ത ഖണ്ഡങ്ങളിൽ . ഒരു കാര്യം എടുത്ത് പറയട്ടെ ; ഗോപി ആശാനേ കുറിച്ച് പറയുന്നിടത്ത് “വാക്കിന്റെ മുകളിലല്ലാതെ മുദ്ര വരില്ല ..” എന്നൊരു അഭിപ്രായം പറയുന്നുണ്ട് .. സത്യം .. അതാണ് ഗോപി ആശാൻ ആസ്വാദകർക്ക് നൽകുന്ന അനുഭവത്തിന്റെ “ഒരു “പ്രധാന കാരണം എന്നാണ് ഒരു ആസ്വാദകൻ എന്ന നിലയിൽ എന്റെ അനുഭവം . ഒപ്പം, ആട്ടങ്ങളിൽ അദ്ദേഹം പിന്തുടരുന്ന രീതി . സംശയങ്ങൾ ഇല്ലാതെ ആശയം മനസ്സിലാക്കാൻ ഉതകുന്ന മുദ്രാ ഘടനയാണ് അദ്ദേഹം സ്വീകരിക്കുന്നത് ..
കഥകളി മേളത്തെയും സ്പർശിച്ചു കൊണ്ടാണ് അഭിമുഖം മുന്നോട്ട് പോകുന്നത് . കഥകളി ചെണ്ടയിലും മദ്ദളത്തിലും വന്ന മാറ്റങ്ങളെ കുറിച്ചും അതിനു കാരണക്കാരായ കലാകാരന്മാരെക്കുറിച്ചും ഒരു വിവരണം നൽകുന്നുണ്ട് . വളരെ വിപുലമായി തന്നെ ഇതൊക്കെ “കഥകളി മേളം “എന്ന പ്രഭാഷണത്തിൽ പറയുന്നുണ്ട് . ആ പ്രഭാഷണം ഒഴിവാക്കി ഒരു വായന ഇക്കാര്യത്തിലും സാധ്യമല്ല . പടം മറിച്ചു മദ്ദളം കൊട്ടുന്നതിൽ നിന്ന് വിരല് മറിച്ചു കൊട്ടുന്ന രീതിയിലെത്തിയതിനെ കുറിച്ചും , മന്നാടിയാരാശാന്റെ ഉരുള് കോലിന്റെ കനത്തെ കുറിച്ചും ഒക്കെ ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട് പ്രഭാഷണത്തിൽ .
പുതിയ കഥകളി , പുതിയ പ്രേക്ഷകർ എന്ന ഭാഗത്ത് കാറൽമണ്ണ ശില്പശാലകൾ തുടങ്ങി സമാനമായ മറ്റുദ്യമങ്ങൾ ഒക്കെ ചേർന്ന് ഒരു പുതിയ ആസ്വാദന സംസ്കാരം വികസിച്ച് വരുന്നു എന്ന യാഥാർഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ ചില അനാവശ്യ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട് രാജാനന്ദൻ . ശരാശരികൾ വാഴുന്നു എന്നും , കഥകളി ആസ്വാദക രംഗത്തെ സ്തുതി പാടൽ സംസ്കാരം നല്ല കഥകളിക്ക് വിഘാതമാണെന്നും , ഒപ്പം നിലാവാരം കുറഞ്ഞ കഥാവതരണങ്ങളോട് പ്രേക്ഷകർക്ക് ആഭിമുഖ്യം കൂടുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . ഇതെല്ലാം ചേർന്ന് കഥകളി മടുപ്പുളവാക്കുന്നുണ്ട് എന്നും ആ അഭിമുഖം conclude ചെയ്തു കൊണ്ട് രാജാനന്ദൻ പറയുന്നു .
രാജാനന്ദന്റെ അഭിപ്രായങ്ങളോട് പൊതുവെ യോജിക്കുമ്പോഴും കഥകളിയെ ഗൗരവമായി കാണുന്ന ഒരു ആസ്വാദന സംസ്കാരം വളർന്നു വരുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം . ശരിയാണ് വൃദ്ധയും ഭീരുവുമൊക്കെ 2017 -18 കാലഘട്ടത്തിൽ പ്രാധാന്യം നേടി എങ്കിലും അതൊരു കാഴ്ച സംസ്കാരമായി വേരുറപ്പിച്ചില്ല എന്നതാണ് സത്യം . ജനകീയം എന്ന് വിശേഷിപ്പിക്കുന്ന കഥകൾ ധാരാളം അരങ്ങു കാണുമ്പോഴും തുല്യമല്ലെങ്കിലും നിസ്സാരമല്ലാത്ത അളവിൽ കഥകളിത്തം കൂടുതലുള്ള കഥകളും അവതരിപ്പിക്കപ്പെടുന്നില്ലേ ? ഉണ്ടെന്നാണ് എന്റെ തോന്നൽ .
കഥകളിക്കു വന്ന സ്ഥൂലതയെ കുറിച്ചും ശരാശരി അരങ്ങുകളുടെ ആധിക്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു . രാജാനന്ദന്റെ ഒരു പ്രഭാഷണത്തിൽ മണിയൻ മാരാരുടെ മേളം കേൾക്കാൻ ആസ്വാദകർ പുറകെ പോകുന്നു എന്ന് പറയുന്നത് പോലെ , അടുത്തത് നന്നാകും എന്ന പ്രതീക്ഷയിൽ .. ഒടുവിൽ അതികേമമാകുന്ന ഒരു കളിക്ക് വേണ്ടി നമ്മളും നടക്കും … നടക്കണം .
കുറെ ഭാഗങ്ങൾ ഞാൻ ഈ കുറിപ്പിൽ പരാമർശിക്കാതെ വിട്ടിട്ടുണ്ട്. ഓരോന്നും ചർച്ചചെയ്യേണ്ടതാണ് , വിസ്താര ഭയത്താൽ അത് ചെയ്യുന്നില്ല . എനിക്ക് പ്രസക്തം എന്ന് തോന്നിയവയിൽ ആദ്യം നിൽക്കുന്ന ചിലത് തിരഞ്ഞെടുത്തു എന്ന് മാത്രം .
ഉപസംഹാരം
ഈ അഭിമുഖം നമുക്ക് മുന്നിൽ തുറക്കുന്ന രണ്ടു പ്രധാന ചർച്ചാ സാധ്യതകൾ കൂടി പറഞ്ഞു കൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം .
1 ) ആസ്വാദന പ്രക്രിയ കൂടുതൽ സൂക്ഷ്മമാക്കാനും കൂടുതൽ ആസ്വാദകരെ സൃഷ്ടിക്കാനും എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു
2 ) കഥകളിയുടെ ബോധന രീതി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം ഉണ്ടോ ? .
രണ്ടാമത്തേത് കലാമണ്ഡലം അടക്കമുള്ള വിദ്യാലയങ്ങൾ ചർച്ച ചെയ്യേണ്ട വിഷയമാകുമ്പോൾ , ആദ്യത്തേത് കഥകളി ക്ളബ്ബുകളും സംഘാടകരും ആത്മാർത്ഥമായി ശ്രമിക്കേണ്ടതും.
നാലഞ്ചു ദിവസത്തിനകം രണ്ടാം ഭാഗമായി , പുസ്തകത്തിന്റെ ബാക്കി ഭാഗം കൂടി പരിചയപ്പെടുത്താമെന്നു കരുതുന്നു .
ചർച്ചകൾക്കായി കാതോർക്കുന്നു ..
“നീലകണ്ഠം സ്മരാമി ” ..
“അന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാം വഴികാട്ടും ഗുരു “. അന്ധതയകറ്റുന്ന മാർഗ്ഗദർശിയാണ് ഗുരുവെങ്കിൽ എം. എൻ. നീലകണ്ഠൻ ആണ് തന്റെ ഗുരു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീ രാജാനന്ദൻ തന്റെ പുസ്തകം ആരംഭിക്കുന്നത്.
തന്റെ ആസ്വാദന ജീവിതത്തിന്റെ വളർച്ചയെ , അത് കഥകളിയാകട്ടെ , സാഹിത്യമാകട്ടെ , സ്വാധീനിച്ച നീലകണ്ഠൻ മാഷുടെ ആസ്വാദന രീതികളെക്കുറിച്ച് സ്വല്പമൊന്നു പരാമർശിച്ച് മുന്നോട്ടുപോകുന്ന ലേഖനം കൃത്യമായ ഗുരുസ്മരണയാണ് . ഈ ലേഖനത്തിന്റെ അവസാനം രാജാനന്ദൻ പറയുന്നൊരു കാര്യമുണ്ട് “സ്വന്തം അഭിരുചികളെ ആർക്കുമേലും അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചും എന്നാൽ സ്വന്തം രുചികൾക്ക് കലർപ്പു വരാതെ സൂക്ഷിച്ചും നടന്നുതീർത്ത നീലകണ്‌ഠ മാർഗ്ഗം ” .. ഈ ശിഷ്യനെ സമ്മാനിച്ച ഗുരുവിന്റെ മുൻപിലും ഈ ഗുരുത്വത്തിന്റെ മുൻപിലും കൂപ്പുകൈ .
ഒപ്പം ചെറുപ്പത്തിൽ തന്നെ കഥകളിയിലേക്കും , കർണാടക സംഗീതത്തിലേക്കും , ചെസ്സിലേക്കും ഒക്കെ എന്നെ കൈ പിടിച്ച് നടത്തിയ അത്രയൊന്നും പ്രസിദ്ധനല്ലാത്ത മണ്മറഞ്ഞ ശ്രീ ബാലകൃഷ്ണൻ നായർ എന്ന മാർഗ്ഗദർശിക്കും .
നിലാസ്സാധകം പരിചയപ്പെടുത്തലിന്റെ രണ്ടാം ഭാഗം ആരംഭിക്കാം .
****************************************************************************************************
“സ്വയം” എന്ന ആദ്യഭാഗം തുടങ്ങുന്നത് “കഥകളിയുടെ കാഴ്ചവഴികൾ “എന്ന ലേഖനത്തോടെയാണ്. 101 ആട്ടക്കഥകളുടെ പുതിയ പതിപ്പിനുള്ള ആമുഖത്തിൽ മുൻപ് പ്രസിദ്ധീകരിച്ചതാണിത്. ആട്ടക്കഥകൾ സമ്പന്നമായൊരു സഹിത്യപ്രസ്ഥാനമാകുമ്പോഴും , കഥകളി ക്ക് അടിസ്ഥാനമാകുന്ന ഒരു പറയുകതപാഠമാണ് ആട്ടക്കഥകൾ എന്ന യാഥാർഥ്യം മുന്നോട്ടു വെച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ആ ഒരു വീക്ഷണകോണിൽ നിന്നുകൊണ്ടാണ് ഈ ലേഖനം പുരോഗമിക്കുന്നത് .
തന്റെ കാഴ്ചവട്ടത്തിനകത്ത് കഥകളി സമ്പൂര്ണമാകുന്നു എന്ന അവകാശവാദമില്ല എന്ന പ്രസ്താവന ഒരു പക്ഷെ തുടർന്നങ്ങോട്ടുള്ള വായനയിൽ ഓരോ വായനക്കാരനും മനസ്സിൽ സൂക്ഷിക്കണം എന്നാണ് എന്റെ അഭ്യർത്‌ഥന . അതദ്ദേഹം പതിറ്റാണ്ടുകളിലൂടെ സ്വയം നിർമ്മിച്ചെടുത്ത ഒരു ആസ്വാദനശീലത്തിന്റെ പ്രതിഫലനം മാത്രമാണ് .
മത്തവിലാസം refer ചെയ്ത് ഇവിടെപ്പറയുന്ന ഒരു കാര്യം ഒരുപക്ഷെ ആസ്വാദകനെക്കാൾ ഒരു പ്രയോക്താവ് മനസ്സിൽ സൂക്ഷിക്കേണ്ടതാണ് . നടിക്കുമ്പോൾ തന്നെ ഒരു പ്രേക്ഷകൻ കൂടിയാകുക .. താൻ ചെയ്യുന്നതിനെ ഒരു പ്രേക്ഷകനായി വിലയിരുത്തുക . ഒരു പക്ഷെ ഗോപി ആശാന്റെ ഏറ്റവും വലിയ വിജയം അതാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട് .
