പരിചയപ്പെടുത്തുന്നത്  മനോജ് കൃഷ്ണ എം

കഥയറിയാതെ ആട്ടം കാണരുത് എന്നൊരു ചൊല്ലു ബാല്യ കാലം തൊട്ടു കേൾക്കുന്നതാണ് , എന്നാൽ കഥ അറിഞ്ഞാലും പോരാ , കഥയ്ക്കപ്പുറമാണ് കളി എന്ന സത്യം ശരാശരി ആസ്വാദകരായ നമുക്കൊക്കെ പറഞ്ഞു തരുന്നതാണ്  ഡോ. മാധവന്കുട്ടിയുടെ “കളി കഥയ്ക്കപ്പുറം , കഥകളി കളിയരങ്ങിന്റെ പഠനം ” എന്ന പുസ്തകം .

എന്തുകൊണ്ട് ഒരു ശരാശരി കഥകളി ആസ്വാദകൻ ഈ പുസ്തകം വായിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരത്തോടുകൂടിയാണ്  ഋഷിതുല്യനായ ഡോ . പി കെ വാരിയർ തന്റെ ആമുഖക്കുറിപ്പ് ആരംഭിക്കുന്നത് . സങ്കേതബദ്ധമായ കഥകളി ആസ്വദിക്കാൻ ചിട്ടയായ സാങ്കേതിക ജ്ഞാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു  വെയ്ക്കുന്നു. അതിനു സഹായിക്കുന്നു ഈ ഗ്രന്ഥം എന്നത് വിതർക്കമാണ് .

“കഥകളിയരങ്ങത്ത്  പ്രമേയത്തിൽ (plot ) നിന്ന് അന്യമായി ഒരു പ്രയോഗം നിലനിൽക്കുന്നുണ്ട് ” എന്ന ഒരു പ്രസ്താവനയോടെ ആരംഭിക്കുന്ന പുസ്തകം പ്രധാനമായും target ചെയ്യുന്നതും കഥകളിയിലെ ഈ പ്രയോഗാംശത്തെയാണ് , പ്രയോഗത്തെ അക്ഷരങ്ങൾ കൊണ്ട് വരഞ്ഞിടാൻ എത്രത്തോളം കഴിയും  എന്ന ആശങ്ക  നിലനിർത്തിക്കൊണ്ടു തന്നെ.

ഇത് പറയുമ്പോഴും ഡോക്ടർ തന്റെ പുസ്തകം തുടങ്ങുന്നത് പ്രമേയ സംബന്ധിയായ ചില കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് , കാരണം  അരങ്ങത്ത് നടക്കുന്നതിന്റെ ആധാരം പ്രമേയമാണ്  എന്നത് തന്നെ . മൂല കഥയിൽ  തുടങ്ങി ഇതിവൃത്തത്തിലൂടെ   വികസിച്ച് ആട്ടക്കഥയിൽ അവസാനിക്കുന്നതാണ് പ്രമേയത്തിന്റെ മൂന്ന് ഘട്ടങ്ങൾ. എന്നാൽ ആട്ടക്കഥ എന്നത് സ്വന്തമായി ഒരു സാഹിത്യരൂപമാകുമ്പോഴും , അതിന്റെ പ്രാഥമിക കർത്തവ്യം കഥകളി എന്ന രംഗ കലാരൂപത്തിന്റെ സൃഷ്ടിക്കാധാരമായി വർത്തിക്കുക എന്നതാണെന്നും അങ്ങനെ വരുമ്പോൾ ഒരു സ്വതന്ത്ര സാഹിത്യ കൃതിക്ക് വേണ്ട ഗുണഗണങ്ങളല്ല മറിച്ച് കഥകളി ആവിഷ്കരിക്കുന്നതിനു പറ്റുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഒരാട്ടക്കഥയുടെ മേന്മയുടെ അളവുകോൽ എന്ന് ഈ പുസ്തകം പറഞ്ഞുവെയ്ക്കുന്നു . മുദ്ര കാണിക്കാനുള്ള സൗകര്യം , ലളിതമായ പ്രമേയം , സ്ഥൂലമായ സമീപനം ഒക്കെയാണ് ആട്ടക്കഥാ സാഹിത്യത്തെ കഥകളിക്ക് ഉതകുന്നതാക്കി തീർക്കുന്നത് . തുടർന്ന് പ്രമേയത്തിന്റെ ഘടനയെ കുറിച്ചൊക്കെ ആഴത്തിലുള്ള ചില വിശകലനങ്ങളും ഈ അധ്യായത്തിൽ നടത്തുന്നുണ്ട് .