“സലജ്ജോഹം ” ഉദ്ധരിച്ച് എങ്ങിനെയാണ് അനേകം കലാകാരന്മാരുടെ പ്രവർത്തിയുടെ കൃത്യമായ അളവിലുള്ള സംയോഗം ഒരു പ്രേക്ഷകന്റെ ആസ്വാദനാനുഭവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദമായി പറയുന്നു അടുത്തഭാഗം . പ്രേക്ഷകന്റെ മനസ്സിലാണ് യഥാർത്ഥ കഥകളി രൂപപ്പെടുന്നത് എന്ന അർത്ഥത്തിൽ “പ്രേക്ഷകൻ കഥകളി കണ്ടെടുക്കുന്നു “എന്നൊരു പ്രയോഗം അദ്ദേഹം നടത്തുന്നു .. മനോഹരവും വലിയ അർഥങ്ങൾ നിറഞ്ഞതുമായ ഒരു വാചകമാണത് .. ആസ്വാദകന്റെ ഉത്തരവാദിത്തം വർദ്ധിക്കുകയാണ് .. ഒരേ അരങ്ങു വെവ്വേറെ ആസ്വാദകർക്ക് വ്യത്യസ്ത അനുഭവങ്ങൾ നൽകുന്നത് ഇത് കൊണ്ടാണ് ..
അടുത്തതായി പരാമർശിക്കുന്നത് നമ്മളേറെ ചർച്ച ചെയ്ത ഒരു കാര്യമാണ് .. നടന്റെ അരങ്ങു പ്രവർത്തിയുടെ സൗന്ദര്യ പൂർണതയാണ് ആശയപരമായ ഉള്ളടക്കത്തേക്കാൾ പ്രേക്ഷകന്റെ മനസ്സിൽ തറയ്ക്കുക എന്നത് സലജ്ജോഹത്തിന്റെ പരിസരത്ത് നിന്നുകൊണ്ടു തന്നെ പറയുമ്പോൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. സുഭദ്രാഹരണം മാലയിടീലും , തപസ്സു ചെയ്തു വരം നേടി എന്ന ഒറ്റവരി ആശയം ഉത്ഭവം തപസ്സാട്ടം എന്ന ഗംഭീരത ആകുന്നതും ഒക്കെ ഇതിനുദാഹരണങ്ങൾ തന്നെ .
ഒതുക്കം , മിതത്വം , സൂക്ഷ്മത എന്നിവയെ ഓർമിപ്പിച്ചു കൊണ്ട് ചില സംഭവങ്ങൾ വിവരിക്കുന്നു അടുത്തതായി . പ്രധാനമായും അഞ്ചു ചിരികൾ കൊണ്ട് വലിയ അർത്ഥതലങ്ങളും ആശയങ്ങളും ആസ്വാദകമനസ്സിൽ വിരിയിച്ചെടുത്ത അവസരങ്ങൾ . അതിലൊന്ന് മാത്രം കാണാനുള്ള ഭാഗ്യമേ എനിക്കുണ്ടായിട്ടുള്ളു , അർജുനന്റെ തേര് തെളിക്കാൻ കൃഷ്ണനെന്നെ കുട്ടിക്കാലത്തേ പഠിപ്പിച്ചിട്ടുണ്ട് എന്ന് സുഭദ്രപറയുമ്പോൾ വലത്തേക്ക് നോക്കി കൃഷ്ണനെ മനസ്സിൽ കണ്ടുള്ള ഗോപി ആശാന്റെ ആ ചിരി .. (രാജാനന്ദൻ പറയുന്ന ചിരികൾ കാണാൻ ഭാഗ്യം കിട്ടാത്തവർ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാലും മതി ..)
തുടർന്ന് പറയുന്ന കാര്യത്തോട് , ദൃശ്യസാധ്യത യുള്ളതും ഔചിത്യപൂർണവുമായ ആട്ടങ്ങളെ പാടുള്ളു എന്നും അവ തന്നെ മടുപ്പിക്കാതെ ഒതുക്കി ചെയ്യണമെന്നുമുള്ള ചിന്തയോട്, 100 % യോജിക്കുന്നു .
അർത്ഥബോധനത്തിന്റെ ആവിഷ്കാരം എന്ന ഭാഗം നമ്മളേറെ ചർച്ചചെയ്തതാണ് . വാഗാർത്ഥ പ്രകാശനം സംഗീതത്തിന്റെ ധർമ്മമേ അല്ല എന്ന കടുത്ത പരാമർശത്തോട് 100 % യോജിക്കുന്നില്ലെങ്കിലും അതല്ല പ്രാഥമിക ദൗത്യം എന്നാണ് എന്റെയും ചിന്ത .
തുടർന്ന് വരുന്നത് കഥകളിയിലെ സ്ത്രീവേഷ ഭാഗമാണ് . പുരുഷ കേന്ദ്രീകൃതമായ ഒരു ആവിഷ്കാര രീതിയാണ് കഥകളിയിലെ സ്ത്രീവേഷ ങ്ങൾക്ക് കളരി നൽകുന്നതെന്നും അതിലേക്ക് സ്ത്രൈണത സ്ഥാപിക്കാൻ കലാകാരൻമാർ നടത്തുന്ന നിഷ്‌ഫലമായ ശ്രമങ്ങൾ അരോചകമാകുന്നു എന്നും രാജാനന്ദൻ പറയുന്നു . ആദ്യഭാഗത്തോട് യോജിക്കുമ്പോഴും നല്ല ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറെയൊക്കെ നടന്മാർ അതിൽ വിജയിക്കുന്നുണ്ടെന്നും ആണ് എന്റെ അഭിപ്രായം .
കഥകളി സംഗീതത്തെ കുറിച്ച് ; ലേഖനത്തിൽ കുറച്ചുമാത്രമേ പറയുന്നുന്നുള്ളു . ഒരു നല്ല പ്രഭാഷണം തന്നെ ഉണ്ട് അതുകൂടി കേൾക്കുക . വലിയ പരിണാമങ്ങൾ ഉണ്ടായ ഒരു മേഖലയാണ് കഥകളി സംഗീതം എന്ന രാജാനന്ദ ചിന്തയോട് ഞാനും യോജിക്കുന്നു . പ്രധാന മാറ്റം കർണാടക /ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം നന്നായി വർദ്ധിച്ചു എന്നതാണ് . മറ്റൊന്ന് ഭാവത്തിന് വലിയ പ്രാധാന്യം കഥകളി സംഗീതത്തിൽ ഉണ്ടായി എന്നതാണ് . ഇവ രണ്ടും പറഞ്ഞശേഷം രാജാനന്ദൻ ഒരു വലിയ ചൂണ്ടിക്കാണിക്കുന്നുണ്ട് . അത് കാലപ്രമാണത്തിന്റെ കാര്യത്തിൽ അരങ്ങിൽ വന്ന മാറ്റമാണ് . ഇടക്കാല പദങ്ങൾ കൂടുതൽ പതിയുന്നു എന്നതാണക്കാര്യം . മാടമ്പി ആശാൻ ലളിതയ്ക്കു പാടിയപ്പോൾ ഒരു പുതു തലമുറ നടന് താളവട്ടത്തിനകത്ത് മുദ്രതീർക്കാൻ ബുദ്ധിമുട്ടുണ്ടായി എന്ന് പ്രഭാഷണത്തിൽ ഒരിടത്ത് പറയുന്നുണ്ട് .