ആട്ടക്കഥ ( പ്രമേയം ) എന്ന അസ്ഥിവാരത്തിൽ പടുത്തുയർത്തുന്ന  പ്രയോഗാംശങ്ങളുടെ മണിമന്ദിരമാണ് കഥകളി എന്ന് ഉറപ്പിക്കുന്ന ഗ്രന്ഥകാരൻ, അടുത്ത രണ്ടു അധ്യായങ്ങളും കഥകളിയിലെ പ്രയോഗാംശങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കഥയ്ക്കപ്പുറം അരങ്ങത്തു നടക്കുന്ന   കാര്യങ്ങൾ ആലോചിക്കുമ്പോൾ കടന്നു വരുന്ന രംഗപാഠം ( theatrical structures ), സ്ഥലം ഉപയോഗിക്കുന്ന വിധം (theatrical frame ) തലങ്ങൾ (levels )അഭൗമമായ കഥാപാത്രങ്ങൾ (celestial characters ), അതിയഥാതഥ്യമുള്ള പ്രമേയം (surrealistic themes ),അന്യവൽക്കരണം (alienation ) , കൃത്രിമ ചലനങ്ങൾ (artificial movements ) എന്നിവയെ കുറിച്ചാണ് ഈ ആദ്ധ്യായങ്ങൾ . ഓരോ വിഷയവും അതിന്റെ ഗൗരവം അനുസരിച്ചു വിശദീകരിച്ചിട്ടുണ്ട് ഗ്രന്ഥകാരൻ . എടുത്തെഴുതി വിസ്തരിക്കുന്നില്ലെങ്കിലും ചില കാര്യങ്ങൾ പറഞ്ഞു പോകണം എന്ന് തോന്നുന്നു .

രംഗപാഠത്തിന്റെ ഘടനാപരമായ ഭാഗം  പ്രതിപാദിക്കുന്നിടത്ത്  ആഹാര്യത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട് . കഥാപാത്രത്തിന്റെ ഗുണവ്യത്യാസം പരിഗണിച്ച്, വിഭജിച്ച്  ഒരു സാമാന്യവൽക്കരണം കഥകളിയിൽ നടത്തുന്നുണ്ട് . പച്ച , കത്തി , കരി അങ്ങനെ പോകുന്ന ആ വിഭജനം കേവലം ആഹാര്യപരം മാത്രമല്ല മറിച്ച് ആസ്വാദന പ്രക്രിയയെ ഏറെ സഹായിക്കുന്ന “സാധാരണീകരണം ” കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നത് .  കാലം ദേശം വ്യക്തി മുതലായ വിശേഷങ്ങൾ ഒഴിവാക്കി സാധാരണീകരിക്കപ്പെട്ട ശേഷമാണ് യഥാർത്ഥ ആസ്വാദനം നടക്കുന്നതെന്നും അദ്ദേഹം പറയുന്നു . രാവണന്റെയും ദുര്യോധനന്റെയും ശൃംഗാരത്തിൽ വ്യക്താധിഷ്ഠിതമായ പ്രവർത്തികൾ ഒഴിവാക്കി ഗുണാധിഷ്ഠിതമായി രജോഗുണപ്രധാനമായ (കത്തി ) ഒരു ശൃംഗാര  പ്രകടന രീതി എന്ന സാധാരണീകരണത്തെ കുറിച്ചാണ് അദ്ദേഹം പരാമർശിക്കുന്നത് എന്നാണു എനിക്ക് മനസ്സിലായത് . ഒരു വലിയ അളവിൽ ആസ്വാദനത്തെ ഈ സാധാരണീകരണം സഹായിക്കും എന്നു വിശ്വസിക്കുമ്പോളും കഥാപാത്രത്തിന്റെ നില പരിഗണിച്ചു ചില specific ആയ വ്യതിയാനങ്ങൾ അവതരണരീതിയിൽ കൊണ്ടുവരേണ്ട എന്ന ചിന്തയാണ്  എനിക്കുള്ളത് . നളനും ഭീമനും പച്ചയാകുമ്പോഴും രണ്ടുപേരിലും സമാനതകൾ ഏറെയുള്ളപ്പോഴും അവരുടെ വ്യക്തിത്വങ്ങളിലെ identity അംഗീകരിക്കേണ്ട എന്ന ശങ്ക . 

തുടർന്നങ്ങോട്ട് മുദ്രകളെയും കലാശങ്ങളെയും എല്ലാം കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന ഭാഗങ്ങളാണ്. ഓരോ മുദ്രയ്ക്കും തുടക്കം , തുടർച്ച , ഒടുക്കം എന്നീ ഘടകങ്ങൾ ഉണ്ടെന്നും ശരീരവും (ചുഴിപ്പ് , വട്ടം വയ്ക്കൽ …)  കണ്ണും കൂടി ഉപയോഗിച്ച് വേണം മുദ്ര പൂർണമാക്കാനെന്നും പറയുന്നത് ഓരോ കലാകാരനും മനസ്സിരുത്തേണ്ട കാര്യമാണ് . പതിഞ്ഞ പദങ്ങളിൽ പ്രത്യേകിച്ചും .. കലാശങ്ങളുടെ സ്വഭാവത്തെ  സ്വാധീനിക്കുന്ന ഘടകങ്ങൾ ചർച്ച ചെയ്യുന്നിടത്ത്  ഗ്രന്ഥകാരൻ താളങ്ങളെക്കുറിച്ചു സാമാന്യം ദീർഘമായി വിവരിക്കുന്നുണ്ട് , കുറഞ്ഞെങ്കിലും കഥാപാത്ര “നിലയെ “കുറിച്ചും

രംഗപാഠത്തിന്റെ പ്രക്രിയാപരമായ ഘടകങ്ങൾ വിവരിക്കുന്ന അടുത്ത ഭാഗത്ത് അംഗിരസത്തെ കുറിച്ചു പറയുമ്പോൾ  , വിഭവ, അനുഭാവ സഞ്ചാരി ഭാവങ്ങളെ കുറിച്ചും സ്ഥായി ഭാവത്തെ കുറിച്ചും കൃത്യമായ പരാമർശങ്ങൾ ഉണ്ട് . അംഗിരസ (പ്രധാന രസം ?) നിർണ്ണയത്തിൽ പ്രമേയത്തിനുള്ള (ആട്ടക്കഥയിലെ ശ്ലോകങ്ങൾ, പദങ്ങൾ … ) സ്ഥാനം പരാമർശിച്ച ശേഷം ഈ അംഗിരസത്തിന്റെ അടിസ്ഥാനത്തിലാണ് രംഗപാഠങ്ങളെല്ലാം ചിട്ടപ്പെടുത്തുന്നതെന്നും ഗ്രന്ഥകാരൻ പറഞ്ഞു വെയ്ക്കുന്നു .

പ്രയോഗാംശങ്ങളിൽ രംഗപാഠത്തിനായി ഒരധ്യായം മാറ്റിവെച്ച ഗ്രന്ഥകാരൻ അടുത്ത അധ്യായത്തിൽ  ബാക്കി 6 കാര്യങ്ങളേയും  കുറിച്ച് പ്രതിപാദിക്കുന്നു . ഏറെ വിജ്ഞാനപ്രദമാണ് ഈ അദ്ധ്യായം പ്രത്യേകിച്ചും സ്ഥലം ഉപയോഗിക്കുന്ന രീതിയെ കുറിച്ചുള്ള ഭാഗം. ഒരു ചെറിയ അരങ്ങ് എങ്ങിനെയാണ് സ്വർഗമായും  വനമായും മാറുന്നത് എന്നും മറ്റും ഘടനാപരമായ കാര്യങ്ങൾ വിവരിക്കുന്നിടത്ത് പരാമർശിക്കുമ്പോൾ പ്രക്രിയാപരമായ കാര്യങ്ങൾ വിവരിക്കുന്നിടത്ത് അരങ്ങ് എങ്ങിനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്നും അരങ്ങുപയോഗിക്കുന്ന കലാകാരന്മാർ ആ വിഭജനത്തെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും ചിത്രങ്ങൾ സഹിതം പറഞ്ഞിരിക്കുന്നു . സാമാന്യമായി സ്ഥാനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും ഇത്ര ശാസ്ത്രീയമായ അറിവ് ആദ്യമായാണ് ലഭിക്കുന്നത്.