ഈ observation ആദ്യം എനിക്കത്ര സ്വീകാര്യമായി തോന്നിയിരുന്നില്ല . ചില പഴയ റെക്കോർഡുകൾ കേട്ട് നോക്കിയപ്പോൾ പാദങ്ങളും മുൻപത്തേക്കാൾ വളരെ കാലം താഴ്ത്തിയാണ് ഇപ്പോൾ നടപ്പെന്നു മനസ്സിലായി .
എവിടെമുതലാണ് ഈ മാറ്റം സംഭവിച്ചത് എന്ന് പരിശോധിക്കേണ്ട ആവശ്യമുണ്ടോ എന്നറിയില്ല , പക്ഷെ കണ്ണൻ (ഏറ്റുമാനൂർ പി കണ്ണൻ )ചേട്ടനെ പോലുള്ളവരോടൊക്കെ സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു ഊഹം കലാമണ്ഡലത്തിൽ ഏറെക്കുറെ സമകാലീനരായിരുന്ന മാടമ്പി ആശാനും എംബ്രാന്തിരി ആശാനും വ്യത്യസ്ത രീതിയിലാണ് ചില പദങ്ങളുടെ കാലപ്രമാണം കൈകാര്യം ചെയ്തിരുന്നത് എന്നാണ് . ഭാവത്തിന് വലിയ ഊന്നൽ വന്ന എംബ്രാന്തിരി , ഹൈദരലി , ഹരിദാസ് യുഗത്തിൽ ആ കൈവഴിയിലാണോ ഇത് സംഭവിച്ചത് എന്ന് അതിനു മുൻപും ശേഷവും കളി കണ്ടിട്ടുള്ള അനുഭവസ്ഥർ പറഞ്ഞു തരുമെന്ന് കരുതുന്നു .
ഏതായാലും അതൊരു നല്ല മാറ്റമായാണ് എനിക്ക് തോന്നിയിട്ടുള്ളത്, കാരണം എന്തായാലും . നല്ല ഗായകനും നല്ല വേഷക്കാരനും പുതിയ അവസരങ്ങൾ, പ്രത്യേകിച്ച് ഭാവ പ്രകാശനത്തിന്, നൽകുന്നു എന്നാണ് എന്റെ പക്ഷം ..
“കല്ലുവഴിയിലെ മുള്ളുകൾ മാറ്റാൻ ” എന്ന അടുത്ത ലേഖനം നൃത്യത്തിൻ്റെ കേവലതയിൽ നിന്ന് നാട്യത്തിന്റെ സൂക്ഷ്മതയിലേക്കുള്ള കഥകളിയുടെ ചുവടുമാറ്റം വിശദീകരിക്കാനാണ് മുതിരുന്നത് . കുയിൽത്തൊടി ഇട്ടിരാരിശ്ശ മേനോന്റെ കളരിയിൽ തുടങ്ങി കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ mentoring കൂടി ഉൾക്കൊണ്ട് പട്ടിക്കാംതൊടി രാവുണ്ണിമേനോനാശാൻ നവീകരിച്ചുറപ്പിച്ചെടുത്ത കല്ലുവഴി സമ്പ്രദായത്തിന്റെ വളർച്ചയാണ് പ്രധാനമായും പ്രതിപാദിക്കുന്നത് . നാട്യത്തിന് കീഴ്പെട്ട തൗര്യത്രിക സമ്പന്നത എന്നതാണ് അദ്ദേഹത്തിന്റെ കലാദർശനത്തിന്റെ കാതൽ എന്ന് പറഞ്ഞു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത് . സ്വതന്ത്രമായി വികസിച്ചിരുന്ന വാദ്യകലയെയും സംഗീതത്തേയും എല്ലാം ചേർത്തുള്ള കഥകളി കളരിയുടെ സമഗ്രത എന്ന സങ്കൽപ്പത്തിന്റെ പിതൃത്വം രാവുണ്ണിമേനോനാശാന് നൽകുന്നുമുണ്ട് രാജാനന്ദൻ .
ആ താവഴിയിൽ നിന്ന് മുളച്ച പല ശാഖകളെ കുറിച്ചാണ് പിന്നീട് പറയുന്നത് . സങ്കേത ശുദ്ധിയിൽ നിന്ന് കടുകിട വ്യതിചലിക്കാതിരുന്ന കുഞ്ചു നായരാശാനും , അതിനു താഴെയുള്ള , പുരാണങ്ങളിൽ അലയുന്ന നെല്ലിയോടും , നിയോക്ലാസിക്കൽ ഘടകങ്ങളെ ഉൾകൊള്ളുന്ന ഷാരടിയാശാനും , മനുഷ്യജീവിതത്തെ തന്റെ കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിച്ച ശിവരാമാശാനും പരാമർശിക്കപ്പെടുന്നുണ്ട് .
മറ്റൊരുവഴിയിൽ , നാട്യധർമിയിൽ അസാധ്യസ്വാധീനമുള്ളപ്പോഴും ലോകധർമിയുടെ ഉചിത (?)മായ ഉപയോഗം വഴി ഒരു തലമുറയെ സ്വാധീനിച്ച കൃഷ്ണൻ നായരാശാൻ. ഇനിയൊരു വഴിയിൽ കോട്ടയ്ക്കൽ കൃഷ്ണന്കുട്ടിനായരിലൂടെ മറ്റൊരു ധാരയും ഇതേ താവഴിയിൽ നിന്ന് വളർന്നുവന്നത് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് അടുത്ത ഖണ്ഡങ്ങളിൽ .