തുടർന്ന് vertical ആയുള്ള രണ്ടു തലങ്ങൾ , അരങ്ങും പീഠവും , ഉയരക്കൂടുതൽ , ദൂരക്കൂടുതൽ , വലുപ്പ കൂടുതൽ , തിളക്കം(അരങ്ങിന്റെ ഇരുണ്ടകോണുകളിൽ നിന്നാടുമ്പോൾ ) , ഇരിപ്പിടം ഇവ സൂചിപ്പിക്കാൻ ഈ രണ്ടു തലങ്ങളെ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് ഉദാഹരണസഹിതം പറഞ്ഞു തരുന്നു. ഭൗമ കഥാപാത്രങ്ങളെ പോലും അഭൗമമാക്കി അവതരിപ്പിക്കുന്ന പ്രയോഗത്തെ കുറിച്ച് കുറഞ്ഞൊന്നു പറയുന്ന ഗ്രന്ഥകാരൻ തുടർന്ന് പറയുന്ന കാര്യം കൂടുതൽ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ് .

അതിയഥാതഥ്യമായ പ്രമേയങ്ങളാണ് കഥകളിക്കു കൂടുതൽ യോജിക്കുക, അല്ലെങ്കിൽ അത്തരത്തിലുള്ള പ്രമേയമെ കഥകളിക്ക് ഉൾക്കൊള്ളാനാകൂ എന്നദ്ദേഹം പറയുന്നു. വ്യക്തിപരമായി എനിക്ക് അതിനോട് പൂർണയോജിപ്പാണ്‌ . realism , അത് പ്രമേയത്തിലും, ആഹാര്യത്തിലും ,  അവതരണത്തിലും കഥകളിക്ക് എത്ര ഗുണം ചെയ്യുമെന്നത് വേറെ ചർച്ചചെയ്യേണ്ട വിഷയമാണ് .  അതുപോലെ തന്നെ നാടകവും നാടകീയതയും  എത്രവരെ കഥകളിയിൽ സ്വീകാര്യമാണ് എന്ന ചർച്ചയും . ഉദാ. ഡോൺ കിഹോത്തെ അതിയഥാതഥ്യമായ പ്രമേയം കൈകാര്യം ചെയ്യുമ്പോഴും , സ്പാനിഷ് theatre process ലൂടെ കടന്നു പോയി പുറത്ത് വന്നപ്പോഴേക്കും ആഹാര്യത്തിലും അരങ്ങു പാഠത്തിലും വന്ന റിയലിസത്തിന്റെ influence ഗുണം ചെയ്തോ എന്നത്   വ്യക്തിപരമായി എനിക്ക് സംശയമുള്ള കാര്യമാണ്. അതുപോലെ കിംഗ് ലിയർ ഒക്കെ.

അന്യവൽക്കരണം (alienation ), കൃത്രിമമായ ചലനങ്ങൾ എന്നിവയെകുറിച്ചുള്ള പരാമർശങ്ങളോട്  കൂടി പ്രയോഗാംശങ്ങളെ കുറിച്ചുള്ള ഭാഗം അവസാനിക്കുന്നു . 50 പേജുകളിലായി പരന്നു കിടക്കുന്ന ഈ മൂന്നധ്യായങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എത്ര തവണ refer ചെയ്തു എന്നെനിക്കറിയില്ല, വ്യക്തിപരമായി ചില അഭിപ്രായങ്ങളോട് പൂർണമായും യോജിക്കാനായിട്ടില്ല എങ്കിലും .

“സഫലമായൊരതിജീവനതന്ത്രം ” എന്ന അടുത്ത അദ്ധ്യായം മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ് . അത് വായിക്കേണ്ടത് നാട്യകല   എന്ന അടിസ്ഥാനത്തിൽ കഥകളിയെക്കാൾ മുന്നിലെന്ന് വ്യക്തിപരമായി എനിക്കഭിപ്രായമുള്ള കൂടിയാട്ടത്തിന്റെ അവസ്ഥയുമായി താരതമ്യം ചെയ്താണ് .മുക്കാൽ നൂറ്റാണ്ടോളം മുൻപ് കഥകളിയിൽ തുടങ്ങിയ അതിജീവന തന്ത്രത്തിന് സമാനമായി കഴിഞ്ഞ  രണ്ടു മൂന്ന് പതിറ്റാണ്ടുകൾ മുൻപ് മാത്രമാണ്  കൂടിയാട്ടം  തുടങ്ങിയ കലകൾ പ്രവർത്തിച്ചു തുടങ്ങിയത് എന്നാണ്  എന്റെ അഭിപ്രായം  , എന്നാൽ ഈ അഭിപ്രായം  എൻറെ മാത്രമാകാൻ സാധ്യതയില്ല എന്നാണു തോന്നുന്നത് . അരങ്ങ് , കളരി , സംഘാടനം എന്നീ മൂന്നു മേഖലകളിൽ അറിഞ്ഞും അറിയാതെയും സംഭവിച്ച നിരന്തരമായ മാറ്റങ്ങളാണ് കഥകളി എന്ന കലാരൂപത്തിന് കാലത്തെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത് എന്ന് ഗ്രന്ഥകാരൻ പറഞ്ഞു വെയ്ക്കുന്നു . കർതൃപാഠത്തിന്റെ പരിണാമ സാധ്യതകളെ  ഒഴിവാക്കിയാണ് ( പ്രാധാന്യം കുറച്ചാണ് ) അദ്ദേഹം തന്റെ ചിന്തകൾ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും , കർണ്ണശപഥം, ഒരു പരിധി വരെ കൃഷ്ണലീല പോലെയുള്ള ഉദ്യമങ്ങൾ എന്നിവ മാറ്റിനിർത്തിയാൽ പുതിയ ആട്ടക്കഥകൾ രംഗപ്രീതി നേടാത്തത്തിനു കാരണം പ്രമേയപരമായി ( കഥ, ഇതിവൃത്തം അതിലുപരി ആട്ടക്കഥ ) അവ പരിണാമത്തെ സ്വാംശീകരിച്ചില്ല എന്നതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . കർണ്ണശപഥം , പരമ്പരാഗത ആട്ടക്കഥാ ഘടനയെ ചോദ്യം ചെയ്തിട്ടും പാരമ്പര്യത്തെ ആശ്ലേഷിച്ചു നിന്ന പുതിയ കഥകളേക്കാൾ അരങ്ങുകൾ നേടി എന്ന യാഥാർഥ്യം ഇതിനു നമ്മെ നിർബന്ധിക്കുന്നു എന്നതല്ലേ സത്യം .(വ്യക്തിപരമായി കർണ്ണശപഥത്തിനെ ഘടനയോടു വിയോജിപ്പുള്ള ആളാണ് ഞാൻ , എങ്കിലും …) .. സ്ഥാപനവൽക്കരണത്തിന്റെ (കളരി , അരങ്ങ് എന്നിവ ) ഈ കാലഘട്ടത്തിൽ നിന്നും സമൂഹത്തിൽ വലിയ മാറ്റങ്ങൾ വന്നപ്പോൾ ജനിച്ച ഒരു തലമുറയുടെ കാലഘട്ടത്തിലേക്ക് പോകുമ്പോൾ അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങൾ വേണം കഥകളിക്ക് എന്ന ചിന്തയ്ക്കു കൂടി വിത്തിടുന്നതാണ് ജയത്തിന്റെ ചരിത്രം പറയുന്ന ഈ ഭാഗം ..