അന്വേഷണകുതുകിയും സൗന്ദര്യധാരകനുമായ കീഴ്പ്പടം വളർത്തിയ സദനം വഴി , അഞ്ചു പതിറ്റാണ്ടോളം ആദ്യാവസാന വേഷങ്ങളിൽ തിളങ്ങി ഭാവത്തെ ദേഹവൽക്കരിക്കുന്ന അഭിനയ സമ്പ്രദായം വളർത്തിയെടുത്ത് പലതിനും ഒരു benchmark ആയ രാമൻകുട്ടി ആശാൻ , കളിയരങ്ങിനേക്കാൾ കളരിയെ സ്നേഹിച്ച പദ്മാശാൻ .. അങ്ങനെ പട്ടിക്കാംതൊടി കളരിയുടെ ഓരോ മുഖങ്ങളാണ് ഈ ഓരോ വഴിയിലൂടെയും നേടിയത് എന്നും ഗ്രന്ഥകാരൻ പറയുന്നുണ്ട് .
കൊടുങ്ങല്ലൂർ പോകുന്നതിനു മുൻപ് പട്ടിക്കാംതൊടി ആശാൻ പരിശീലിപ്പിച്ച തേക്കിൻകാട്ടിൽ രാവുണ്ണിനായരെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട് . ഈയിടെ നടന്ന ഒരു പ്രഭാഷണത്തിൽ കണ്ണൻ ചേട്ടനും തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ ശൈലിയും പിന്നീട് പട്ടിക്കാംതൊടി കളരിയിൽ ശൈലിയും തമ്മിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നു . രാവുണ്ണി നായരുടെ സമ്പൂർണ്ണ ശിഷ്യനായ വി പി
രാമകൃഷ്ണൻ നായരുടെ അരങ്ങു പ്രവൃത്തി ചൂണ്ടികാണിച്ചായിരുന്നു ഈ പരാമർശം .
തുടർന്ന് തെക്കൻ ശൈലിയുടെ പ്രയോക്താക്കളെ കുറിച്ച് , മാങ്കുളം , കുടമാളൂർ , ചമ്പക്കുളം , ചെങ്ങന്നൂരാശാൻ , ശിഷ്യരായ മടവൂർ , മങ്കൊമ്പ് , ഹരിപ്പാട്ട് രാമകൃഷ്ണപിള്ള എന്നിവരെയൊക്കെ പരാമർശിച്ച ശേഷം അവരുടെ ശൈലികൾക്ക് ശക്തമായ ഒരു പിന്തുടർച്ച ഉണ്ടായില്ല എന്നും രാജാനന്ദൻ അഭിപ്രായപ്പെടുന്നു . ഇരുപതാംനൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കേരളത്തിലെ കഥകളിയുടെ ദേഹവും ദേഹിയും പട്ടിക്കാംതൊടി മാത്രമായി കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു . എന്നാൽ “മാത്രമായി ” എന്ന ഊന്നലിനോട് വ്യക്തിപരമായി എനിക്കുള്ള വിയോജിപ്പ് കൂടി ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.
വിവിധ കല്യാണസൗഗന്ധികങ്ങളെ പരാമർശിക്കുന്ന “കല്യാണസൗഗന്ധികങ്ങൾ” എന്ന ലേഖനം ഞാൻ കൂടുതൽ പരാമർശിക്കുന്നില്ല , അതേറെക്കുറെ വസ്തുതാവിവരണമാണ് എന്നാണ് തോന്നിയത് .
അടുത്ത് വരുന്ന “കളിവിളക്കിലെ തിരി നീട്ടാൻ “എന്ന ലേഖനം പ്രധാനമായും കഥകളിയിലെ ബോധന പ്രക്രിയയെക്കുറിച്ചാണ് . ആയോധനകലാ പാരമ്പര്യത്തിൽ നിന്നാണ് കഥകളി കളരികൾ തുടങ്ങുന്നത് എന്ന ഒരു ചിന്ത ഇവിടെ മുന്നോട്ട് വയ്ക്കപ്പെടുന്നുണ്ട് . കോട്ടയത്ത് തമ്പുരാന്റെ കളരിയിലെ ആദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ പടയാളികളായിരുന്നു എന്നൊരു observation വേറെവിടെയോ വായിച്ചതോർക്കുന്നു . കഥകളി വേണ്ട മറ്റു കലകളിലില്ലാത്ത ഉഴിച്ചിൽ തുടരേണ്ടതുണ്ടോ എന്നൊക്കെയുള്ള ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട് . ബോധനം എന്ന പ്രഭാഷണത്തിൽ വിശദമായി ഇക്കാര്യം പരാമർശിക്കുന്നുണ്ട് . ഡോ . പി . കെ . വാരിയരുടെ ഒരു പ്രസക്തമായ വാചകത്തോടെയാണ് ഈ ലേഖനം അവസാനിക്കുന്നത് . ” കഥകളി മുഖ്യമായി അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾ പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തുക ” .
“കഥകളി ആസ്വാദനത്തിനൊരു മുഖവുര “എന്നതാണ് അടുത്ത ലേഖനം . എങ്ങനെ അരങ്ങിൽ പ്രവർത്തിക്കാം എന്നതിന് ഒരാട്ടപ്രകാരം ഉള്ളതുപോലെ കഥകളി ആസ്വദിക്കാനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഒരു നോട്ടപ്രകാരം ഉണ്ടായിട്ടില്ല എന്ന പരിഭവ(?)ത്തോടെയാണ് ലേഖനം ആരംഭിക്കുന്നത് . പൂർണമായും അങ്ങനെയൊന്ന് പിന്തുടരണമെന്ന നിര്ബന്ധബുദ്ധിയില്ലെങ്കിലും , ഒരു പുതിയ ആസ്വാദകന് സഹായകമാകുന്ന ചില മാർഗ്ഗനിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതു നന്നായിരിക്കും എന്ന് എനിക്കും തോന്നുന്നുണ്ട് . “നിലാസ്സാധകം ” അതല്ല ലക്ഷ്യമിടുന്നതെങ്കിലും പലപ്പോഴും ആ കർത്തവ്യം നിർവഹിക്കുന്നുണ്ട് .
കഥകളിയുടെ രക്ഷാകർതൃത്വത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വന്ന മാറ്റം അതുവരെ നിലനിന്നിരുന്ന ആസ്വാദന രീതിയേയും ബോധ്യത്തെയും മാറ്റിമറിച്ചു എന്നും ഏതാണ്ടതേ സമയത്ത് തന്നെ പട്ടിക്കാംതൊടികളരിയും കലാമണ്ഡലവും അവതരണത്തിന് മുന്നേയുണ്ടായിരുന്ന ചിരന്തന സ്വഭാവമുള്ള ഒരു ചട്ടക്കൂട് തേച്ചുമിനുക്കി അടിയുറപ്പിച്ചെടുത്തു എന്നും ലേഖകൻ പറയുന്നു . എന്നാൽ മുന്നേ നിലനിന്നിരുന്നതും ഊട്ടിഉറപ്പിച്ചതുമായ അവതരണരീതി മാറി മാറി വന്ന ആസ്വാദക അഭിരുചികളുടെ തിരമാലകളെ അതിജീവിച്ച് നിന്നു എന്നും ലേഖകൻ പറയുന്നു .
അംഗം ശൈലീ ബദ്ധമായ സങ്കേതങ്ങൾ നിറഞ്ഞ കഥകളി ആസ്വദിക്കാൻ അടിസ്ഥാന ശിലകളെ നന്നായി മനസ്സിലാക്കണം . മുദ്രാവിന്യാസം , ഭാവപ്രകടനം , നൃത്തങ്ങൾ ഇവയ്‌ക്കെല്ലാം കഥകളിയുടേതായ ഉള്ള പ്രത്യേകതകളും രീതികളും ചിട്ടകളും ഉണ്ടെന്നും നല്ല ആസ്വാദനത്തിന് അത് മനസ്സിലാക്കിയിരിക്കണം എന്നും സാരം.
ഈ ചിട്ടപ്പെടുത്തലുകളെ പിന്തുടരുമ്പോഴും , അതിൽത്തന്നെ സ്വയമൊരു രംഗഭാഷ ഓരോ നടനും കണ്ടെത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുമുണ്ട് . രാമൻകുട്ടി നായരാശാനെയാണ് ഇവിടെ ഉദാഹരിക്കുന്നതെങ്കിലും , ഈ സാധ്യത ഏറ്റവും സമർത്ഥമായി ഉപയോഗിച്ചയാൾ ഗോപി ആശാനാണ് എന്നാണ് എനിക്ക് തോന്നുന്നത് .
ഒരു കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഥകളിയുടെ ഈ ചട്ടക്കൂടിന് കഴിയില്ല എന്നും കഥകളിയിൽ “ടൈപ്പുകളെ (വേഷങ്ങൾ ) ” ഉള്ളു എന്നും ഒരു നിരീക്ഷണം നിലവിലുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് അതൊരു പരിമിതിയാണെങ്കിൽ ആ പരിമിതിയാണ് കഥകളിയുടെ ശക്തി എന്ന് രാജാനന്ദൻ പറയുന്നു . ഒരുപക്ഷെ ഒരാസ്വാദകന് ഈ അഞ്ചാറു ടൈപ്പുകൾ എന്ന പരിമിതി കഥകളിയെ മനസ്സിലാക്കാൻ ഒരെളുപ്പമാർഗ്ഗവുമാകാം . പക്ഷെ ഈ ടൈപ്പുകൾക്കുള്ളിലെ സ്വാതന്ത്ര്യം ഉപയോഗിക്കാനറിയാവുന്ന ഒരു നടന് വേഷങ്ങളിൽ കഥാപാത്രങ്ങളെ നിർമിക്കാൻ കഴിയും എന്നാണു എന്റെ അഭിപ്രായവും കാഴ്ചാനുഭവവും .
അരങ്ങത്ത് വരുമ്പോൾ പൂർണമായും കഥാപാത്രമാവുക എന്ന രീതി ഭാരതീയ നാട്യസങ്കല്പത്തിലില്ല യെന്നും വൈകാരികത ഉള്ളിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളും അവരുടെ ആന്തരിക സംഘര്ഷങ്ങളും നാടകീയതയും അവതരിപ്പിക്കേണ്ടിവരുന്ന ഇതിവൃത്തവും ആട്ടക്കഥകളിലേക്ക് വന്നു തുടങ്ങുമ്പോൾ , കഥകളിയുടെ ചില മൗലിക ഘടകങ്ങൾ നഷ്ടമാകുന്നു എന്നും ലേഖകൻ പരിഭവിക്കുന്നു . വേഷത്തിനു മുകളിൽ കഥാപാത്രം വരുമ്പോൾ യഥാതഥമായ അവതരണത്തിന് കഥകളി നിര്ബന്ധിതമാകുന്നു . കഥാപാത്രങ്ങൾക്കുപരിയായ എല്ലാ പ്രകടനങ്ങളും അനൗചിത്യവും അനാവശ്യവുമായി തോന്നി തുടങ്ങിയിട്ടുണ്ട് . സമകാലീന കഥകളി ആസ്വാദനത്തിന്റെ ഭീകരമായ അവസ്ഥ എന്നാണ് രാജാനന്ദൻ വിശേഷിപ്പിക്കുന്നത് .
അതിനോട് യോജിച്ചുകൊണ്ട് ഒരു പ്രത്യേക സാഹചര്യത്തിൽ കർണ്ണൻ കെട്ടേണ്ടി വന്നപ്പോൾ കളി കഴിഞ്ഞു കീഴ്പ്പടം കുമാരൻനായരാശാൻ പറഞ്ഞകാര്യം ഒന്നെടുത്ത് പറയട്ടെ ” ഇത് ഇനിയും വേണ്ടിവരൂച്ചാൽ കാറൽമണ്ണ രണ്ടീസം കൂടി ഇതിനൊരു ഭാഷണ്ടാക്കണം – തീർച്ച ” .( ഈ ലേഖനത്തിലല്ല രാജാനന്ദൻ ഈ വാചകം ചേർത്തിട്ടുള്ളത് , ഇവിടെ പരാമർശിച്ചത് എന്റെ സാഹസമാണ് )
“പ്രത്യയം “എന്ന അടുത്തഭാഗം ഏറെക്കുറെ വിവിധ കലാകാരന്മാരെ കുറിച്ച് പല സന്ദർഭങ്ങളിലായി എഴുതിയ ലേഖനങ്ങളാണ് . “അനശ്വരനായ കീഴ്പ്പടം ” എന്ന ആദ്യ ലേഖനത്തിൽ ശ്രീ കീഴ്പ്പടം കുമാരൻനായരാശാനെ കുറിച്ചാണ് പറയുന്നത് . നേരത്തെ പറഞ്ഞ പട്ടിക്കാംതൊടി കളരിയിൽ നിന്നുള്ള തുടർച്ചകളുടെ അനുസ്യൂതിയിൽ ഒരിടർച്ച എന്നാണ് രാജാനന്ദൻ കീഴ്പ്പടത്തിന്റെ കഥകളി വീക്ഷണത്തെ കാണുന്നത് . ഗുരുവിന്റെ ശീലമര്യാദകൾ അതേപടി പകർത്തുമ്പോഴും അവതരണരീതികളിൽ വലിയ പരീക്ഷണങ്ങൾക്കു മുതിർന്ന നടൻ . മനോധർമ്മങ്ങൾ വഴി കാവ്യാത്മകതയിലും നാടകീയതയിലും ഊന്നിയുള്ള പരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റേതായി വന്നിട്ടുള്ളത് . മറ്റൊരവസരത്തിൽ വ്യത്യസ്ത കീചകന്മാരെ പരിചചയപ്പെടുത്തുമ്പോൾ സൈരന്ധ്രിക്കു പൂഞ്ചില്ല താഴ്ത്തി കൊടുക്കുന്ന പ്രേമാതുരനായ കീചകൻ എന്ന് അദ്ദേഹത്തിന്റെ കീചകവേഷത്തെ കുറിച്ച് പരാമർശമുണ്ട് .