കഥകളിയിലെ  അഭിനയം എന്ന അടുത്ത അദ്ധ്യായം കോട്ടയത്ത് തമ്പുരാന്റെ കിർമീരവധം കഥകളിയുടെ ആദ്യ ഭാഗം അടിസ്ഥാനപ്പെടുത്തി കാഥകളിയുടെ അഭിനയ ശാസ്ത്രത്തെ വിശകലനം ചെയ്യകയാണ് . ഒരു ഉദാഹരണത്തെ ( ഏറ്റവും യോജിച്ചത് എന്ന് തന്നെ പറയാം ) അവലംബിച്ച്  വളരെ വിശദമായാണ് ഈ കർമം നിർവഹിക്കുന്നത് എന്നത് കൊണ്ടുതന്നെ ഏറെ ഹൃദ്യവുമാണ് .  ഭാവാഭിനയത്തെ കുറിച്ചും സിദ്ധാന്താനുസാരിയായ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ അഭിനയ രീതികളെക്കുറിച്ചും നല്ലൊരു reference ആണ് ഈ അദ്ധ്യായം .

അഭിനയത്തിന്റെ രീതികളെ കുറിച്ച് പറഞ്ഞുകഴിഞ്ഞ ശേഷം ഡോക്ടർ പരാമർശിക്കുന്നത് പതിഞ്ഞ പദങ്ങളെകുറിച്ചാണ് . രസം, വേഷം , താളം എന്നിവയെക്കുറിച്ചു കുറഞ്ഞൊന്നു പരാമർശിച്ചശേഷം ഗ്രന്ഥകാരൻ പതിഞ്ഞ പദങ്ങളെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ പങ്കുവെയ്ക്കുന്നു . ചില പതിഞ്ഞ പദ  ഉദാഹരണങ്ങൾ പരാമർശിച്ചശേഷം ആ പദങ്ങൾക്കെല്ലാമുള്ള പൊതു  സ്വഭാവങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ലളിതവൽകൃതമായ പ്രമേയം : കാര്യമായ സന്ദേശങ്ങളൊന്നും നൽകാത്ത, വഴിത്തിരുവുകളൊന്നും കഥയ്ക്ക് നൽകാത്ത സൗന്ദര്യ വർണ്ണന , പൂർവ്വ കഥാ വർണ്ണന തുടങ്ങി അതി ലളിതമായ പ്രമേയത്തെ കഥകളിയുടെ ചിട്ടവട്ടങ്ങൾ നിറച്ച് അവതരിപ്പിക്കുന്നു .

പ്രവേശം, പദം , ആട്ടം ,  നിഷ്ക്രമണം എന്നീ ചിട്ടകളിലൂടെ കടന്നു പോകുന്ന രീതിയാണ് പതിഞ്ഞപദങ്ങൾക്കും പൊതുവെ അനുവർത്തിക്കുന്നതെന്നു പറയുന്നു  ഗ്രന്ഥകാരൻ,  പദത്തിനകത്തെ നോക്കികാണൽ , പല്ലവി, വട്ടം വെച്ച് കലാശം , വിപുലീകൃത മുദ്രകൾ , ഇരട്ടി , മറുപടി പദം  എന്നീ അവാന്തര വിഭാഗങ്ങളെ കുറിച്ചും വിശദമായി അടുത്ത ഭാഗത്ത് പറയുന്നുണ്ട് . ഈ ഓരോന്നും ഉദാഹരണസഹിതം സാമ്യങ്ങളും വ്യത്യാസങ്ങളും  വിവരിച്ചു തരുന്നുമുണ്ട് . ഇപ്പറഞ്ഞവയുടെ ചിട്ടയെ സ്വാധീനിക്കുന്ന ഘടകങ്ങളായ കഥാസന്ദർഭം, നില, അംഗിരസം , വേഷം, താളം ആര് ആരോട് പറയുന്നു തുടങ്ങിയ കാര്യങ്ങളും പരാമർശ വിഷയമാകുന്നുണ്ട്. തിരഞ്ഞെടുത്ത 28 പതിഞ്ഞ പദങ്ങളുടെ വിവരങ്ങളും ഈ അധ്യായത്തിലുണ്ട് .