കഥകളിയിലെ നൃത്ത വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളും ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു .
പക്ഷെ കളരിയിൽ പട്ടിക്കാംതൊടി കളരിയുടെ ശുദ്ധി അങ്ങനെ തന്നെ തുടരുകയും , തന്റെ ചിന്തകളെ ശിഷ്യരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്ത മഹാനാണ് കീഴ്പ്പടം എന്നും ലേഖനം വ്യക്തമാക്കുന്നു .
“അരങ്ങിലെ ശീലശുദ്ധി ” എന്ന അടുത്ത ലേഖനം രാമൻകുട്ടി നായരാശാനെ കുറിച്ചാണ് . രാജാനന്ദൻ എന്നും സൂക്ഷിച്ചുപോന്ന ചായ്‌വ് രാമന്കുട്ടിനായരാശാനെ കുറിച്ചുള്ള ഈ ലേഖനത്തിലും വ്യക്തമാണ് . കത്തിവേഷത്തിന്റെ വലുപ്പം മുതൽ തേപ്പിലെ സൂക്ഷ്മമായ വിശദശാംശങ്ങള് വരെ എങ്ങനെയിരിക്കണം എന്നതിന്റെ മാതൃകയും benchmark ഉം രാംകുട്ടിനായരാശാനാണ് എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു . അത്യധ്വാനമില്ലാതെ , പാത്രസ്വഭാവത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയുമില്ലാതെ അഞ്ചു പതിറ്റാണ്ടോളം കൊണ്ട് അദ്ദേഹം സൃഷ്ടിച്ചെടുത്ത ലാവണ്യ നിയമങ്ങളും ബോധ്യങ്ങളും കത്തിവേഷങ്ങളുടെ ആസ്വാദനത്തിനും താരതമ്യത്തിനുമുള്ള അലിഖിത മാർഗ്ഗരേഖകൾ ആണെന്ന സൂചനയും രാജാനന്ദൻ ഈ ലേഖനത്തിൽ നൽകുന്നുണ്ട് .
ആസ്വാദനം വ്യക്തിപരമാണെന്ന് അംഗീകരിക്കുന്നത് കൊണ്ടുതന്നെ കടുത്ത ഒരു സാമാന്യവൽക്കരണത്തിന് വ്യക്തിപരമായി ഞാൻ താല്പര്യപ്പെടുന്നില്ല . എങ്കിലും ഒരു കാര്യം ഉറപ്പ് വേഗവും വായുവും ഒക്കെ അനിയന്ത്രിതമാകുമ്പോൾ ഒരു പടപ്പുറപ്പാട് കഴിഞ്ഞിട്ട് നരകാസുരനും , രാവണനുമൊക്കെ നിന്ന് കിതയ്ക്കുന്നത് ഈയിടെ പലയിടത്തും കണ്ടിട്ടുണ്ട് . സ്വർഗത്തെത്തുമ്പോൾ ഈ നരകന് സ്വർഗ്ഗവാതിൽ തകർക്കാനാകുമോ എന്ന് സംശയം ഉണ്ടാകാറുണ്ട് ..എന്നാൽ അമിതാധ്വാനമൊന്നുമില്ലാതെ നല്ല അനുഭവം കൊടുക്കാൻ കഴിയും എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാന്റെ വേഷങ്ങൾ എന്ന് നിസ്സംശയം പറയാം .
കാവുങ്കൽ ചാത്തുണ്ണി പണിക്കരെക്കുറിച്ചുള്ള ലേഖനം പൊതുവെ ഒരു ജീവചരിത്ര സ്വഭാവം നിലനിർത്തുമ്പോൾ , “പുതിയകാല കളിയരങ്ങിലെ രംഗശിൽപ്പി “, “കഞ്ജദളം : വിജയകഥകളുടെ ഗോപിക്കുറി “എന്നീ ലേഖനങ്ങൾ ഗോപിയാശാനെ കൃത്യമായി വരച്ചിടുന്നു. നമുക്കെല്ലാമറിയുന്ന പല സവിശേഷതകളും എടുത്തുപറയുന്നതിനിടയിൽ രാജാനന്ദൻ ഉയർത്തുന്ന ഒരു ചെറുചോദ്യം ശ്രദ്ധേയമാണ് . “കളരി പാഠങ്ങൾ ഉള്ളതും ഇല്ലാത്തതും എന്ന രണ്ടുതരം കഥകൾ എന്ന അതിർവരമ്പ് തന്റെ വേഷങ്ങളിലൂടെ ഇല്ലാതാക്കിയതാണ് വലിയ സംഭാവന എന്ന് കണ്ടുകൂടേ ? ” ഈ ഉത്തരം തീർച്ചയായും എന്ന് തന്നെയാണ് . ആശാന്റെ നളനും രുക്മാൻഗദനുമെല്ലാം അദ്ദേഹത്തിന്റെ കാലകേയവധം അർജുനനറെ തുടർച്ചപോലെ സങ്കേതശുദ്ധമാകുന്നു എന്നതാണ് രാജാനന്ദൻ കാണുന്ന പ്രത്യേകത .
എനിക്കുതോന്നിയിട്ടുള്ള ഒരു കാര്യം ഗോപി ആശാൻ എപ്പോഴും അദ്ദേഹത്തിന്റെ വേഷത്തിന്റെ ഒരു കാണി കൂടിയാണെന്നതാണ് . മത്തവിലാസത്തിലെ ശിവനെപ്പോലെ .. ഒരു ആസ്വാദകൻ എങ്ങിനെയാണ് വേഷം അനുഭവിക്കുന്നത് എന്ന ചിന്തയുടെ ഉൽപ്പന്നമാണ് അദ്ദേഹത്തിന്റെ ഓരോ വേഷവും . അതാകാം അദ്ദേഹത്തിനെ വ്യത്യസ്തനും ആസ്വാദകർക്ക് പ്രിയങ്കരനും ആക്കുന്നത് .
“സ്വൈര വചനം സ്വകൃത രചനം ” എന്ന പേരിൽ വരുന്ന ലേഖനം ഹൈദരലി ആശാൻ മരിച്ച ശേഷം എഴുതിയ ഒരോർമ്മകുറിപ്പാണ് . കൂടുതലും അദ്ദേഹത്തെ കുറിച്ചുള്ള പരാമർശങ്ങൾ മാത്രം .
അടുത്ത രണ്ടു ലേഖനങ്ങൾ വെണ്മണി ഹരിദാസ് എന്ന അതുല്യ ഗായകനെകുറിച്ചാണ് . “ദാസോഹം “എന്ന ലേഖനം തുടങ്ങുന്നത് ആദ്യമായി ഒരു കഥകളിപദ C. D. വാങ്ങിയത് ഹരിദാസിന്റെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് . കർണാട് സംഗീതത്തിലുള്ള നല്ല ഗ്രഹിതം ഹരിദാസിന്റെ സംഗീതത്തിന് കൃത്യമായ രാഗഭാവങ്ങളും സ്വരശുദ്ധിയും നൽകിയിരുന്നു എന്ന് രാജാനന്ദൻ പറയുന്നു . എന്നാൽ അധിക ഭൃഗകൾ ഒക്കെ ഒഴിവാക്കി ഭാവാത്മകതയിൽ ഊന്നി നിന്നുകൊണ്ടുള്ള സ്നിഗ്ദ്ധമായ ആലാപനം .
ഒരു അഭിമുഖത്തിന്റെ ക്രോഡീകൃത രൂപമാണ് “വെണ്മണി ഒരു പ്രസ്ഥാന നായകനാകുന്നു “” എന്ന ലേഖനം , രാഗബോധവും അതുവഴി രാഗഭാവവും കൃത്യമായി ഉപയോഗിക്കുന്ന സൗന്ദര്യസങ്കല്പത്തിന്റെ സാക്ഷാത്കാരം എന്ന വിശേഷണത്തോടെയാണ് ഈ ലേഖനം ആരംഭിക്കുന്നത് . ജീവിച്ച്ചിരുന്ന കാലത്ത് M D R ഒരിക്കലും വേണ്ടരീതിയിൽ അംഗീകരിക്കപ്പെട്ടില്ല എന്ന കാര്യം ഒരു സത്യമാണ് . അത് പരാമർശിച്ച് ഹരിദാസിന്റെ പാട്ടാണ് പുതു തലമുറക്കാർ കേൾക്കുന്നതും പിന്തുടരുന്നതും എന്ന് പറയുക വഴി വേണ്ടരീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല ഹരിദാസ് എന്ന ഒരു ധ്വനിയാണ് രാജാനന്ദന്റെ വാക്കുകളിൽ നിന്ന് ഞാൻ വായിച്ചെടുക്കുന്നത് . വെണ്മണി ഒരു പ്രസ്ഥാനമാകുന്നത് തലമുറകളെ അതിജീവിക്കുന്ന പുനർ കേൾവികളിലൂടെയാണ് എന്ന് ഞാനും വിശ്വസിക്കുന്നു .
സ്വയമങ്ങു വികസിപ്പിക്കാൻ ഏതു തന്ത്രമാണ് ഉപയോഗിക്കേണ്ടതെന്നു തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ വെണ്മണി ഹരിദാസ് അതിലുമേറെ ഉയരത്തിലെത്തുമായിരുന്നു എന്നും രാജാനന്ദൻ പറയുന്നു . തിരിച്ചറിഞ്ഞിരുന്നെങ്കിലും ഹരിദാസ് അത് പ്രയോഗിക്കുമായിരുന്നോ എന്നെനിക്കു സംശയമാണ് .
ഈ പുസ്തകത്തിലെവിടെയോ തന്നെ വെങ്കിടകൃഷ്ണ ഭാഗവതരിൽ തുടങ്ങിയ ഭാവസംഗീത വഴി , രണ്ടാം ഘട്ടം തുടങ്ങുന്നത് ശങ്കരൻ എംബ്രാന്തിരിയിലൂടെയാണെന്നു വായിച്ചതോർക്കുന്നു . എന്നാലത് ഹരിദാസിന് അവകാശപ്പെട്ട സിംഹാസനമാണോ എന്ന് എനിക്ക് വ്യക്തിപരമായി തോന്നാറുണ്ട് . സ്വയമങ്ങു വികസിക്കാനറിയാത്ത എന്നാൽ സ്വയം ചെറുതാകാൻ വിഷമമില്ലാത്ത ഒരു മനുഷ്യന്റെ ഒതുങ്ങൽ .. അറിയില്ല ..
ശിവൻ തനിക്കുവേണ്ടി മാത്രം നൃത്തം ചെയ്യുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് .. സ്വയം ആസ്വദിച്ച് … ഹരിദാസിന്റെ പാട്ട് പലപ്പോഴും അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട് ..കുഞ്ചു നായർ ട്രസ്റ്റിന്റെ മൂന്നാംദിവസത്തിലെ “കാദ്രവേയ ..” എന്നും മനസ്സിൽ നിൽക്കുന്നു .
******************************************************************************************************************
സാമാന്യം നീണ്ടു പോയി ഈ പുസ്തകപരിചയം .. എന്നിരുന്നാലും പുസ്തകം മുഴുവൻ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നാണു എന്റെ ബോധ്യം . അതെന്റെ പരിമിതി മാത്രമാണ് . അത് കൊണ്ടുതന്നെ പുസ്തകത്തോട് പൂർണമായും നീതി പുലർത്താൻ കഴിഞ്ഞു എന്നും തോന്നുന്നില്ല . ഓരോ ലേഖനവും പ്രഭാഷണവും ഒരു പാട് ചോദ്യങ്ങളും ചിന്താവിഷയങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട് .. പക്ഷെ ചർച്ചകൾ അതിനനുസരിച്ച് ഉണ്ടാകുന്നുണ്ടോ എന്ന് സംശയം ..
ഏതായാലും ചർച്ചകൾ തുടരട്ടെ .. സന്തോഷം ..