ഏതാണ്ട് നാല്പതോളം പേജുകളിൽ പരന്നു  കിടക്കുന്ന അടുത്ത അദ്ധ്യായം കഥകളിയിലെ ലളിതകളെകുറിച്ചാണ് . ലളിതയുടെ ലക്ഷണങ്ങൾ പൊതുവായി പറഞ്ഞ ശേഷം , ലളിതകൾ  എന്ന്  പൊതുവെ വിളിക്കപ്പെടുന്ന ശൂർപ്പണഖ (ഖരവധം ), സിംഹിക (കിർമ്മീരവധം ) , നക്രതുണ്ഡി (നരകാസുരവധം ) , പൂതന (പൂതനാമോക്ഷം ), ഹിഡുംബി (ബകവധം ) എന്നീ കഥാപാത്രങ്ങളെ ഓരോന്നായി എടുത്ത് വളരെ സൂക്ഷ്മമായും വിശദമായും വിശകലനം  ചെയ്യുന്നു ഗ്രന്ഥകർത്താവ് . പദങ്ങൾ എടുത്തുപറഞ്ഞും  മറ്റു ലളിതകളുമായുള്ള അവതരണ രീതിയിലെ സാമ്യങ്ങളും വ്യത്യാസങ്ങളും എടുത്ത് പറഞ്ഞും മുന്നേറുന്ന  ഈ അദ്ധ്യായം ഈ അഞ്ചു ലളിതകളെയും ഉർവ്വശിയേയും കുറിച്ചുള്ള ഒരു റഫറൻസ് ഗ്രന്ഥമാണ്.

കല്ലുവഴി ചിട്ടയുടെ  പ്രത്യേകതകളാണ് അടുത്ത അധ്യായത്തിൽ . പ്രമേയ പ്രയോഗ പരിണാമങ്ങളെ സ്വല്പമൊന്നു പരാമർശിച്ചശേഷം ഗ്രന്ഥകാരൻ അടുത്ത് പറയുന്നത് കല്ലുവഴി സമ്പ്രദായത്തിന്റെ ലക്ഷണങ്ങളാണ് . രംഗാവതരണ രീതിയിൽ ചില കഥാപാത്രങ്ങൾക്ക് ചില രംഗങ്ങളിൽ ഉള്ള  പ്രത്യേകതകൾ , ക്ഷേത്രശുദ്ധി , ഒതുക്കം , നില , തൗര്യത്രിക സമവായം, കളരി എന്നീ ആറു ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ഒരു വിവരണം നൽകി ആ അധ്യായം അവസാനിപ്പിക്കുന്നു .

തുടർന്നുള്ള അധ്യായങ്ങൾ കുറിച്ച് ചില പരാമർശങ്ങൾ മാത്രം നടത്തി ഈ പുസ്തകപരിചയം അവസാനിപ്പിക്കാം എന്ന് തോന്നുന്നു , നാല് അതുല്യ കലാകാരന്മാരെ പരാമർശിക്കുന്ന നാല് അദ്ധ്യായങ്ങൾ ഡോ . മാധവൻകുട്ടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആ കലാകാരന്മാരെ കുറിച്ച് പറയുമ്പോഴും അവരുടെ അരങ്ങു രീതികളിലൂടെ കഥകളി തന്നെയാണ് ഗ്രന്ഥകാരൻ വിവരിക്കുന്നത് . പ്രത്യേകിച്ച് പദ്മാശാന്റെ മൂന്നു പച്ചകളെ കുറിച്ച് പറയുമ്പോൾ സുഭദ്രാഹരണം അർജ്ജുനൻ , ബകവധം ഭീമൻ , ദക്ഷയാഗത്തിലെ ദക്ഷൻ എന്നീ ആദ്യാവസാന വേഷങ്ങളുടെ അരങ്ങു സവിശേഷതകളും അവതരണ രീതികളുമാണ് . പദ്മാശാന്റെ വലിയ രണ്ടു സംഭാവനകൾ കളരിയിൽ അദ്ദേഹം വളർത്തിയെടുത്ത ശിഷ്യ സമ്പത്തും , തന്റെ അറിവുകൾ രണ്ടു റഫറൻസ് ഗ്രന്ഥങ്ങളായി  ( കഥകളി വേഷം , ചൊല്ലിയാട്ടം ) രേഖപ്പെടുത്തി വെച്ചു എന്നതുമാണ്. ഈ അധ്യായത്തിൽ വളരെ ശ്രദ്ധേയമായി തോന്നിയ  കൂടി പറയട്ടെ , കല്ലുവഴി ചിട്ടയുടെ  signature പതിഞ്ഞു കിടക്കുന്നത് രണ്ടർജ്ജുനന്മാർ , രണ്ടു ഭീമന്മാർ , ഒരു ധർമ്മപുത്രർ എന്നിവയിലാണ് എന്ന   പരാമർശമാണ് .. അതിലൊരു കത്തി പരാമർശിച്ചു കണ്ടില്ല .. ഒരു നല്ല ഗവേഷണത്തിനുള്ള കരടാണ് ആ പരാമർശമെന്നു തോന്നുന്നു .

കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ , കോട്ടക്കൽ വാസു നെടുങ്ങാടി , കലാ. രാമൻകുട്ടി നായരാശാൻ എന്നിവരെ കുറിച്ചുള്ള ലേഖനങ്ങളും അവരുടെ വ്യക്തിപരമായ ചില കാര്യങ്ങൾ പറയുമ്പോഴും കഥകളിയെക്കുറിച്ചാണ് കൂടുതലും . രാമൻകുട്ടി ആശാന്റെ രീതികളെ കുറിച്ച് പറയുമ്പോൾ ചൊല്ലിയാടി ഉറപ്പിക്കുന്നതിന്റെയും ആവർത്തിച്ച് ചെയ്യുക എന്ന രീതിയുടെയും പരാമർശം കൃത്യമായി വരുന്നുണ്ട് . ഒരു പക്ഷെ അടുത്ത തലമുറ കളരിയിലെത്തുമ്പോൾ ബോധന രീതിയിൽ വരുത്താൻ നിർബന്ധിതമായേക്കാവുന്ന മാറ്റങ്ങൾ ഈ രീതികളെ അടിസ്ഥാനമാക്കി താരതമ്യം ചെയ്യാൻ നമ്മൾ അടുത്ത  പത്ത് വർഷത്തിൽ നിർബന്ധിതരായേക്കാം  ..

കേരള താള പദ്ധതിയെയും തായമ്പകയെയും  കുറിച്ചുള്ള  അധ്യായങ്ങളോടെ ഈ പുസ്തകം അവസാനിക്കുന്നു .

തീരത്ത് നിന്ന് കടൽ കണ്ടാസ്വദിക്കാം .. അതിനൊരു  വലിയ സൗന്ദര്യമുണ്ട് .. അൽപ്പം ഇറങ്ങി കാലു നനയ്ക്കാം .. അതൊരു അനുഭൂതിയാണ് .. കടലിലേക്കിറങ്ങി അതിന്റെ ആഴങ്ങളിലെ മുത്തും പവിഴവും കണ്ടെത്താം .. കഥകളി എന്ന സമുദ്രത്തിലേക്കിറങ്ങാൻ ധൈര്യം തരുന്ന പുസ്തകമാണ് ഡോ . മാധവൻകുട്ടി യുടേത് . എന്റെ മേശപ്പുറത്ത് റഫറൻസ് പുസ്തകങ്ങളായി കഥകളി വേഷം , ചൊല്ലിയാട്ടം , 101 ആട്ടക്കഥകൾ എന്നിവയ്ക്കുപുറമേ കൈ അകലത്തിൽ വെച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന പുസ്തകങ്ങളിൽ ഒന്നാണ് “കളി കഥയ്ക്കപ്പുറം “. ഞാൻ എഴുതിയതിൽ തെറ്റുകൾ ഉണ്ടെങ്കിൽ  ചൂണ്ടിക്കാണിക്കുക … നന്ദി ഡോക്ടർ …

Back To Top